ഷിക്കാഗോ: പ്രഥമ ഭാരതീയ പരിശുദ്ധനും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 112-മത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 24,25,26 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം വിവിധ പരിപാടികളോടുകൂടി ആചരിക്കുന്നു.
ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, കത്തീഡല്‍ വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് തുടങ്ങിയവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്കും ആരാധനയ്ക്കും നേതൃത്വം നല്‍കും.
പെരുന്നാളിന് പ്രാരംഭം കുറിച്ചുകൊണ്ട് 24-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, പരിശുദ്ധന്റെ നാമത്തിലുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവയുണ്ടായിരിക്കും. തുടര്‍ന്ന് അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ധ്യാന പ്രസംഗം നടത്തും.
25-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കത്തീഡ്രലില്‍ എത്തുന്ന അഭി. തിരുമേനിമാരേയും വിശിഷ്ടാതിഥികളേയും വിശ്വാസികള്‍ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. 6.30-ന് ആഘോഷപൂര്‍വ്വമായ കൊടിയേറ്റ് നടക്കും. 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, ആശീര്‍വാദവും ഉണ്ടായിരിക്കും.തുടര്‍ന്ന് അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ നടക്കുന്ന `പരുമല മാര്‍ ഗ്രിഗോറിയോസ്’ അനുസ്മരണ സമ്മേളനം അഭി. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനി ഉദ്ഘാടനം നിര്‍വഹിക്കും. 9 മണിക്ക് നടക്കുന്ന സ്നേഹവിരുന്നോടുകൂടി അന്നത്തെ ചടങ്ങുകള്‍ സമാപിക്കും.
26-ന് ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തില്‍ എത്തുന്ന അഭി. തിരുമേനിമാരേയും, ബഹു. വൈദീകരേയും ശുശ്രൂഷകസംഘം ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് 8.30-ന് പ്രഭാത നമസ്കാരവും, 9.30-ന് വി. മൂന്നിന്മേല് കുര്‍ബാനയും നടക്കും. തുടര്‍ന്ന് കൊടി, കുരിശ്, മുത്തുക്കുടകള്‍, ചെണ്ടവാദ്യമേളങ്ങള് എന്നിവയുടെ അകമ്പടിയോടെ റാസ നടക്കും. അതിനുശേഷം ധൂപ പ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്, പെരുന്നാള്‍ സദ്യ എന്നിവയുണ്ടാകും. വൈകിട്ട് 4.30-ന് കൊടിയിറക്കുന്നതോടെ പെരുന്നാള്‍ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് വിശുദ്ധ കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കും.
എല്ലാ വിശ്വാസികളും പെരുന്നാളിലും അനുബന്ധ പരിപാടികളിലും നോമ്പാചരണത്തോടെയും, വെടിപ്പോടും വിശുദ്ധിയോടും കൂടി സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഫാ. ദാനിയേല്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനുവേണ്ടി ഷിബു മാത്യു (ജനറല്‍ കോര്‍ഡിനേറ്റര്‍), തോമസ് സ്കറിയ, ഫിലിപ്പ് കുന്നേല്‍, ജോര്‍ജ് പൂഴിക്കുന്നേല്‍, ഏബ്രഹാം മാത്യു, ബിജു കുര്യന്, ഏലിയാമ്മ പുന്നൂസ്, അനിതാ ദാനിയേല്‍, സബ്രീന ബൈജു ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply