Flash News

റേഷന്‍ കട കം‌പ്യൂട്ടര്‍‌വത്ക്കരണം; അരലക്ഷം കുടുംബങ്ങള്‍ ഔട്ട്

October 6, 2014 , സ്വന്തം ലേഖകന്‍

ration-cardതിരുവനന്തപുരം : റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്ന പ്രവര്‍ത്തനം റേഷന്‍ കട കംപ്യൂട്ടര്‍വത്കരണത്തിന്‍റെ പേരില്‍ സ്തംഭിപ്പിച്ച ഭക്ഷ്യ വകുപ്പിന്‍റെ നടപടി ദരിദ്രകുടുംബങ്ങളെ പട്ടിണിയിലാക്കി. നവംബര്‍ ഒന്നു മുതല്‍ നടപ്പിലാകുന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ പരിധിയില്‍നിന്ന് കേരളത്തിലെ അരലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ പുറത്താകും. ഇതോടെ കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയിലെത്തും. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ (ബിപിഎല്‍) പട്ടിക പുതുക്കാത്തതും പുതിയ അപേക്ഷകര്‍ക്കു കാര്‍ഡുകള്‍ നല്‍കാത്തതുമാണു ഗുരുതരമായ സ്ഥിതി വിശേഷത്തിനിടയാക്കിയത്.

റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍വത്കരണത്തിന്‍റെ പേരില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍, കംപ്യൂട്ടര്‍വത്കരണത്തിനുള്ള നടപടികളാകട്ടെ പുരോഗമിക്കുന്നുമില്ല. കെല്‍ട്രോണ്‍ അടക്കമുള്ള സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യ കമ്പനികള്‍ക്കു കരാര്‍ നല്‍കാന്‍ നടത്തുന്ന നീക്കങ്ങളാണ് കംപ്യൂട്ടര്‍വത്കരണ പദ്ധതിയെ അട്ടിമറിക്കുന്നത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സമയപരിധി പൂര്‍ത്തിയായിക്കഴിഞ്ഞു. സമയപരിധിക്കുള്ളില്‍ ബിപിഎല്‍ കാര്‍ഡുകള്‍ ലഭിച്ചവര്‍ക്കും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും മാത്രമേ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കൂ. നിയമത്തില്‍ പരിഗണിക്കേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ഭക്ഷ്യ വകുപ്പ് ഇതു സംബന്ധിച്ച ഒരു നടപടികളും സ്വീകരിച്ചില്ല. റേഷന്‍കടകളുമായി ബന്ധപ്പെട്ട് ബിപിഎല്‍ കാര്‍ഡ് ഉടമകളുടെ പട്ടിക ശേഖരിച്ചു നല്‍കാന്‍ പോലും തയാറായില്ല. ഇതിനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ നല്‍കുന്ന വിശദീകരണം. നിരവധി അപേക്ഷകളുണ്ടെങ്കിലും ബിപിഎല്‍ കാര്‍ഡ് നല്‍കുന്നതിനു ഭക്ഷ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

2009ലെ ബിപിഎല്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ആരോപിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ഭക്ഷ്യവകുപ്പും പരാതികള്‍ പരിഹരിച്ചു പുതിയ പട്ടിക തയാറാക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗവും കുറ്റങ്ങളും കുറവുകളും പരിഹരിച്ചു പുതിയ പട്ടിക തയാറാക്കാന്‍ തീരുമാനിച്ചു. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കാനും ഉള്‍പ്പെടാത്ത ദരിദ്രരെ ഉള്‍പ്പെടുത്താനും ശ്രമിച്ചിരുന്നു. ടി.എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഭക്ഷ്യ വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നപ്പോള്‍ അനര്‍ഹരെ ബിപിഎല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള സജീവ ശ്രമങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിപിഎല്‍ കാര്‍ഡുകള്‍ തിരിച്ചു നല്‍കുകയും പട്ടികയില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്ഷ്യ വകുപ്പിന്‍റെ ചുമതലയിലേയ്ക്ക് അനൂപ് ജേക്കബ് എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.

2009 ന് ശേഷം ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ബിപിഎല്‍ കാര്‍ഡിലേയ്ക്കു മാറ്റം ആവശ്യപ്പെട്ട അര്‍ഹരായവര്‍, 2009ലെ ബിപിഎല്‍ പട്ടികയില്‍ നിന്നും പുറത്തു പോയ അര്‍ഹതപ്പെട്ടവര്‍ എന്നിവര്‍ക്കു ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കാനും തീരുമാനിച്ചു. എന്നാല്‍ അപേക്ഷ നല്‍കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍, 2009 ലെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ട എപിഎല്‍ കാര്‍ഡുള്ളവര്‍, 2013 ലെ തദ്ദേശ സ്ഥാപനങ്ങളുടെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കും മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ഇവരില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയ ശേഷം കാര്‍ഡ് നല്‍കാനായിരുന്നു നീക്കം. എന്നാല്‍ ഇതും പൂര്‍ണമായും നടപ്പിലായില്ല. അതോടെ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കേണ്ട പട്ടിക, ഭക്ഷ്യ സുരക്ഷാ നിയമത്തിന്‍റെ വിഹിതം പറ്റാനുള്ള കണക്കുകള്‍ തയാറാക്കുന്നതിനുള്ള പട്ടിക എന്നിവ തയാറാക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. നവംബര്‍ ഒന്ന് മുതല്‍ നിയമം നടപ്പിലാക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനി അവസരം അനുവദിക്കില്ല. അതുകൊണ്ടു തന്നെ നിയമത്തിന്‍റെ പരിധിയില്‍ വരേണ്ടിയിരുന്ന അരലക്ഷം കുടുംബങ്ങള്‍ക്ക് ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top