Flash News

അതിര്‍ത്തിയില്‍ യുദ്ധപ്രതീതി; ഇരുഭാഗത്തും നിരവധി മരണം

October 9, 2014 , സ്വന്തം ലേഖകന്‍

gun fire

ന്യൂദല്‍ഹി: യുദ്ധപ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും ആക്രമണപ്രത്യാക്രമണം ശക്തമാക്കി. ബുധനാഴ്ച ജമ്മു-കശ്മീരില്‍ രാപകല്‍ ഇരുരാജ്യങ്ങളും ആക്രമണം നടത്തി. എത്രപേര്‍ മരിച്ചുവെന്ന കാര്യം പുറത്തുവന്നിട്ടില്ല. സമാധാനത്തിനുള്ള നയതന്ത്ര ശ്രമങ്ങളെല്ലാം നിലച്ചതോടെ സ്ഥിതിഗതി കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. അതിര്‍ത്തിയില്‍ പതിനായിരങ്ങളാണ് താമസസ്ഥലം ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്.

തുടര്‍ച്ചയായി നടന്ന മോര്‍ട്ടാര്‍ ഷെല്ലാക്രമണങ്ങളില്‍ നിയന്ത്രണ രേഖക്കു സമീപമുള്ള നിരവധി ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. പരസ്പര ചര്‍ച്ചക്ക് തയാറാകണമെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും അഭ്യര്‍ഥിച്ചു. എന്നാല്‍, പാക്കിസ്ഥാനും ഇന്ത്യയും ഈ ആഹ്വാനത്തോട് പ്രതികരിച്ചില്ല. അതേസമയം, പാക്കിസ്ഥാന്‍ സേനയെ തുരത്താനും തിരിച്ചടിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.

പൂഞ്ച്, സാംബ ജില്ലകളിലെ അര്‍ണിയ, അഖ്നൂര്‍, ആര്‍.എസ്. പുര മേഖലകളിലാണ് കൂടുതല്‍ നാശം. പാകിസ്താന്‍െറ അതിര്‍ത്തിസേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. മൂന്ന് ബി.എസ്.എഫ് ജവാന്മാരും മരിച്ചിട്ടുണ്ട്. ബി.എസ്.എഫിന്‍െറ 50ഓളം കാവല്‍കേന്ദ്രങ്ങള്‍ക്കും 35 താമസ കേന്ദ്രങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ കടുത്ത ആക്രമണം നടത്തി.

കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രശ്നം ചര്‍ച്ച ചെയ്തു. സൈന്യത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് മോഡി പറഞ്ഞു. പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി മൂന്നു സേനാമേധാവികളുമായും സ്ഥിതി ചര്‍ച്ചചെയ്തു. ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രം ബി.എസ്.എഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിയാല്‍കോട്ടില്‍ ഇന്ത്യന്‍ സേന കനത്ത ആക്രമണം നടത്തിയെന്നാണ് പാകിസ്താനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ പറഞ്ഞിരുന്നു. അതേസമയം, പാകിസ്താന്‍െറ ഭാഗത്ത് 15 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമം ഇതുവരെ ഇന്ത്യയുടെയോ പാകിസ്താന്‍െറയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top