വ്യത്യസ്തതകളുമായി കാസില്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം

IMG-01ഡാലസ്: മലയാളികള്‍ ഒട്ടനവധിയുള്ള കാരള്‍ട്ടന്‍ കാസില്‍ഹില്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്ത പരിപാടികളാല്‍ ശ്രദ്ധേയമായി. സംഘടനാ ഓണാഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷങ്ങളുടെ ഉണര്‍‌വും ഉത്സാഹവും പ്രകടമാക്കിയാണ് കാസില്‍ഹില്‍ കമ്മ്യൂണിറ്റിയിലെ മലയാളി കുടുംബങ്ങള്‍ ഈ വര്‍ഷം ഓണത്തെ വരവേറ്റതും ആഘോഷിച്ചതും.

സൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും ഐക്യത്തിനും കളമൊരുക്കി വിവിധ പരിപാടികള്‍ സംഘാടകര്‍ ഒരുക്കിയപ്പോള്‍ ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഇത്തവണ ഓണാഘോഷങ്ങള്‍ സമാപിച്ചത്. ഓണാഘോഷത്തിന് ആരവവും ആവേശവും പകരാന്‍ കാസില്‍ഹില്‍ കമ്മ്യൂണിറ്റിയില്‍ ദിവസങ്ങള്‍ക്കു മുമ്പേ വിവിധ പരിപാടികളുടെ റിഹേഴ്‌സല്‍ ആരംഭിച്ചിരുന്നു.

രണ്ടു ദിവസങ്ങളിലായി നടന്ന കായിക മത്സരങ്ങളില്‍ ഇത്തവണ വനിതകളുടെ പങ്കാളിത്തം വളരെ വലുതാണ്. വനിതകള്‍ക്കു മാത്രമായി ടെന്നിക്കോട്ട്, സോഫ്റ്റ് ബോള്‍, ബാറ്റ്മിന്റണ്‍, കബഡി മുതലായവ സംഘടിപ്പിച്ചിരുന്നു.

പുരുഷന്മാരുടെ വോളിബോള്‍ മത്സരങ്ങള്‍ മറ്റൊരു പുതുമയായിരുന്നു. കൂടാതെ, മുന്‍ വര്‍ഷങ്ങളിലെപ്പോലെ വടം‌വലി, ബാറ്റ്മിന്റണ്‍ തുടങ്ങിയ മത്സരങ്ങള്‍ കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി സംഘടിപ്പിച്ചിരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു മാത്രമായി ഒരുക്കിയ രസകരമായ മത്സരങ്ങള്‍ പലപ്പോഴും ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി. വ്യക്തിഗത ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരം പ്രധാന ഐറ്റമായിരുന്നു. വിവിധ മത്സരങ്ങളില്‍ ഏകദേശം നാല്പതോളം പേര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 4-ന് കാരള്‍ട്ടണിലുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി ഹാളില്‍ കലാപരിപാടികള്‍ അരങ്ങേറി. കാസില്‍ഹില്ലിലെ അമ്മമാരെല്ലാം ചേര്‍ന്ന് ഭദ്രദീപം തെളിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍‌വ്വഹിച്ചു. പ്രാര്‍ത്ഥനാഗാനത്തിനും ദേശീയഗാനങ്ങള്‍ക്കും ശേഷം താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചു. ഓണാഘോഷങ്ങളുടെ ഊര്‍ജ്ജം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അവതരിപ്പിച്ച പുലികളി പുതിയ തലമുറയിലെ കുട്ടികള്‍ക്ക് നവ്യാനുഭവമായി. കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ട് വനിതകള്‍ അവതരിപ്പിച്ച തിരുവാതിര അതിമനോഹരമായിരുന്നു.

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി സംഘടനയോ ഭാരവാഹികളോ ഇല്ല എന്നതാണ് കാസില്‍ഹില്‍ കമ്മ്യൂണിറ്റിയുടെ പ്രത്യേകത. കമ്മ്യൂണിറ്റിയിലെ എല്ലാവരും, ജാതിമതവര്‍ഗ്ഗവര്‍ണ്ണഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ചതുകൊണ്ടു മാത്രമാണ് പരിപാടികള്‍ ഇത്രയധികം വിജയപ്രദമാക്കാന്‍ സാധിച്ചത്.

IMG-02 IMG-03 IMG-04 IMG-05 IMG-06 IMG-07 IMG-08 IMG-09 IMG-10IMG-01

Print Friendly, PDF & Email

Leave a Comment