Flash News

ഹുദ്ഹുദ് ചുഴലിക്കാറ്റ് ഞായറാഴ്ച വിശാഖപട്ടണത്ത്; വന്‍ ജാഗ്രത

October 11, 2014 , സ്വന്തം ലേഖകന്‍

cycloneചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഹുദ്ഹുദ് ചുഴലിക്കാറ്റ് ആന്ധ്ര-ഒഡിഷ തീരങ്ങളിലേക്ക്. ഇരു സംസ്ഥാനങ്ങളില്‍നിന്നും 7.5 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആന്ധ്രാ തീരത്തുനിന്ന് നാലര ലക്ഷം പേരെയും ഒഡിഷ തീരത്തുനിന്ന് മൂന്നുലക്ഷം പേരെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. വിശാഖപട്ടണത്തിന്‍െറ തെക്കുകിഴക്കുമാറിയും ഒഡിഷയുടെ ഗോപാല്‍പുരയുടെ കിഴക്ക് പടിഞ്ഞാറുമാറിയും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ ഹുദ്ഹുദ്. മണിക്കൂറില്‍ 130 മുതല്‍ 180 വരെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് വിശാഖപട്ടണം തീരത്തെത്തും. കനത്ത ചുഴലിക്കാറ്റിനൊപ്പം പേമാരിയുമായത്തെുന്ന ഹുദ്ഹുദ് കനത്ത നാശം വിതക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വിശാഖപട്ടണം, വിഴിനഗരം, ശ്രീകാകുളം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി എന്നിവക്ക് പുറമെ ഒഡിഷയിലെ ഗന്‍ജം, ഗജപതി, റായഗഡ, കോരപുത്, മാല്‍കന്‍ഗിരി, നബരംഗ്പുര്‍, കളഹന്ദി, കാണ്ഡമാല്‍ എന്നീ ജില്ലകളെയുമാണ് ചുഴലി ബാധിക്കുക. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 വിദഗ്ധ സംഘത്തെ ആന്ധ്രയിലും 16 സംഘത്തെ ഒഡിഷയിലും വിന്യസിച്ചിട്ടുണ്ട്.

ആന്ധ്രയില്‍ അഞ്ചു ജില്ലകളിലുമായി 436 ഗ്രാമങ്ങളെ ചുഴലി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുകയാണ്.
മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്കായി 370 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ 30 ബോട്ടുകള്‍ ഉള്‍പ്പെടെ 54 ബോട്ടുകള്‍ തയാറായി നില്‍ക്കുന്നുണ്ട്. നാവിക സേനയുടെ നാലു കപ്പലുകള്‍ ദുരിതാശ്വാസ സാമഗ്രികളുമായി സജ്ജമായിട്ടുണ്ട്. ഐ.എന്‍.എസ് ദേഗ നാവിക കേന്ദ്രത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആറുവിമാനങ്ങളും സജ്ജമാണ്. യെലഹങ്ക വ്യോമ താവളത്തില്‍നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്.

ചുഴലിയെ തുടര്‍ന്ന് വാര്‍ത്താവിനിമയ ബന്ധം തകരാറിലായാല്‍ നേരിടുന്നതിനായി ഇരു സംസ്ഥാനങ്ങള്‍ക്കും സാറ്റലൈറ്റ് ഫോണുകളും നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഈ സാറ്റലൈറ്റ് ഫോണുകള്‍ പ്രവര്‍ത്തിക്കും. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഞായറാഴ്ച രാവിലെ ആറു മുതല്‍ ഭുവനേശ്വര്‍-വിശാഖപട്ടണം റൂട്ടില്‍ 38 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുപ്പതി-പുരി-സെക്കന്തരാബാദ്, ഭുവനേശ്വര്‍-തിരുപ്പതി, ഭുവനേശ്വര്‍-സെക്കന്തരാബാദ്, വിശാഖപട്ടണം-നിസാമാബാദ്, പുരി-ചെന്നൈ എക്സ്പ്രസ്, പുരി-തിരുപ്പതി എക്സ്പ്രസ് തുടങ്ങിയവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകള്‍. കൂടാതെ ഹൗറയില്‍നിന്ന് തുടങ്ങി തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകള്‍ റായ്പൂര്‍, നാഗ്പൂര്‍ സെക്‌ഷന്‍ വഴി തിരിച്ചുവിടും.

ആന്ധ്രയിലെ ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകള്‍ വെള്ളപ്പൊക്കം നേരിടാനുള്ള തയാറെടുപ്പുകളിലാണ്. ഒഡിഷയിലെ ബന്‍സധാര, റുസികുല്യ, നാഗബലി എന്നീ പുഴകളിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top