ദൂരദര്‍ശനെയും ആകാശവാണിയെയും മോഡി വരുതിയിലാക്കുന്നു

10_modi_ec_jpg_164_1875572fന്യൂദല്‍ഹി: ആകാശവാണി, ദൂരദര്‍ശന്‍ അടക്കമുള്ള ഒൗദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യാനുള്ള നരേന്ദ്രമോഡി സര്‍ക്കാറിന്‍െറ നീക്കം വിമര്‍ശിക്കപ്പെടുന്നു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നടത്തിയ പ്രഭാഷണം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തതാണ് ഒടുവില്‍ വിവാദമായത്. ബി.ജെ.പി നീക്കം മതേതര ഇന്ത്യയില്‍ അപകടകരമായ കീഴ്‌വഴക്കമാകുമെന്ന് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും കുറ്റപ്പെടുത്തി. ദൂരദര്‍ശന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണെന്ന് കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു. ആര്‍.എസ്.എസിന്‍െറ മാധ്യമമാകാന്‍ ദൂരദര്‍ശനെ അനുവദിച്ചതില്‍ വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്ന് സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ ആവശ്യപ്പെട്ടു.

നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ദൂരദര്‍ശനനെയും ആകാശവാണിയെയും വരുതിയിലാക്കാന്‍ ഊര്‍ജിതശ്രമമാണ് നടക്കുന്നത്. സര്‍ക്കാറുമായി ബന്ധപ്പെട്ട എക്സ്‌ക്ലൂസീവ് വാര്‍ത്തകള്‍ ഈ മാധ്യമങ്ങള്‍ വഴിയേ നല്‍കൂ എന്ന് ആദ്യം ഉത്തരവിറക്കി. പിന്നീട്, പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഒൗദ്യോഗിക വിദേശയാത്രകളില്‍ ഈ രണ്ട് മാധ്യമങ്ങളുടെയും പ്രതിനിധികളെ മാത്രമേ കൂട്ടിയിരുന്നുള്ളൂ. മറ്റ് മാധ്യമങ്ങളുടെ പ്രതിനിധികള്‍ സ്വന്തം ചെലവിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശമുണ്ടാകുമ്പോള്‍ വിദേശത്തുപോകുന്നത്.

ദൂരദര്‍ശനെയും ആകാശവാണിയെയും വരുതിയിലാക്കാനുള്ള നീക്കത്തിന്‍െറ ആദ്യപടിയായിട്ടായിരുന്നു ഈ നീക്കങ്ങള്‍ എന്ന് ഇപ്പോള്‍ വ്യക്തമാകുകയാണ്. സര്‍ക്കാര്‍ പരിപാടികളുടെ പ്രചാരണത്തിനു മാത്രമല്ല, പാര്‍ട്ടിയുടെയും ആര്‍.എസ്.എസിന്‍െറയും പ്രചാരണത്തിനും ഇപ്പോള്‍ ഈ മാധ്യമങ്ങള്‍ വഴിവിട്ട് ഉപയോഗിക്കുകയാണ്.
ആകാശവാണി വഴി മന്‍ കി ബാത്ത് എന്ന പ്രഭാഷണത്തിന് മോഡി തുടക്കമിട്ടിരിക്കുകയാണ്. ഖാദി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കണമെന്നും സ്വച്ഛ് ഭാരതം കാമ്പയിനില്‍ രാഷ്ട്രം പൂര്‍ണമായി പങ്കാളികളാവണമെന്നുമായിരുന്നു ആദ്യ പ്രഭാഷണത്തിലെ ആഹ്വാനം.

വിജയദശമി ആശംസകളോടെയാണ് സംഭാഷണം ആരംഭിച്ചത്. രാജ്യം സര്‍ക്കാറിന്‍െറതല്ല, ജനങ്ങളുടെതാണെന്നു പറഞ്ഞ മോഡി രാജ്യം അതിന്‍െറ കരുത്ത് മറന്നുപോകരുതെന്ന് ഓര്‍മപ്പെടുത്തി. മുഴുവന്‍ ജനങ്ങളും ഒന്നിച്ചു മുന്നേറാന്‍ തയാറാവണം. ഒരോരുത്തരം ഒരടി മുന്നോട്ടുവെക്കുമ്പോള്‍ രാജ്യം 125 കോടി അടികള്‍ മുന്നിലത്തെുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റേഡിയോ വഴി മാസത്തില്‍ ഒരു തവണ പ്രഭാഷണം നടത്താനാണ് മോഡിയുടെ പദ്ധതി.

ദൂരദര്‍ശന്‍ മുഴുസമയം സംപ്രേഷണം ചെയ്ത ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്‍െറ നാഗ്പൂര്‍ പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. സാമൂഹിക പരിഷ്കരണമെന്ന കാലിക പ്രസക്തമായ വിഷയത്തെക്കുറിച്ചാണ് മോഹന്‍ ഭഗവത് സംസാരിച്ചതെന്ന് മോദി പറഞ്ഞു. ആര്‍.എസ്.എസിന്‍െറ സ്ഥാപക ദിനത്തില്‍ സംഘടനാ പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു.

ഭഗവതിന്‍െറ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തതിനെതിരായ വിമര്‍ശം വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ തള്ളി. പ്രസാര്‍ഭാരതി സ്വന്തംനിലക്കാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സ്വകാര്യ ചാനലുകള്‍കൂടി സംപ്രേഷണം ചെയ്ത, വാര്‍ത്താമൂല്യമുള്ള പ്രസംഗത്തോട് എതിര്‍പ്പുയര്‍ത്തുന്നത് മനസ്സിലാവുന്നില്ല. ദൂരദര്‍ശനെ എന്തിനു വിലക്കണം? മുന്‍കാല സര്‍ക്കാറുകളുടെ എതിര്‍പ്പു കൊണ്ടാകാം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യാത്തത്. കോണ്‍ഗ്രസിന്‍െറയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെ ലൈവ് പ്രസംഗങ്ങള്‍ ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യാറുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സംപ്രേഷണം ചെയ്യാത്ത പ്രസംഗം പൊടുന്നനെ വാര്‍ത്താമൂല്യമുള്ളതായി ഇക്കൊല്ലം മാറിയതിനെക്കുറിച്ച് ഒരു വാര്‍ത്താലേഖകന്‍ മന്ത്രിയോട് ചോദിച്ചു. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ദൂരദര്‍ശന്‍െറ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

വ്യക്തിയെക്കാള്‍ വലുതാണ് രാഷ്ട്രമെന്ന് വിശ്വസിക്കുന്ന ദേശീയവാദി സംഘടനയാണ് ആര്‍.എസ്.എസെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. ഇപ്പോഴെങ്കിലും ഇത്തരമൊരു പരിഗണന കിട്ടിയത് ഉചിതമായെന്ന് ബി.ജെ.പി വക്താവ് എന്‍.സി. ഷെയ്ന കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് അപകടമാണ്. ആര്‍.എസ്.എസ് ഹിന്ദുവര്‍ഗീയ സംഘടനയാണ്. മറ്റു സമുദായങ്ങള്‍ ഇതേപോലെ തങ്ങളുടെ പരിപാടി സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ ദൂരദര്‍ശന്‍ പരിഗണിക്കുമോ? -ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ രാമചന്ദ്ര ഗുഹ ചോദിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News