Flash News

മോദി മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെത്തുമ്പോള്‍ കേള്‍ക്കാന്‍ 18,000 പേര്‍

September 27, 2014 , സ്വന്തം ലേഖകന്‍

Narendra Modiന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ വേദിയില്‍ നരേന്ദ്ര മോദി എത്തുമ്പോള്‍ അദ്ദേഹത്തെ കാണാനും ശ്രവിക്കാനുമായി എത്തുന്നത് ഔദ്യോഗിക പ്രതിനിധികളും വിഐപികളും ഉള്‍പ്പെടെ പതിനെണ്ണായിരത്തിലേറെ പേര്‍. ഗവര്‍ണര്‍ ഉള്‍പ്പെടെ 46 ഉന്നത ഉദ്യോഗസ്ഥരും 45 കോണ്‍ഗ്രസ് മെംബര്‍മാരും സദസില്‍ സന്നിഹിതരായിരിക്കും. 360 ഡിഗ്രിയില്‍ കറങ്ങുന്ന വേദിയില്‍ നിന്ന് മോദിയുടെ വാക്കുകള്‍ ഉയരുമ്പോള്‍ സദസില്‍ 2,600 ഓളം വിഐപികളും 16,000 വരുന്ന സാധാരണക്കാരായ ജനങ്ങളുമുണ്ടാവും. ഇതിനു പുറമെ ടൈംസ് സ്ക്വയറില്‍ ബിഗ് സ്‌ക്രീനിലും മോദിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇവിടെയും വന്‍ തിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും സദസില്‍ നേരിട്ടെത്തുന്നവരുടെ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമായെന്നും സംഘാടകരായ ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി ഫൗണ്ടേഷന്‍ (ഐഎസിഎഫ്) പ്രതിനിധികള്‍ അറിയിച്ചു.

സൗത്ത് കരോലിനയിലെ ആദ്യ വനിത ഗവര്‍ണറും, രണ്ടാമത്തെ ഇന്ത്യന്‍ അമെരിക്കന്‍ അംഗവുമായ നിക്കി ഹാലിക്കു പുറമെ സെനറ്ററും യുഎസ് വിദേശ സൗഹൃദ സമിതി അധ്യക്ഷനുമായ റോബര്‍ട്ട് മെന്‍‌ഡെസ്, സെനറ്റര്‍മാരായ ജോയ് ഡൊണേലി, കോറി ബൂക്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഇവര്‍ക്കു പുറമെ ഇന്ത്യന്‍- അമെരിക്കന്‍സ് ഉള്‍പ്പെടെയുള്ള 42 ഔദ്യോഗിക പ്രതിനിധികളെയും നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം സംഘാടകര്‍ ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കി. ഇന്ത്യന്‍ വംശജരായ നിരവധി പ്രമുഖരെ ക്ഷണിച്ചെങ്കിലും ബോബി ജിന്‍ഡാല്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നക്കുന്നതിനാല്‍ പരിപാടിക്ക് എത്തുന്നതിനുള്ള അസൗകര്യം അറിയിച്ചിട്ടുണ്ട്. രണ്ടു മണിക്കൂര്‍ നീളുന്ന വിനോദ പരിപാടിയും മോദിയുടെ സ്വീകരണത്തോടൊപ്പം ഒരുക്കിയിട്ടുണ്ട്.

രാവിലെ 8.30 നാണ് ഗാര്‍ഡന്‍റെ വാതില്‍ തുറക്കുക. 11.20 വരെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. 10 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമിലേക്ക് 12 മണിയോടെയാവും മോദി എത്തുക. ഒരു മണിക്കൂര്‍ നീളുന്ന അദ്ദേഹത്തിന്‍റെ പ്രസംഗം കൂടുതലും ഹിന്ദിയിലായിരിക്കും. വളരെ കുറച്ചു മാത്രമെ ഇംഗ്ലിഷ് ഉപയോഗിക്കു. 3.30 ഓടെ പരിപാടി അവസാനിക്കും. മോദിക്കായി വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഗാര്‍ഡനിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top