മഞ്ചേരി: ലക്ഷദ്വീപിലേക്ക് ആഡംബര കപ്പല്‍ യാത്ര മുടങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി 40,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി. മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
2011 നവംബര്‍ 20ന് കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ യാത്രക്ക് പരാതിക്കാരനും കുടുംബവും 96,795 രൂപ മുടക്കി ആറ് ടിക്കറ്റുകള്‍ എടുത്തു. എ.എം.ഇ.ടി ക്രൂയിസ് കപ്പലിലാണ് യാത്ര ഉറപ്പിച്ചിരുന്നത്. എന്നാല്‍, കപ്പല്‍ അധികൃതര്‍ മുന്നറിയിപ്പില്ലാതെ മൂന്നുതവണ യാത്ര റദ്ദാക്കി. പരാതിക്കാരനും കുടുംബവും മൂന്നുതവണയും കൊച്ചിയിലത്തെി മടങ്ങേണ്ടിവന്നു.
ചെന്നൈ എ.എം.ഇ.ടി ഷിപ്പിങ് ഇന്ത്യ ലിമിറ്റഡ് ചെയര്മാന് ഡോ. ജെ. രാമചന്ദ്രന്, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ പി. ഭാരതി എന്നിവരെ കുറ്റക്കാരാക്കിയാണ് കേസ് ഫയല്‍ ചെയ്തത്. മോശപ്പെട്ട കാലാവസ്ഥ കാരണവും കടല്‍ക്ഷോഭം, കൊടുങ്കാറ്റ് എന്നിവ കാരണവും യാത്ര നീട്ടിവെക്കാറുണ്ടെന്നും മുന്നുദിവസം മുമ്പെ യാത്രക്കാരെ അറിയിക്കാറുണ്ടെന്നുമാണ് കമ്പനിയുടെ വാദം. കേസ് ഫയല്‍ ചെയ്തശേഷം ടിക്കറ്റ് തുക മടക്കി നല്‍കിയിരുന്നു.
മൂന്നുതവണ കൊച്ചിവരെ പോയി മടങ്ങിയതിന് 35,000 രൂപയും കോടതിചെലവായി 5000 രൂപയും നല്‍കാനാണ് വിധി.