Flash News

ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ പുണ്യഭൂമി സജ്ജമായി

October 3, 2014 , ഖാലിദ് പുഴക്കര

h30_RTR39JY5-785x491മക്ക: അല്ലാഹുവിന്റെ അതിഥികളെ വരവേല്‍ക്കാന്‍ മിനാ താഴ്‌വര പൂര്‍ണ സജ്ജമായി. ഹാജിമാര്‍ മിനാ താഴ്‌വരയിലേക്ക് നീങ്ങിത്തുടങ്ങി. വെള്ളിയാഴ്ചയിലെ അറഫാ സംഗമത്തിന് തയ്യാറെടുക്കുന്ന ദിവസമാണിന്ന്. മക്കയിലെ വിശുദ്ധ ഹറമും പരിസരവും തൂവെള്ള പുതച്ച തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ തീര്‍ഥാടക ലക്ഷങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയരുന്ന തല്‍ബിയത്തിന്റെ ശബ്ദം നഗര വീഥികളെ കോരിത്തരിപ്പിക്കുകയാണ്. തീര്‍ഥാടകര്‍ മിനാ താഴ്‌വരയിലേക്ക് നീങ്ങുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ആരംഭമാകും. മക്കയിലെ താമസ സ്ഥലത്ത് നിന്ന് ബസിലും കാല്‍നടയായും പുറപ്പെടുന്ന തീര്‍ത്ഥാാടകര്‍ ഉച്ചക്ക് മുമ്പ് തന്നെ മിനായിലെ തമ്പുകളിലെത്തും. ‘തമ്പുകളുടെ നഗരം’ പിന്നെ വെള്ളിയാഴ്ച പുലരും വരെ പ്രാര്‍ഥനാ മുഖരിതമായിരിക്കും.

വെള്ളിയാഴ്ച പ്രഭാതത്തോടെ മിനായില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയുള്ള അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. പതിനാല് ലക്ഷം തീര്‍ഥാടകരാണ് ഇക്കൊല്ലം വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ സഊദിക്കകത്തു നിന്നുള്ളവരായിരിക്കും. വിദേശ തീര്‍ഥാടകര്‍ ഏറെക്കുറെ മക്കയിലെത്തിക്കഴിഞ്ഞു. മദീനയിലുള്ളവര്‍ ഇന്നലെ മുതല്‍ മക്കയിലേക്കുള്ള വഴിയിലാണ്. അവര്‍ ത്വവാഫും സഅ്‌യും നിര്‍വഹിച്ച ശേഷം നേരെ മിനായിലെ തമ്പുകളിലേക്കായിരിക്കും പോകുന്നത്. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആഭ്യന്തര ഹാജിമാരും മക്കയിലേക്കുള്ള വഴിയിലാണിപ്പോള്‍. ഇന്ന് വൈകുന്നേരത്തോടെ മിനാ താഴ്‌വര തീര്‍ഥാടക ലക്ഷങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടും. ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,36,000 പേരാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയിട്ടുള്ളത്. ഇതില്‍ 46 പേര്‍ മരണപ്പെടുകയും രണ്ട് തീര്‍ഥാടകര്‍ ഇവിടെ എത്തിയ ശേഷം പ്രസവിക്കുകയും ചെയ്തു.

കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി മുഖാന്തിരം 6898 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 10,000 ത്തിലേറെ പേരും ഈ വര്‍ഷമെത്തിയിട്ടുണ്ട്. ഹറമില്‍ നിര്‍മ്മാണ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും തീര്‍ഥാടകരുടെ എണ്ണം ഗണ്യമായ തോതില്‍ കുറച്ചിട്ടുണ്ട്. അതിനാല്‍ താരതമ്യേന തിരക്ക് കുറഞ്ഞ ഹജ്ജായിരിക്കും ഈ വര്‍ഷത്തേത്. പുണ്യ സ്ഥലങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന നല്ല കാലാവസ്ഥയും കൂടി കണക്കിലെടുത്താല്‍ ഈ വര്‍ഷം ഹജ്ജിനെത്തിയവര്‍ക്ക് ഏറെ സുഗമമായി ഹജ്ജ് ചെയ്യാന്‍ സാധിക്കും. ഹാജിമാരെ വരവേല്‍ക്കാന്‍ പുണ്യ നഗരങ്ങള്‍ പൂര്‍ണ സജ്ജമായി. മക്കയിലും മിനായിലും പതിനായിരക്കണക്കിന് സന്നദ്ധ ഭടന്‍മാരെ വിന്യസിച്ചിട്ടുണ്ട്.

ഹജ്ജിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന വിധത്തില്‍ യാതൊരുവിധ രാഷ്ട്രീയ പ്രകടനങ്ങളോ മറ്റോ അനുവദിക്കുകയില്ലെന്ന് മിനായിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top