Flash News

‘ജീവിതത്തിന്റെ ആല്‍ക്കെമി’ കഥാ സമാഹരം ഉടന്‍ ആരംഭിക്കുന്നു

October 12, 2014 , എ.വി. സന്തോഷ്‌കുമാര്‍

alchemy title

പ്രശസ്ത സാഹിത്യകാരന്‍ എ.വി. സന്തോഷ്‌കുമാറിന്റെ കഥാസമാഹാരം ‘ജീവിതത്തിന്റെ ആല്‍ക്കെമി’ മലയാളം ഡെയ്‌ലി ന്യൂസില്‍ ആരംഭിക്കുന്നു.

കഥാസമാഹാരത്തെക്കുറിച്ച് എം. മുകുന്ദന്റെ അവതാരിക

നമ്മുടെ സാഹിത്യജനുസ്സുകളില്‍ കഥ തന്നെ ഏറ്റവും സജീവം. മറ്റു ജനുസ്സുകളിലൊന്നും ഇത്രയും അന്വേഷണങ്ങളും ന്വീകരണങ്ങളും നടന്നു കാണുന്നില്ല. സമകാലീന കഥയുടെ ഊര്‍ജ്ജസ്വലത അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ യുവ തലമുറയിലെ ഏതൊരു എഴുത്തുകാരന്റേയും പുതിയ കഥാസമാഹാരം കൈയില്‍ കിട്ടുമ്പോള്‍ വായിക്കാന്‍ അക്ഷമ തോന്നും. എന്നാല്‍ വായിച്ചു കഴിഞ്ഞാലോ? പലപ്പോഴും തോന്നുന്നത് നിരാശയായിരിക്കും. നല്ല കഥകള്‍ ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ തോന്നുന്നത്. നല്ല കഥകളെക്കാള്‍ കൂടുതല്‍ മോശം കഥകള്‍ ഉള്ളതുകൊണ്ടാണ്.

കഥയെഴുത്തിന്റെ വലിയ തോതിലുള്ള ജനാധിപത്യവല്‍ക്കരണമാണ് നമ്മുടെ ഭാഷയില്‍ നടക്കുന്നത്. നാടിന്റെ ഓരോ കോണിലുമുണ്ട് ഒന്നിലേറെ കഥയെഴുത്തുകാര്‍. നഗരങ്ങളുടെ കാര്യം പറയുകയും വേണ്ട. ആര്‍ക്കുവേണമെങ്കിലും ഇപ്പോള്‍ കഥയെഴുതാം. കൈയില്‍ കാശുണ്ടെങ്കില്‍ അതു കൊടുത്ത് നല്ല പ്രസാധകരെക്കൊണ്ടു തന്നെ അച്ചടിപ്പിച്ചിറക്കാം. ഇത്തിരി കൂടി പൈസയുണ്ടെങ്കില്‍ ഒരു പ്രകാശനച്ചടങ്ങും നടത്താം. കഥയുടെ നിലവാരം കുറയുന്നതിന്റെ രഹസ്യം ഇതാണ്. ഇതൊക്കെ ഭാഷാസ്നേഹികള്‍ ഉല്‍ക്കണ്ഠകളും ആശങ്കകളും നല്‍കുന്ന കാര്യങ്ങളാണ്.

എ.വി. സന്തോഷ്‌കുമാറിന്റെ ‘ജീവിതത്തിന്റെ ആല്‍ക്കെമി’ (ഈ പൗലോ കൊയ്‌ലോ സ്പര്‍ശം വേണമായിരുന്നോ?) എന്ന കഥാസമാഹാരം അങ്ങനെയുള്ള ഉല്‍ക്കണ്ഠകളൊന്നും നമുക്ക് നല്‍കുന്നില്ല. ആശങ്കകളും നല്‍കുന്നില്ല. ആഹ്ലാദത്തോടെയാണ് നാം ഓരോ കഥയും വായിച്ചുപോകുന്നത്. അവസാനത്തെ കഥയും വായിച്ചു തീര്‍ത്ത് പുസ്തകം അടച്ചുവെയ്ക്കുമ്പോള്‍ ഇത്രവേഗം വായിച്ചു തീര്‍ന്നല്ലോ എന്ന തോന്നല്‍ നല്‍കുന്ന നിശ്വാസമത്രേ വായനക്കാരില്‍ നിന്നുയരുന്നത്.

കഥകളില്‍ അനുഭൂതികള്‍ക്കു പകരം ആശയങ്ങളെ വയ്ക്കുകയെന്ന സമ്പ്രദായമാണ് ഇന്ന് പല കഥാകൃത്തുക്കളും പിന്തുടരുന്നത്. പലപ്പോഴും ആശയങ്ങള്‍ തന്നെ പ്രമേയങ്ങള്‍ എന്നു വരുന്നു. അല്ലെങ്കില്‍ അവര്‍ ഒരു പുതിയ ഭാഷ നിര്‍മ്മിക്കുന്നു. അപ്പോള്‍ ഭാഷ തന്നെ പ്രമേയം എന്നും വരുന്നു. ഭാഷയുടെയും ഐഡിയകളുടേയും ഇടകലരിലൂടെ കഥ വികസിക്കുന്നു. പുതിയ കഥാകൃത്തുക്കള്‍ക്ക് പ്രിയങ്കരമാണ് ഈ ആഖ്യാനനിര്‍മ്മിതി.

എ.വി. സന്തോഷ്‌കുമാറിന്റെ രീതിയും ഇതാണോ? അതെ എന്നു പറയാം. വേണ്ടെങ്കില്‍ ആല എന്നും പറയാം. ഈ കഥാമാലികയെ ശ്രദ്ധേയമാക്കുന്നത് മറ്റെല്ലാറ്റിലുമുപരി ഈ വസ്തുതയാണ്. സന്തോഷ്‌കുമാറിന്റെ കഥകള്‍ പലതരം പാരായണസാദ്ധ്യതകളാണ് നമുക്കു തരുന്നത്. ഒരു കഥയുടെയും വാതിലുകള്‍ നാമത് വായിച്ചു തീരുന്നതോടെ നമ്മുടെ മുമ്പില്‍ അടയുന്നില്ല. കഥ വായിച്ചു കഴിഞ്ഞാലും അതിലൂടെ പുതിയ കാഴ്ചകള്‍ കണ്ടുകൊണ്ട് നമുക്ക് ബഹുദൂരം നടന്നുപോകാം. ചില കാഴ്‌ചകള്‍ കണ്ണും മനസ്സും വേദനിപ്പിക്കുന്നതായിരിക്കും.

സമാഹാരത്തിലെ ആദ്യ രചനയായ ‘കഥയുടെ ചില പ്രായോഗിക പാഠങ്ങള്‍’ അങ്ങനെയുള്ള ഒരു കഥയാണ്. വായിച്ചു തുടങ്ങിയപ്പോള്‍ നേരത്തെ പറഞ്ഞ മാതിരി ഐഡിയകളെ പ്രമേയമാക്കിക്കൊണ്ടുള്ള ഒരു കഥയാണിതെന്ന് തോന്നിയിരുന്നു. എന്നാല്‍ വായന തുടരവേ കഥ മറ്റൊരു വഴിക്കാണ് പോകുന്നതെന്ന് വ്യക്തമാകും. കഥയും അതിനുള്ളില്‍ മറ്റൊരു കഥയും. രചനയുടെ അനന്തസാധ്യതകളെ ഈ രചനയില്‍ വിളംബരം ചെയ്യുന്നു. ചിലന്തി വല നെയ്യുന്നതുപോലെയാണ് കഥാകാരന്‍ ഈ കഥ നെയ്തെടുക്കുന്നത്. കഥാകൃത്തിന്റെ രചനാപാടവം ആദ്യകഥയില്‍ തന്നെ തിരിച്ചറിയുവാന്‍ കഴിയുന്നു.

മറ്റൊരു ശ്രദ്ധേയമായ കഥയായ ‘ജീവിതത്തിന്റെ ആല്‍ക്കെമി’യും ഒറ്റ ശ്വാസത്തിലാണ് വായിച്ചത്. ആദ്യം തന്നെ കണ്ണ് കുടുങ്ങിയത് ഖസാക്കിലും രവിയിലുമാണ്. സന്തോഷ്‌കുമാര്‍ ആശയങ്ങളേയും ഭാഷയേയും മാത്രമല്ല ഒ.വി. വിജയന്റെ കഥാപാത്രങ്ങളേയും തന്റെ രചന പ്രതിഷ്ഠിക്കുന്നു. രവി മറ്റൊരു കഥാപാത്രത്തെ കൂടി കണ്ടുമുട്ടുന്നു. പൗലോ കൊയ്‌ലയുടെ സാന്റിയാഗോ ഇനിയങ്ങോട്ട് നാം പിന്തുടരുന്നത് രവിയേയും സാന്റിയാഗോവിനെയുമാണ്. അല്ലെങ്കില്‍ ഖസാക്കിന്റെ ഇതിഹാസത്തെയും ആല്‍ക്കെമിസ്റ്റിനേയും.

മറ്റുള്ളവരുടെ കഥാപാത്രങ്ങളെ ഉപയോഗിച്ച് സ്വന്തം കഥ പറയുക എന്ന രീതിയാണ് സന്തോഷ്‌കുമാര്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സ്വന്തം കഥാപാത്രങ്ങളെ ഉപയോഗിച്ച് മറ്റുള്ളവരുടെ കഥ പറയുന്നതിലും ഭദ്രം ഇതല്ലേ?

പുതിയ കഥയ്ക്ക് പാരായണക്ഷമത കുറവാണെന്ന് ചില വായനക്കാരെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട്. അവര്‍ക്കു വേണ്ടത് റിയലിസ്റ്റിക് രീതിയിലുള്ള നേരെ പോകുന്ന ആഖ്യാനമാണ്. അത്തരം പരാതിക്കാരെ സന്തോഷിപ്പിക്കുവാന്‍ കഴിയുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്. എന്നു വരികിലും പ്രത്യക്ഷത്തില്‍ നേര്‍സ്വഭാവം കാണിക്കുന്ന പല കഥകളുടേയും ഉള്ളില്‍ അഴിച്ചെടുക്കുവാന്‍ കഴിയാത്ത നൂലാമാലകളുണ്ട്. ഈ സമാഹാരത്തിലെ മികച്ച കഥകളില്‍ ഒന്നായ ‘ആശാനഗരം’ തന്നെ ഉദാഹരണം. വായിക്കുന്ന കണ്ണുകളെ പൊള്ളിക്കുന്ന കഥയാണത്.

നേരത്തെ വന്നുപോയ എഴുത്തുകാരുടെ കഥാപാത്രങ്ങളെ ഓര്‍മ്മിച്ചെടുക്കുമ്പോള്‍ സ്നേഹവും ആദ്രവും മാത്രം പോര വിമര്‍ശനങ്ങളുമാകാം. അതുകൊണ്ടാകാം സന്തോഷ്‌കുമാറിന്റെ ഒരു കഥാപാത്രം ഖസാക്കിലെ രവി ഒരു നപുംസകമാണെന്ന് പ്രസ്താവിക്കുന്നത്.കലയേയും സാഹിത്യത്തേയും മാത്രമല്ല ജീവിതത്തേയും അറിയുവാനുള്ള വഴികളില്‍ ഒന്ന് ഇഷ്ടപ്പെടുന്നതിനോട് കലഹിക്കുക എന്നതാണ്.

സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ നമ്മുടെ ഭാഷയില്‍ അത് മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ആ മാറ്റങ്ങളെ സൂചിപ്പിക്കുന്ന ഒട്ടേറെ പ്രയോഗങ്ങളും ശൈലികളും സന്തോഷ്‌കുമാറിന്റെ കഥകളില്‍ കാണാം. ‘പരസ്പര ബന്ധം എന്ന വൈറസുകള്‍ കടന്നുകൂടിയ ഡിസ്ക് പോലെയാണ്. സംജ്ഞകളുടെ അസംബന്ധത്തിലാണവയുടെ സംബന്ധം.’ (റാഷാമോണ്‍) അരികില്‍ വന്നിരുന്ന് അവള്‍ കൈത്തലം എന്റെ ചുമലില്‍ വെച്ചു. കീബോര്‍ഡില്‍ വിരലമര്‍ത്തും വിധം മൃദുവായിരുന്നു ആ സ്പര്‍ശം (റാഷാമോണ്‍) ഭാഷയ്ക്ക് പുതിയ കോശങ്ങള്‍ നല്‍കി അതിനെ ശക്തിപ്പെടുത്തുവാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്.

കഥയെ സ്നേഹിക്കുന്ന വായനക്കാരെ ഇതൊക്കെ സന്തോഷിപ്പിക്കുന്നുണ്ട്. നമുക്ക് ആഹ്ലാദം പകരുന്ന മറ്റെന്തെങ്കിലുമുണ്ടോ ഈ സമാഹാരത്തില്‍? ഉണ്ട്. ഉത്തര മലബാറിന്റെ ചാരുതയത്രയും നിറഞ്ഞൊഴുകുന്ന ‘അറ’ എന്ന കഥ.

ഈ നവകഥാകൃത്തിന് സര്‍‌വ്വ നന്മകളും നേരുന്നു. ഈയുള്ളവന്റെ അനുഗ്രഹങ്ങള്‍ എപ്പോഴും കൂടെയുണ്ടാകും എന്നുകൂടി പറയട്ടെ.

എം. മുകുന്ദന്‍
മയ്യഴി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top