പ്രതാപന്‍െറ ഇടപെടല്‍ ഫലിച്ചു, മദ്യവില്‍പനയുടെ യഥാര്‍ഥ കണക്ക് സത്യവാങ്മൂലമായി നല്‍കാന്‍ നിര്‍ദേശം

pratahabanകൊച്ചി: 418 ബാറുകള്‍ അടച്ചശേഷം മദ്യ വില്‍പനയുടെ കണക്ക് സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ ഹൈകോടതി നിര്‍ദേശം. ഈ കാലയളവിലെ മദ്യവില്‍പന സംബന്ധിച്ച കണക്ക് റിപ്പോര്‍ട്ട് രൂപത്തില്‍ കോടതിക്ക് നേരത്തെ ബിവറേജസ് കോര്‍പറേഷന്‍ നല്‍കിയെങ്കിലും സെപ്റ്റംബര്‍ അവസാനം വരെയുള്ള യഥാര്‍ഥ കണക്ക് സത്യവാങ്മൂലമായി സമര്‍പ്പിക്കണം.

കോര്‍പറേഷന്‍ ഹൈകോടതിയില്‍ നല്‍കിയ കണക്കുകള്‍ അവാസ്തവും തെറ്റിദ്ധാരണാജനകവുമാണെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഉള്‍പ്പെടെ ചിലര്‍ വാര്‍ത്താസമ്മേളനം നടത്തിയതായും ഉപ ഹരജി നല്‍കിയിട്ടുള്ളതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ കോര്‍പറേഷന്‍ സമര്‍പ്പിച്ച കണക്കിന്‍െറ ആധികാരികത ഉറപ്പാക്കാന്‍ റിപ്പോര്‍ട്ടിന് പകരം സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം.

നേരത്തെ ഇതേ ഹരജിയിലാണ് ചില ബാറുകള്‍ പൂട്ടിയ ശേഷമുള്ള വില്‍പന സംബന്ധിച്ച കണക്ക് നല്‍കണമെന്ന് ബിവറേജസ് കോര്‍പറേഷനോട് കോടതി ആവശ്യപ്പെട്ടത്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 2014 ഏപ്രിലിന് ശേഷം ആഗസ്റ്റ് വരെയുള്ള അഞ്ച് മാസം ബിവറേജസ് കോര്‍പറേഷന്‍ മുഖേനയുള്ള വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 516.65 കോടിയുടെ വരുമാനം അധികമായി ലഭിച്ചുവെന്ന റിപ്പോര്‍ട്ടാണ് ബിവറേജസ് കോര്‍പറേഷന്‍ കോടതിക്ക് നല്‍കിയത്. ഇപ്പോള്‍ പ്രവര്‍ത്തനമില്ലാത്ത ബാറുകളുള്‍പ്പെടെ ഇതേ കാലയളവില്‍ കഴിഞ്ഞവര്‍ഷം 2720.69 കോടിയുടെ വില്‍പന നടത്തിയപ്പോള്‍ ഈ വര്‍ഷം ഇതേകാലയളവില്‍ 3237.34 കോടിയുടെ വില്‍പന നടന്നുവെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

സര്‍ക്കാറിന്‍െറ മദ്യനയത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് റിപ്പോര്‍ട്ടെന്നും ശരിയായ കണക്കല്ല ഇതെന്നും ചൂണ്ടിക്കാട്ടിയാണ് ടി. എന്‍. പ്രതാപന്‍ എം.എല്‍.എ ഉപഹരജി നല്‍കിയത്.

അതേസമയം, മദ്യനയം സംബന്ധിച്ച കേസിലെ വിധിപ്രസ്താവം ബുധനാഴ്ചയുമുണ്ടായില്ല. ഇനിയുള്ള നാല് ദിവസങ്ങള്‍ കോടതി അവധിയായതിനാല്‍ അടുത്ത തിങ്കളാഴ്ചക്ക് ശേഷമേ വിധി പുറപ്പെടുവിക്കൂവെന്ന് ഉറപ്പായി. കേസ് വിധി പറയാന്‍ മാറ്റിയശേഷവും ഇത് സംബന്ധിച്ച് സത്യവാങ്മൂലവും റിപ്പോര്‍ട്ടുകളും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.

Print Friendly, PDF & Email

Related posts

Leave a Comment