Flash News

ഇതാ, സാഹോദര്യത്തിനേറ്റ മുറിവില്‍ പുരട്ടാന്‍ സമാധാനത്തിന്‍െറ ലേപനം

October 11, 2014 , മൊയ്തീന്‍ പുത്തന്‍‌ചിറ

sahodaryamഈ സമാധാനനൊബേല്‍ നല്‍കപ്പെട്ടതിലേറ്റവും അര്‍ഥപൂര്‍ണമായ സമാധാന സമ്മാനമാകുന്നു. കാരണങ്ങള്‍ പലതുണ്ട്. ഒന്ന്, അത് പങ്കിടുന്നത് രണ്ട് സഹോദരരാജ്യങ്ങളാണ്. എങ്കിലും, ഈ സാഹോദര്യം ഇന്ന് മുറിവേറ്റപ്പെട്ട നിലയിലുമാണ്. സങ്കുചിതമായ രാഷ്ട്രീയതാല്‍പര്യങ്ങളും സൈനികതാല്‍പര്യങ്ങളും ചേര്‍ന്ന് കുഴച്ചുമറിച്ച പാക്കിസ്ഥാനിലെ ഭരണനേതൃത്വം പ്രകോപനമില്ലാതെ അയല്‍രാജ്യത്തിനുനേരെ തൊടുത്തുവിട്ട ആയുധങ്ങളുടെ സംഹാരശേഷിയെ ശരിക്കും നിര്‍വീര്യമാക്കുന്നൊരു പനിനീര്‍പുഷ്പമാണ് ഈ സമ്മാനം. അത് ഒരു പൂവിതള്‍ പോലെ സുന്ദരമായ മുഖമുള്ള മലാല യൂസഫ് സായിയും ഒരു ശിശുവിന്‍െറ നൈര്‍മല്യമുള്ള കൈലാഷ് സത്യാര്‍ഥിയും പങ്കിടുന്നത്, അവരുടെ സ്വന്തം രാജ്യങ്ങള്‍ അതിര്‍ത്തിയില്‍ ചൊരിയുന്ന രക്തത്തിനുള്ള കൃത്യമായ മറുപടികൂടിയാണ്.

ഭീകരവാദത്തിനെതിരായും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും പൊരുതുന്ന ഇന്ത്യക്കാരനായ ഹിന്ദുവിനും പാകിസ്താന്‍കാരിയായ മുസ്ലിമിനും സമാധാന പുരസ്കാരം നല്‍കുന്നത് പ്രസക്തമാണെന്ന് തങ്ങള്‍ കരുതുന്നതായി നൊബേല്‍ സമിതി ചൂണ്ടിക്കാട്ടുന്നു. സ്വീഡിഷ് അക്കാദമി ഇത്ര ഒൗചിത്യപൂര്‍വം സമാധാന നോബേലിനെ സമീപിച്ച സന്ദര്‍ഭം വിരളമാണ്.

01_Kailash-Satyarthi-and-Malala-Yousafzayസമാധാന നൊബേല്‍ ലഭിക്കുന്ന ആദ്യ പാകിസ്താനിയും ഈ സമ്മാനത്തിനര്‍ഹയാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മലാല. 231 വ്യക്തികളും 47 സംഘടനകളുമുള്‍പ്പെടെ 278 നാമനിര്‍ദേശങ്ങളില്‍നിന്നാണ് പുരസ്കാര സമിതി ഇരുവരെയും തെരഞ്ഞെടുത്തത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എഡ്വേഡ് സ്നോഡന്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിവരെ പിന്തള്ളിയാണ് കൈലാശും മലാലയും പരമോന്നത പുരസ്കാരം കരസ്ഥമാക്കിയത്.

ഇന്ത്യക്കാര്‍ക്കുതന്നെ അജ്ഞാതനാണ് കൈലാഷ് സത്യാര്‍ഥി. ഒരുപക്ഷേ, അധികംപേരും ഇന്നലെയാണ് അദ്ദേഹത്തിന്‍െറ പേരും മുഖവും ആദ്യമായി കണ്ടിരിക്കുക. അതുതന്നെയാണ് ഈ ആദരവിനുള്ള അദ്ദേഹത്തിന്‍െറ ഏറ്റവും വലിയ യോഗ്യതയും. മാധ്യമങ്ങളില്‍ മുഖം പെടാതിരിക്കുക എന്നത് അസാധ്യമായ കാലത്ത് ഇത്രയും കാലം അറിയപ്പെടാതെ ഒരു വലിയ മാനുഷികപ്രസ്ഥാനത്തെ നിശ്ശബ്ദം മുന്നോട്ടുനയിക്കുകയെന്നത് അസാധാരണമാണ്. അതും പതിനായിരക്കണക്കിന് കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കിക്കൊണ്ട്. ദല്‍ഹിയിലെ ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമാണ് ഈ മനുഷ്യന്‍െറ പ്രശസ്തി.

മൂന്നു പതിറ്റാണ്ടിലധികമായി പതിനായിരക്കണക്കിന് കുട്ടികള്‍ക്കാണ് കൈലാഷ് സത്യാര്‍ഥി ജീവിതം തിരിച്ചുനല്‍കിയത്. 1980ല്‍ സ്ഥാപിച്ച ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സംഘടന 80000ത്തോളം കുട്ടികളെയാണ് ബാലവേലയില്‍നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ചിട്ടുള്ളത്.

‘ബാല്യത്തില്‍ ചായക്കച്ചവടം ചെയ്തിരുന്ന ഒരാള്‍ രാജ്യത്തിന്‍െറ പ്രധാനമന്ത്രിയായി, ഇനിയൊരു കുഞ്ഞും ഇന്ത്യയില്‍ നിര്‍ബന്ധിത ബാലവേലക്ക് ഇരയാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്‍െറ കടമയാണ്’എന്ന് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനുശേഷം കൈലാഷ് സത്യാര്‍ഥി ട്വിറ്ററില്‍ കുറിച്ചിട്ടു.

1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിശയില്‍ ജനിച്ച കൈലാഷ് സത്യാര്‍ഥി ഹൈവോള്‍ട്ടേജ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. ഭോപാലിലെ കോളജില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം 26ാം വയസ്സില്‍ കുട്ടികളുടെ പുനരധിവാസത്തിനായി ഇറങ്ങുകയായിരുന്നു. 1998ല്‍ ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരിലെ പരവതാനി ഫാക്ടറിയില്‍ ബാലവേലചെയ്തിരുന്ന നിരവധി കുട്ടികളെ പുറംലോകത്തത്തെിച്ചതോടെയാണ് ഇദ്ദേഹം ശ്രദ്ധനേടുന്നത്. 18 കുട്ടികളെയാണ് സത്യാര്‍ഥി അന്ന് രക്ഷിച്ചത്. ബാലവേല എന്നത് ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത എന്നിവക്കിടയാക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് എന്ന് അദ്ദേഹം വാദിച്ചു. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്ന പ്രചാരണപരിപാടികള്‍ക്കും അദ്ദേഹം തുടക്കമിട്ടു. ബാലവേലയില്‍നിന്ന് മോചിപ്പിക്കപ്പെടുന്ന കുട്ടികളുടെ പുനരധിവാസത്തിന് രാജസ്ഥാനില്‍ ബാല ആശ്രമം തുറന്നു. യു.എസ് സര്‍ക്കാറിന്‍െറ ഡിഫന്‍േറഴ്സ് ഓഫ് ഡെമോക്രസി അവാര്‍ഡ്, അല്‍ഫോന്‍സോ കൊമിന്‍ അന്താരാഷ്ട്ര പുരസ്കാരം (സ്പെയിന്‍), മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്നര്‍ ഇന്‍റര്‍നാഷനല്‍ പീസ് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു.

ഐക്യരാഷ്ട്രസഭയുടെ മില്ലെനിയം ഡെവലപ്മെന്‍റ് ഗോള്‍സില്‍ ബാലവേലയും കുട്ടികളുടെ അടിമത്തവും ഒരു അജണ്ടയായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുകയാണ് അദ്ദേഹം. സാമ്പത്തികലാഭത്തിനായി കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ സമാധാനപരമായി സമരം നയിച്ച് ഗാന്ധിജിയുടെ പാരമ്പര്യം പിന്തുടരുകയായിരുന്നു കൈലാഷ് സത്യാര്‍ഥിയെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

കൈലാഷിനോളം തന്നെ ലംഘിക്കപ്പെടുന്ന മനുഷ്യാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിപ്ളവകരമായ ദൗത്യമാണ് മലാല നിര്‍വഹിക്കുന്നത്. മനുഷ്യനും പ്രകൃതിക്കും എതിരായ കൊടുംപാതകമായ ഭീകരവാദത്തെ ഒരുചെറുപുഞ്ചിരിയോടെയും അമാനുഷമായ സ്ഥൈര്യത്തോടെയും നേരിട്ട പെണ്‍കുട്ടി. മാത്രമല്ല, സ്വന്തം ജീവിതം തന്നെ ഭീകരവാദത്തിനെതിരായ കാമ്പയിനായി മാറ്റിയിരിക്കുന്നു ഈ ബാലിക. ‘‘ഞാന്‍ മലാല. വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ടതിന് താലിബാന്‍െറ വെടിയേറ്റ പെണ്‍കുട്ടി’’ എന്നാണ് മലാല എന്ന 17കാരിയുടെ ആത്മകഥ തുടങ്ങുന്നത്.

ഏതൊരു പെണ്‍കുട്ടിയെയുംപോലെയായിരുന്നു മലാലയുടെ ജീവിതവും. കളിച്ചും ചിരിച്ചും കൂട്ടുകാരികള്‍ക്കൊപ്പം ചെലവഴിച്ചിരുന്ന ബാല്യം. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകാനോ എന്തിന് പുറത്തിറങ്ങാന്‍ പോലും പാടില്ല എന്ന മതഭീകരതയൂടെ വിലക്ക് കൂട്ടാക്കാതെ മലാല സ്കൂളില്‍പോകാന്‍ തുടങ്ങിയതോടെയാണ് ആ ജീവിതം മാറിമറിയുന്നത്. താലിബാന്‍ ഭീകരര്‍ ഈ സമയത്ത് 400 സ്കൂളുകളാണ് തകര്‍ത്തതെന്ന് മലാല എഴുതിയിട്ടുണ്ട്. 2009 മുതല്‍ മലാല എഴുതിയ കുറിപ്പുകള്‍ താലിബാന്‍െറ കൊടുംക്രൂരതകളെക്കുറിച്ചാണ് വിവരിക്കുന്നത്. താലിബാന്‍െറ ഒരു നോട്ടപ്പുള്ളിയായി ഈ കുട്ടി മാറി. ഒടുവില്‍ അവര്‍ അത് ചെയ്തു. 2012 ഒക്ടോബര്‍ ഒമ്പതിന് താലിബാന്‍ ഭീകരര്‍ സ്കൂളില്‍നിന്നും മടങ്ങുംവഴിമലാലക്കുനേരെ വെടിവച്ചു. തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ മലാല നിരവധി ശസ്ത്രക്രിയകള്‍ക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

പുനര്‍ജന്മം മലാല ലോകത്തിനുതന്നെയാണ് സമര്‍പ്പിച്ചത്. ലോകമെങ്ങും സഞ്ചരിച്ച് അവര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രസംഗിക്കുകയും നിരവധി ജീവിതങ്ങള്‍ക്ക് ഊര്‍ജമാകുകയും ചെയ്തു. ലോകം അംഗീകാരങ്ങള്‍കൊണ്ട് അവരെ അടയാളപ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍ 16ാം ജന്മദിനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. ‘അവര്‍ എനിക്കുനേരെ വെടിയുതിര്‍ത്തു, എന്‍െറ സുഹൃത്തുക്കളെയും ആക്രമിച്ചു. വെടിയുണ്ടകള്‍കൊണ്ട് ഞങ്ങളുടെ ശബ്ദമടക്കാമെന്നാണ് അവര്‍ കരുതിയത്. അവര്‍ക്ക് തെറ്റി. എന്‍െറ ലക്ഷ്യത്തെ തടയാന്‍ അവര്‍ക്കാകില്ല’; മലാല യു.എന്നില്‍ പറഞ്ഞു. ടൈം മാഗസിന്‍െറ നൂറ് മികച്ച വ്യക്തിത്വങ്ങളിലും മലാല സ്ഥാനംപിടിച്ചു. അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളില്‍ അസാമാന്യ ഇച്ഛാശക്തിയോടെ ധീരമായി പൊരുതിനിന്ന മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിന്‍െറ വക്താവായി മാറുകയായിരുന്നുവെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. സ്വന്തം ജീവിതാന്തരീക്ഷം മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും എന്തുചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഈ പെണ്‍കുട്ടിയെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്‍ മനുഷ്യനുനേരെ നടത്തുന്ന അക്രമമാണ് എക്കാലത്തെയും ഏറ്റവും വലിയ അനീതി. സമാധാനമായി ജീവിക്കാനും സ്വന്തം ജീവിതം കൊണ്ട് ചുറ്റുപാടുകളെ ശുദ്ധീകരിക്കാനുമുള്ള ശേഷിയുള്ള ജീവിയാണ് മനുഷ്യന്‍. ഈ തിരിച്ചറിവുള്ളവര്‍ കുറഞ്ഞുവരുന്നു എന്നതാണ് നമ്മുടെ കാലഘട്ടത്തിന്‍െറ ദുരന്തം. ലോകത്തെ കാലുഷ്യത്തില്‍നിന്ന് രക്ഷിക്കാനുള്ള മാര്‍ഗം തേടുന്നവരാണ് ഇവിടെ ആദരിക്കപ്പെട്ടവര്‍. അതുകൊണ്ടുതന്നെ ഈ ആദരം ലോകത്തെങ്ങുമുള്ള മനുഷ്യര്‍ക്കുകൂടി പങ്കുവക്കുകയാണ് സ്വീഡിഷ് അക്കാദമി ചെയ്യുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top