Flash News

“ഇന്ത്യന്‍ സായിപ്പന്മാരും, കര്‍മ്മയോഗിയായ നരേന്ദ്ര മോഡിയും — ന്യൂയോര്‍ക്ക്‌ സ്വീകരണത്തിന്റെ ബാക്കി പത്രം”

October 2, 2014 , കൃഷ്ണരാജ്

karmayogi

നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്ന് ഇനിയും വിശ്വസിക്കാതെ അദ്ദേഹത്തെ അന്ധമായി എതിര്‍ക്കുന്ന ഈ ഇന്ത്യന്‍ സായിപ്പന്മാര്‍ക്ക് മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒട്ടും പിടിക്കാത്തത്‌ സ്വഭാവികം. മോഡി ജയിച്ചാല്‍ ഇനി നാട്ടിലേക്കില്ല എന്നു പറഞ്ഞ ഇക്കൂട്ടര്‍, മോഡിക്ക്‌ വിസ നിഷേധിച്ച അമേരിക്കയുടെ നടപടി, മോഡിയുടെ കലാപത്തിലെ പങ്കിന്റെ തെളിവായും, കുപ്രസിദ്ധിയുടെ ഉദാഹരണമായും പാടി നടന്നിരുന്നു. മോഡി അധികാരത്തില്‍ വരുമെന്നു ഇവര്‍ ഒരിക്കലും കരുതിയില്ല. ദോഷം പറയരുതല്ലോ.. രാഷ്ട്രീയ ബോധവും, ലോക വിവരവും മലയാളം മീഡീയയിലൂടെ മാത്രം അറിയുന്ന ഒരാള്‍ അങ്ങനെ വിചാരിച്ചാല്‍ അതൊരു അത്ഭുതമല്ല. ഇലക്‌ഷനു ശേഷം മോഡി ജയിച്ചതിന്റെ വിഷമം ഉള്ളിലൊതുക്കി അസ്വസ്ഥതകള്‍ മറച്ചു വച്ചു, രാഷ്ട്രീയ കാര്യങ്ങളില്‍ താല്‍പര്യം ഇല്ല എന്ന ഭാവത്തില്‍ കഴിഞ്ഞു പോരുകയായിരുന്നു ഇക്കൂട്ടര്‍….. ..അപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാക്കി ഒബാമ ചുവന്ന പരാവതാനി വിരിച്ചു മോഡിയെ ക്ഷണിച്ചത്‌ ..തങ്ങളുടെ പാര്‍ട്ടിയുടെ പാവ പ്രധാനമന്ത്രി വന്നു പോകും പോലെ കോണ്‍സുലേറ്റിലെ അത്താഴ വിരുന്നും ഓവര്‍സീസ് പാര്‍ട്ടി പ്രധിനിധികളുടെ കൂടെയുള്ള ഫോട്ടോയും, എഴുതി വായിക്കുന്ന ഒരു പ്രസംഗവും കൊണ്ട്‌ തീരുന്നതാണ് ഈ സന്ദര്‍ശനം എന്നാണ് ഇവര്‍ കരുതിയത്‌.. .സത്യപ്രതിജ്ഞ ചെയ്തു പതിനഞ്ചു മിനിട്ട് പോലും അവധി എടുക്കാത്ത തികഞ്ഞ കര്‍മ്മ യോഗിയായ നരേന്ദ്ര മോഡിയെ അംഗീകരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി കുറച്ചെങ്കിലും ഇവര്‍ മനസ്സിലാക്കേണ്ടിയിരുന്നു.

ന്യൂയോര്‍കില്‍ തടിച്ചു കൂടിയ ഇരുപതിനായിരം ഇന്ത്യന്‍ വംശജരെ സാക്ഷി നിര്‍ത്തി അദ്ദേഹം നടത്തിയ പ്രസംഗം ഒരു മുതിര്‍ന്ന സഹോദരന്‍ തങ്ങളുടെ കുടുംബ വീടിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിദേശത്തുള്ള സഹോദരങ്ങളോട്‌ വിശദീകരിക്കുന്നതു പോലെ വികാര നിര്‍ഭരമായിരുന്നു. പുനര്‍ നിര്‍മാണത്തിനു ശേഷം സ്വഭവനത്തിലേക്ക് തിരികെ വരണമെന്ന് സ്നേഹത്തോടെ വിളിക്കാനും അദ്ദേഹം മറന്നില്ല. തന്റെ പ്രസംഗത്തില്‍ അദ്ദേഹം ആരെയും വിമര്‍ശിച്ചില്ല, രാഷ്ട്രീയമായി ഒന്നും സംസാരിച്ചില്ല. ഇന്ത്യയിലേക്കുള്ള വിസ നിയമങ്ങള്‍ ഇവിടെ സ്ഥിരതാമസമാക്കിയ എത്രയോ പേര്‍ നേരിടുന്ന ഒരു പ്രശ്നമാണ്‌ ? ഒരു പരാതി കൊടുക്കാതെ തന്നെ അതിനെ കുറിച്ചു പഠിച്ച്‌ ഗുണകരമായ തീരുമാനം പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുന്ന സുഹൃത്തുക്കളെ സമ്മതിക്കണം. നമ്മള്‍ സ്വീകരിച്ചാനയിക്കാറുള്ള മാറി മാറി വരുന്ന ഒരു പ്രധാനമന്ത്രിയോ കേരളത്തിന്റെ സ്വന്തം വിദേശ കാര്യമന്ത്രിയോ ഇങ്ങനെ ഒരു നിയമം നടപ്പിലാക്കി കണ്ടില്ല.

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്‍ കരയുന്നത് കാണണം എന്നു കരുതുന്നവര്‍ക്ക്‌ ഇന്ത്യയെ കുറ്റം പറയാനും, തരം താഴ്ത്തി കാണിക്കാനും ഒരു കാരണവും വേണ്ടല്ലോ… ഇനിയെങ്കിലും സ്വന്തം അമ്മയുടെ കുറ്റം പറഞ്ഞ് അയല്‍വീട്ടില്‍ ആളാവാന്‍ ശ്രമിക്കുന്ന ഈ വിലകുറഞ്ഞ നടപടികള്‍ നിര്‍ത്തി കൂടെ ? ഇപ്പോഴും തങ്ങളുടെ മുഖ പുസ്തകത്തില്‍ മോഡി വിരുദ്ധ പോസ്റ്റുകള്‍ കിടപ്പുണ്ടെങ്കിലും അവസരത്തിനൊത്തുയര്‍ന്നു മോഡിയുടെ നല്ല തീരുമാനങ്ങളെ അംഗീകരിക്കുകയും, ഈ സന്ദര്‍ശനത്തെ ഒരു ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ സന്ദര്‍ശനം എന്ന നിലയില്‍ കണ്ട ചിലരോടു അതിയായ ബഹുമാനമുണ്ട്‌.

മോഡി വിരുദ്ധരുടെ പ്രകടനം കാണാനും അദ്ദേഹത്തിന് എതിരെയുള്ള അമേരിക്കന്‍ ഇന്ത്യക്കാരുടെ വികാരം “എക്സ്‌ക്ലൂസിവ് ” ആയി പകര്‍ത്താനും വേണ്ടി മാത്രം വന്ന രാജ്‌ ദീപിന് , ഉരുളയ്ക്കുപ്പേരി പോലെ കിട്ടിയ മറുപടി അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്‌ മോഡി വിരുദ്ധ മാധ്യമങ്ങള്‍ ഇവിടത്തെ ജനവികാരം മനസ്സിലാക്കാന്‍ പറ്റാതെ പോയതിന്റെ തെളിവാണ്.

ഗാന്ധിജിയുടെ പേരു തെറ്റാതെ പറയുന്ന ഖദര്‍ധാരികള്‍ക്ക്‌ ഇന്നു ഗാന്ധിജിയുമായി ആകെയുള്ള ബന്ധം അതു മാത്രമാണ്‌. അമേരിക്കന്‍ സന്ദര്‍ശനത്തിലും തന്റെ ദിനചര്യകള്‍ നിഷ്‌ഠയോടെ പാലിക്കുന്ന നരേന്ദ്ര മോഡിയുടെ നിശ്ചയദാര്‍ഷ്ട്യം ഇന്ന് ഏത് രാഷ്ട്രീയ നേതാവിന്‌ അവകാശപ്പെടാന്‍ കഴിയും ? സിഖ് കലാപവും മോഡിയുമായിട്ട് എന്തു ബന്ധം? മുക്കാല്‍ ചക്രത്തിനു കൊടി പിടിക്കുന്നവര്‍ എല്ലായിടത്തും കാണും.

നരേന്ദ്ര മോഡിയോട് ഇനിയും അന്ധമായ വിരോധം കാത്തു സൂക്ഷിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്‌. ഒന്നു വേറിട്ടു ചിന്തിക്കൂ .. ഇന്നു നരേന്ദ്ര മോഡി ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌. അദ്ദേഹം പ്രവര്‍ത്തിക്കുന്നത് ജാതിമത പാര്‍ട്ടി പരിഗണനകള്‍ക്ക് ആതീതമായി ഓരോ ഇന്ത്യക്കാരന്റെയും, ഇന്ത്യയുടെയും പുരോഗതിക്കു വേണ്ടിയാണ്‌. വെറുതെ വിമര്‍ശിക്കാതെ നല്ലത് നല്ലതെന്നു പറയാനുള്ള മനസ്സ്‌ ഇനിയെങ്കിലും കാണിക്കൂ.. ലോക രാജ്യങ്ങള്‍ ഉറ്റു നോക്കുന്ന ഒരു വ്യക്തിത്വമാണ്‌ നരേന്ദ്ര മോഡിയുടേത്‌ എന്നത്‌ ഈ നൂറു ദിവസത്തിനുള്ളില്‍ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഒരിക്കല്‍ നിഷേധിച്ചതതൊക്കെ ഒന്നൊന്നായി വന്നു ചേരുമ്പോള്‍ ,ഒരിക്കല്‍ വിമര്‍ശിച്ചവരൊക്കെ പിന്‍മാറുമ്പോള്‍ ,അതിനു ശക്തി പകരുന്ന അദ്ദേഹം അര്‍ഹിച്ച ആവേശോജ്ജ്വലമായ സ്വീകരണം തന്നെയയായിരുന്നു മാഡിസണ്‍ സ്ക്വേയര്‍ ഗാര്‍ഡനിലേത്‌. ഒരു സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത പ്രതീതിയൂളവാക്കുന്ന രീതിയില്‍ ഈ സമ്മേളനം സംഘടിപ്പിക്കാന്‍ സാധിച്ച എല്ലാവരും പ്രശംസ അര്‍ഹിക്കുന്നു. ഇതില്‍ നാനൂറോളം മലയാളികളെ പങ്കെടുപ്പിച്ച ഒരു സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാനും അഭിമാനിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top