Flash News

യേശുദാസ് ജീന്‍സില്‍ തൊട്ടു; കൈപൊള്ളി

October 3, 2014 , സ്വന്തം ലേഖകന്‍

imagesതിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ മോശം ഭാഷയില്‍ പൊതുവേദിയില്‍ സംസാരിച്ചു പ്രതിഷേധം ഏറ്റുവാങ്ങിയ ഡോ. കെ.ജെ. യേശുദാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ അതിനു തയ്യാറാകുമോ എന്നും പോലീസ് സ്വമേധയാ കേസ് എടുക്കുമോ എന്നും ഉറ്റുനോക്കുകയാണ് സ്ത്രീ സംഘടനകള്‍.

ഇതില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഘടനകള്‍പെടും. കേസെടുക്കാനും യേശുദാസിനെ അറസ്റ്റു ചെയ്യാനും സംസ്ഥാനത്തെ ഭരണ മുന്നണിക്കുള്ളിലും സമ്മര്‍ദമുണ്ടെന്നാണു വിവരം. അതുവഴി രണ്ടു ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കുമെന്നാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്കും പാര്‍ട്ടിയിലെയും മുന്നണിയിലെയും ഒരു വിഭാഗം സഹപ്രവര്‍ത്തകര്‍ നല്‍കുന്ന ഉപദേശം. ഒന്നാമതായി, ബാര്‍ വിവാദവും സാമ്പത്തിക പ്രതിസന്ധിയും നികുതി വര്‍ധനവും ഉള്‍പ്പെടെ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന വിവാദങ്ങള്‍ മാധ്യമങ്ങളില്‍ നിന്നു മാറിനില്‍ക്കും. യേശുദാസിനെ മുഖ്യ ആകര്‍ഷണമായി അവതരിപ്പിച്ച് ഗന്ധര്‍വ സന്ധ്യ പോലുള്ള വമ്പന്‍ ഷോകള്‍ നിരന്തരം സംഘടിപ്പിക്കുന്ന കൈരളി ടിവിയുടെ ഉടമകളായ സിപിഎം നേതൃത്വത്തിന് അദ്ദേഹം പറഞ്ഞ കാര്യങ്ങളോടുള്ള നിലപാടു വ്യക്തമാക്കേണ്ടിവരും. അതും ചര്‍ച്ചയായി മാറുന്നത് മറ്റു വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും.

എന്നാല്‍ യേശുദാസിനെപ്പോലെ ലോക പ്രശസ്തനായ ഒരാളെ അറസ്റ്റു ചെയ്യുന്നതു പോയിട്ട്, അദ്ദേഹത്തിനെതിരേ കെസുടുക്കുന്നതുപോലും അനാവശ്യ കുഴപ്പം സൃഷ്ടിക്കലാണെന്നു വാദിക്കുന്നവരുമുണ്ട്. പ്രശ്‌നത്തില്‍ വേണമെങ്കില്‍ യേശുദാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്താവുന്ന പശ്ചാത്തലമാണു പ്രസംഗത്തിനുള്ളത് എന്ന അഭിപ്രായം നിയമവിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിക്കു നല്‍കിയതായാണു സൂചന. ഇനി തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സ്ത്രീ സംഘടനകള്‍ ആലോചിക്കുന്നത്. അത്തരമൊരു സ്ഥിതി ഉണ്ടായാല്‍ കോടതിയില്‍ നിന്നു സര്‍ക്കാരിനും പോലീസിനും വിമര്‍ശനം കേള്‍ക്കേണ്ടി വരികയും പുറമേ കേസെടുക്കേണ്ടി വരികയും ചെയ്‌തേക്കാം.

സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ ജീന്‍സിനും അപ്പുറത്തുള്ളത് കാണാന്‍ പുരുഷന്മാര്‍ക്ക് തോന്നും, ദയവു ചെയ്ത് ജീന്‍സ് ധരിച്ച് പുരുഷന്മാരെക്കൊണ്ട് വേണ്ടാതീനം ചെയ്യിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിക്കരുത് എന്നീ പരാമര്‍ശങ്ങള്‍ സ്ത്രീകളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്നതാണ് എന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു വ്‌സ്ത്രത്തോടുള്ള വിയോജിപ്പിനപ്പുറം, ആ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ പരിഹസിക്കാന്‍ യേശുദാസ് ശ്രമിച്ചു എന്നാണു വാദം. സ്ത്രീകളുടെ അന്തസിനു കോട്ടം വരുത്തുന്ന ആംഗ്യം പോലും നിയമവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന നിയമഭേദഗതി നിലവില്‍ വന്നിട്ട് ഏറെയായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുവേദിയില്‍ നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാന്നിധ്യത്തില്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ അതീവ ഗുരുതരമായി വ്യാഖ്യാനിക്കാം എന്നാണ് നിയമവിദഗ്ധരുടെ പക്ഷം.

അതേസമയം, യേശുദാസ് പറഞ്ഞതിനോടു യുഡിഎഫില്‍ തന്നെ യോജിക്കുന്നവരുമുണ്ട്. മുസ്്‌ലിം ലീഗ് നേതൃത്വം ഈ നിലപാടിലാണ്. പുരുഷനെപ്പോലെ വസ്ത്രം ധരിക്കുന്നത് സ്ത്രീകള്‍ ഒഴിവാക്കണം എന്ന് ലീഗ് പക്ഷ പണ്ഡിതന്മാര്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് യേശുദാസും പറഞ്ഞത്. യേശുദാസിനെതിരേ കേസ് വേണോ വേണ്ടയോ എന്നല്ല , സ്വയം കേസ് എടുക്കണോ കോടതി ഇടപെട്ടശേഷം മതിയോ എന്ന ആശയകക്കുഴപ്പത്തിലാണ് സര്‍ക്കാരും പോലീസും. യേശുദാസാകട്ടെ പറഞ്ഞത് മാറ്റിപ്പറയുന്ന സൂചനകള്‍ നല്‍കുന്നുമില്ല. ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന ശുചിത്വ കേരളം പരിപാടിയില്‍ പങ്കെടുത്തായിരുന്നു യേശുദാസ് വിവാദ പ്രസംഗം നടത്തിയത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top