ജമ്മു : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തുന്ന ആക്രമണത്തിനെതിരേ നിലപാടു കടുപ്പിച്ച ഇന്ത്യ ഇനി ഫ്ളാഗ് മീറ്റിങ്ങുകള്‍ വേണ്ടെന്നു വച്ചു. പാക് സേനയ്ക്കു തക്ക മറുപടി നല്കാന് സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. സാഹചര്യത്തിനനുസരിച്ചു തീരുമാനമെടുക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.
ഇന്നലെ പാക് ആക്രമണത്തില്‍ ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണു സമീപകാലത്തുണ്ടാകാത്ത വിധം കടുത്ത നിലപാടിലേക്ക് ഇന്ത്യ നീങ്ങിയത്.
അതിര്‍ത്തിയിലെ 50 സൈനിക പോസ്റ്റുകളിലേക്കും മുപ്പതിലേറെ കുടിലുകളിലേക്കുമാണു പാക് സേന ഇന്നലെ രൂക്ഷമായി വെടിയുതിര്‍ത്തത്. സാംബ സെക്റ്ററിലെ ചില്ലരിയില് ശകുന്തളാ ദേവി, മകന്റെ ഭാര്യ പൊലി ദേവി എന്നിവരാണു കൊല്ലപ്പെട്ടതെന്ന് അധികൃതര്‍. ഇവരുടെ ഭര്‍ത്താവും മക്കളും പരുക്കേറ്റ് ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പാക് ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലുമായി ഒരു പെണ്‍കുട്ടിയുള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടിരുന്നു. 2003ല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നശേഷം ഇതാദ്യമാണ് അതിര്‍ത്തിയില്‍ ഇത്രയും ആള്‍നാശം. ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ നിന്ന് 1700ലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. സാംബ, ഹിരാനഗര്‍ തുടങ്ങി അന്താരാഷ്ട്ര അതിര്‍ത്തിയിലെ മിക്ക സൈനികപോസ്റ്റുകളിലേക്കും വെടിവയ്പ്പുണ്ടായി.
സാഹചര്യം വഷളായതോടെയാണ് ഇനി ഫ്ളാഗ് മീറ്റിങ്ങുകള്‍ വേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ പാക്കിസ്ഥാന്റെ നിലപാട് നിരീക്ഷിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു. പാക് അതിര്‍ത്തി സംരക്ഷണ സേനയായ പാക്കിസ്ഥാന് റേഞ്ചേഴ്സ് പ്രകോപനം സൃഷ്ടിക്കുന്നതിനു പിന്നില്‍ അവിടത്തെ കരസേനയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
പാക് സേനയും അതിര്‍ത്തിയിലുണ്ടെന്നും പിഎംഒയിലെ സഹമന്ത്രിയായ ജിതേന്ദ്ര സിങ് പറഞ്ഞു. ഇന്നലെ അതിര്‍ത്തി സന്ദര്‍ശിച്ച മന്ത്രി ബിഎസ്എഫ് ഡയറക്റ്റര്‍ ജനറലടക്കം സേനാ നേതൃത്വവുമായി ചര്‍ച്ച നടത്തി. ശക്തമായ തിരിച്ചടി നല്കാന് അതിര്‍ത്തിയിലെ സൈനികരെ ചുമതലപ്പെടുത്തിയെന്നു കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് അറിയിച്ചു.
ഇതിനിടെ, ഇന്നലെ ഐക്യ രാഷ്ട്ര സഭയില്‍ വിഷയമുന്നയിക്കാന്‍ പാക്കിസ്ഥാന് ശ്രമം നടത്തി. എന്നാല്‍, മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചു സമാധാന അന്തരീക്ഷം തകര്‍ക്കാനാണു പാക് ശ്രമമെന്നും ഇന്ത്യ ഇതു നേരിടാന്‍ സജ്ജമാണെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ദേവേശ് ഉത്തം വ്യക്തമാക്കി. അതേസമയം, ഇന്ത്യയാണു പ്രകോപനമുണ്ടാക്കുന്നതെന്നു പാക് വാദം. ഇന്ത്യന്‍ ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാന് അവകാശപ്പെട്ടു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply