Flash News

സെല്‍‌വിയുടെ അടിമ ഇനി തമിഴ്‌നാട് മുഖ്യമന്ത്രി

September 29, 2014 , സ്വന്തം ലേഖകന്‍

PANEER JAYA

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതയുടെ വിശ്വസ്തന്‍ ഒ. പനീര്‍ശെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയാകും. ഇന്നലെ ജയലളിതയുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന നിയമസഭാകക്ഷി യോഗം അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞടുത്തു. ഇന്നു രാവിലെ 11ന് സത്യപ്രതിജ്ഞ. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനത്തിനു ശിക്ഷിക്കപ്പെട്ടതോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യയാക്കപ്പെട്ടതിനെത്തുടര്‍ന്നാണു ധനമന്ത്രി പനീര്‍ശെല്‍വത്തിന്‍റെ സ്ഥാനാരോഹണം.

2001ല്‍ ടാന്‍സി കേസില്‍ അറസ്റ്റിലായി രാജിവയ്ക്കേണ്ടിവന്നപ്പോഴും ജയ പനീര്‍ശെല്‍വത്തെയാണു പിന്‍ഗാമിയായി നിയോഗിച്ചത്. ഇത്തവണ നാദം വിശ്വനാഥന്‍, വി. സെന്തില്‍ ബാലാജി, തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ ഉപദേഷ്ടാവുമായ മലയാളിയായ ഷീല ബാലകൃഷ്ണന്‍ എന്നിവരുടെ പേരും പറഞ്ഞുകേട്ടിരുന്നെങ്കിലും ജയയുടെ പൂര്‍ണ പിന്തുണ പാര്‍ട്ടി ട്രഷറര്‍ കൂടിയായ പനീര്‍ശെല്‍വത്തിനായിരുന്നു.

നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തയുടന്‍ ഭവനമന്ത്രി ആര്‍. വൈദ്യലിംഗം, ഊര്‍ജ മന്ത്രി നാദം വിശ്വനാഥന്‍, ഹൈവേ മന്ത്രി ഇടപ്പാടി പളനിസ്വാമി എന്നിവര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ പനീര്‍ശെല്‍വം ഗവര്‍ണര്‍ കെ. റോസയ്യയെ കണ്ട് ഇക്കാര്യമറിയിച്ചു. വൈകുന്നേരത്തോടെ റോസയ്യ, പനീര്‍ശെല്‍വത്തെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു.

തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് 18 മാസം മാത്രം ശേഷിക്കെ ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ് അറുപത്തിരണ്ടുകാരന്‍ പനീര്‍ശെല്‍വത്തിന്. നാലു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ജയയ്ക്കു മേല്‍ക്കോടതിയില്‍ നിന്നു മോചനം കിട്ടുന്നില്ലെങ്കില്‍ പത്തുവര്‍ഷം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു മാറി നില്‍ക്കേണ്ടിവരും. അതുവരെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ചുമതലയാകും ശെല്‍വത്തിന്.

പനീര്‍ശെല്‍വം; പേര് അര്‍ഥമാക്കുന്നത് ധീരതയെയും ഉറച്ചനിലപാടുകളെയുമൊക്കെയാണെന്നു ജ്യോതിഷകാരന്മാര്‍ പറയും. ഈ പനീര്‍ശെല്‍വം ധീരനല്ല. ജയലളിത തളരുമ്പോഴൊക്കെ ശെല്‍വത്തിനും ഇടര്‍ച്ചയുണ്ടാകും. ഉറച്ചനിലപാട് ജയലളിതയോടുള്ള ആരാധനയിലും വിശ്വസ്തതയിലും മാത്രം. രണ്ടാംതവണയും ജയില്‍വാസകാലത്ത് തനിക്കു പകരം മുഖ്യമന്ത്രിക്കസേരയിലേക്കു പുരട്ചി തലൈവി നിയോഗിക്കുന്നത് പെരിയകുളത്തു നിന്നുള്ള “ചെറിയ’ നേതാവിനെത്തന്നെയായതു വെറുതേയല്ല.

നാലു വയസിന്‍റെ ഇളപ്പമേയുള്ളൂ അറുപത്തിരണ്ടുകാരന്‍ പനീര്‍ശെല്‍വത്തിന് ജയലളിതയുമായി. പെരുമാറ്റത്തില്‍ ശെല്‍വം പക്ഷേ, സെല്‍വിയുടെ ഓമനക്കുട്ടി. വനവാസത്തിനുപോയ ശ്രീരാമന്‍റെ പാദുകം വച്ചു ഭരിച്ച ഭരതനെപ്പോലെയാണ് 2001ല്‍ ജയലളിത കാരാഗൃഹവാസത്തിലായപ്പോള്‍ ശെല്‍വം ഭരിച്ചത്. ജയ ഇരുന്ന മുഖ്യമന്ത്രിക്കസേര പൂജിക്കാന്‍ മാത്രമുള്ളതായിരുന്നു വിശ്വസ്ത ദാസന്. മറ്റൊരു കസേര കൊണ്ടുവന്ന് അതിലിരുന്നു. താമസം പോയസ് ഗാര്‍ഡന്‍ ഔട്ട്ഹൗസില്‍.
സെല്‍വി ഉച്ചത്തില്‍ വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തിലിരുന്ന്, എന്തിനുമേതിനും സെല്‍വിയുടെ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു ശെല്‍വം ഭരിച്ചു. കേസിന്‍റെ നൂലാമാല നീങ്ങി തലൈവി “ജയ’ലളിതയായപ്പോള്‍ സന്തോഷത്തോടെ സ്ഥാനമൊഴിഞ്ഞു. ജയയുടെ മന്ത്രിസഭയില്‍ അംഗമായിരിക്കാന്‍ ഒരു മടിയുമുണ്ടായില്ല. കാണുമ്പോഴൊക്കെ കാല്‍തൊട്ടുവണങ്ങുന്ന പതിവിന് ഇന്നും മുടക്കമില്ല.

തേനി ജില്ലയിലെ പെരിയകുളത്തു മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ 1996ല്‍ തലൈവിയുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ഒപിഎസ് എന്ന് അറിയപ്പെടുന്ന ഒ. പനീര്‍ശെല്‍വത്തിന്‍റെ തലയിലെഴുത്ത് തിരുത്തിയത്. പാര്‍ട്ടിക്കു വേരോട്ടമുണ്ടാക്കിയ നേതാവിനെ 2001ല്‍ പെരിയകുളത്തു നിന്നു നിയമസഭയിലേക്കു നിര്‍ത്തി ജയിപ്പിച്ചു ജയ. ആദ്യ ഊഴത്തില്‍ പൊതുമരാമത്തു മന്ത്രിയായതും മാസങ്ങള്‍ക്കകം മുഖ്യമന്ത്രിയായതുമൊക്കെ ചരിത്രം. 2006-2011 കാലത്ത് ജയയുടെ അഭാവത്തില്‍ പ്രതിപക്ഷ നേതാവായ ശെല്‍വം ജയ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ധനകാര്യമാണു ലഭിച്ചത്. ഇപ്പോഴിതാ വീണ്ടും മുഖ്യമന്ത്രിപദം.

ഒന്നും മറക്കുന്നവനല്ല ശെല്‍വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ചായക്കട നടത്തിയിരുന്നു ചെറുപ്പത്തില്‍ ശെല്‍വവും. രാഷ്ട്രീയത്തില്‍ രാശി തെളിഞ്ഞിട്ടും പെരിയകുളത്തെ തന്‍റെ ആദ്യ ജീവനോപാധിയെ തള്ളിപ്പറഞ്ഞില്ല. ഇന്ന് ഒപിഎസിന്‍റെ സഹോദരനും മക്കളും ചേര്‍ന്നു നടത്തുന്നുണ്ട് പഴയ ആ ചായക്കട. നടന്നുവന്ന വഴികളോടുള്ള ഈ കൂറ് വഴിതെളിച്ച നേതാവിനോടുമുണ്ടാകും. അതുകൊണ്ടാണ് ശനിയാഴ്ച കോടതിയിലേക്കു പേകുമ്പോള്‍ ജയയ്ക്കുള്ള അത്യാവശ്യ മരുന്നുകളുമായി ശെല്‍വം പിന്നാലെയെത്തിയത്. ഇനിയും ജയ വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകും തമിഴ്നാടിന്‍റെ മുഖ്യമന്ത്രി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top