Flash News

ബി ജെ പിയുടെ ഏഷ്യാനെറ്റ് ബഹിഷ്കരണം; സത്യമെന്താണ്?

October 25, 2014 , ബഷീര്‍ വള്ളിക്കുന്ന്

asianetഏഷ്യാനെറ്റും ബി ജെ പിയും തമ്മില്‍ പിണങ്ങിയിരിക്കുകയാണ്. ചാനലിനെ ബഹിഷ്കരിക്കുകയാണെന്ന് ബി ജെ പി പ്രഖ്യാപിച്ചു. അവരുടെ ചര്‍ച്ചകളില്‍ ബി ജെ പി പ്രതിനിധികളാരും പങ്കെടുക്കുകയില്ലെന്ന് പാര്‍ട്ടി നേതൃത്വം പത്രസമ്മേളനം നടത്തി പറഞ്ഞു. ഏഷ്യാനെറ്റ് തന്നെ അത് വലിയ വാര്‍ത്തയാക്കി. അവരുടെ വെബ്‌ എഡിഷനുകളില്‍ ഈ ബഹിഷ്കരണ വാര്‍ത്ത തുടരെത്തുടരെ അപ്ഡേറ്റ് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആ ബഹിഷ്കരണത്തെ വിശകലനം ചെയ്യുന്ന ഒരു പ്രത്യേക പരിപാടിയും അവര്‍ അവതരിപ്പിച്ചു. അജണ്ട എന്ന വാര്‍ത്താ വിശകലന പരിപാടിയിലാണ് ബി ജെ പി ബഹിഷ്കരണം വിഷയമായത്. ഏഷ്യാനെറ്റിനെതിരെ ബി ജെ പി ഉയര്‍ത്തുന്ന ആരോപണങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് അതിനുള്ള ചാനലിന്റെ പ്രതികരണങ്ങള്‍ ആയിരുന്നു ഈ പരിപാടിയില്‍. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏഷ്യാനെറ്റ് വളരെ മോശമായാണ് റിപ്പോര്‍ട്ട്‌ ചെയ്തത് എന്ന ബി ജെ പിയുടെ ആരോപണത്തെ സത്യമല്ലെന്ന് തെളിയിക്കുവാന്‍ അന്ന് നല്കിയ ചില റിപ്പോര്‍ട്ടുകളുടെ ക്ലിപ്പിംഗ് കാണിച്ചു. സത്യം പറഞ്ഞാല്‍ ബി ജെ പി മുഖപത്രം പോലും പറയാത്തത്ര ആവേശത്തില്‍ മോഡി ഭക്തി വഴിഞ്ഞൊഴുകുന്ന റിപ്പോര്‍ട്ടുകളാണ് ഏഷ്യാനെറ്റ്‌ കൊടുത്തിട്ടുള്ളത്. ഇങ്ങനെയൊക്കെ ഞങ്ങള്‍ കൊടുത്തിട്ടും നിങ്ങള്‍ എന്തിനാണ് പിണങ്ങിയത് എന്നാണ് ചാനല്‍ ചോദിക്കുന്നത്. സങ്കടം തോന്നിപ്പോയി ആ ചോദ്യം കേട്ടിട്ട്.

ഏഷ്യാനെറ്റ് പറയുന്നത് സത്യമാണ്. കാലു പിടിച്ചവന്റെ വാല് പിടിക്കുന്ന പണിയാണ് ബി ജെ പി ചെയ്തത്. കേരളത്തില്‍ ബി ജെ പിക്ക് മാര്‍ക്കറ്റ്‌ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ അവരുടെ പ്രധാന പണി. ബി ജെ പി യുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളില്‍ അവരുടെ നേതാക്കളെ വിളിച്ചു വരുത്തി ചര്‍ച്ചയില്‍ വേണ്ടത്ര സമയം കൊടുത്ത് ആ പാര്‍ട്ടിക്ക് ഒരു അഡ്രസ്‌ ഉണ്ടാക്കിക്കൊടുത്തതില്‍ പ്രധാന പങ്കു ഏഷ്യാനെറ്റിന് തന്നെയാണ്. കെ സുരേന്ദ്രനെ അന്തിച്ചര്‍ച്ചകളിലെ താരമാക്കിയതും ഏഷ്യാനെറ്റ് തന്നെ. സുരേന്ദ്രന് ഏഷ്യാനെറ്റ്‌ സ്റ്റുഡിയോയില്‍ ഒരു കിടക്കയും കക്കൂസും ഉണ്ടെന്ന് പോലും പറയപ്പെട്ടിരുന്നു. രാവിലെ പത്തുമണി ചര്‍ച്ചയില്‍ സ്റ്റുഡിയോയില്‍ ഇരിക്കുന്ന സുരേന്ദ്രന്‍ തന്നെ വൈകിട്ട് നാല് മണി ചര്‍ച്ചയിലും ഉണ്ടാവും. അതേ സുരേന്ദ്രനെ ഒമ്പത് മണിയുടെ ന്യൂസ് അവറിലും കാണാം. ചുരുക്കത്തില്‍ തീറ്റയും കുടിയും കിടത്തവും എല്ലാം ഏഷ്യാനെറ്റില്‍ തന്നെ എന്ന് തോന്നുന്ന രൂപത്തിലായിരുന്നു പോക്ക്. ഏഷ്യാനെറ്റ് സുരേന്ദ്രനെ ഇങ്ങനെ താരമാക്കിയപ്പോഴാണ് മറ്റ് ചാനലുകളും സുരേന്ദ്രനെ പിടിക്കാന്‍ തുടങ്ങിയത്. സുരേന്ദ്രന്‍ മാത്രമല്ല, അഡ്വ. ശ്രീധരന്‍ പിള്ളയും എം ടി രമേശും ഇല്ലാത്ത വാര്‍ത്തകള്‍ വളരെ അപൂര്‍വമായിരുന്നു ഏഷ്യാനെറ്റില്‍.

ba2ഏഷ്യാനെറ്റ്‌ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രമുഖ ബി ജെ പി നേതാവാണ്‌. സ്വന്തന്ത്ര പ്രതിനിധിയായാണ്‌ രാജ്യസഭയില്‍ അദ്ദേഹം ഇരിക്കുന്നതെങ്കിലും ബി ജെ പിയുടെ തിങ്ക്‌ ടാങ്കില്‍ ഒരാളാണ്. ബി ജെ പി യുടെ നയങ്ങളും നിലപാടുകളും ആസൂത്രണം ചെയ്യുന്ന കരട് രേഖ തയ്യാറാക്കാന്‍ (vision 2025) മുമ്പ് പാര്‍ട്ടി വിശ്വസിച്ച് ഏല്പിച്ചയാള്‍. മോഡി സ്തുതി നിറഞ്ഞൊഴുകുന്ന കുറിപ്പുകള്‍ അദ്ദേഹത്തിന്റെ ബ്ലോഗിലും കാണാം. രണ്ടായിരത്തി ഒമ്പതിലെ ബി ജെ പി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പത്ത് കോടി രൂപയാണ് ഇദ്ദേഹം നല്കിയത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എത്ര നല്കിയെന്ന് അറിയില്ല. ഏതായാലും ഒരു തവണ കാലാവധി പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ ബി ജെ പി വീണ്ടും എം പി യാക്കിയിരിക്കുകയാണ്. അദ്ദേഹമാണ് ഇപ്പോള്‍ ചാനലിന്റെ പ്രധാന ഉടമ. അതുകൊണ്ട് തന്നെ ബി ജെ പി ക്ക് ഏഷ്യാനെറ്റ്‌ നല്കിയിരുന്ന പിന്തുണയില്‍ ആരും അത്ഭുതപ്പെട്ടിരുന്നുമില്ല.

പിന്നെ ഇപ്പോള്‍ എന്താണ് സംഭവിച്ചിട്ടുള്ളത്?. ബി ജെ പി ചാനലെന്ന പേരുദോഷം മാറ്റാന്‍ വേണ്ടി ആ പാര്‍ട്ടിയും ബി ജെ പി നേതാക്കളും ചേര്‍ന്ന് കളിക്കുന്ന ഒരു നാടകമാണ് ഇതെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ബി ജെ പി അനുകൂല നിലപാടുകളുടെ പശ്ചാത്തലം വെച്ചാണ് ഇത്തരമൊരു വാദഗതി ഉയര്‍ന്നിട്ടുള്ളത്. ടി എന്‍ ഗോപകുമാറിന് പകരം എഡിറ്ററായി എം ജി രാധാകൃഷ്ണന്‍ വന്നതോടെയാണ് ബി ജെ പി പിണങ്ങിയത് എന്ന് മറ്റു ചിലരും പറയുന്നു. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടെ മകന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ആളല്ല എന്നും ബി ജെ പി അനുകൂല വാര്‍ത്തകള്‍ അദ്ദേഹം സെന്‍സര്‍ ചെയ്യുന്നു എന്നുമാണ് ഇതിന് തെളിവായി പറയുന്നത്.

ഈ രണ്ട് വാദഗതികളിലും അല്പം ലോജിക്ക് ഉണ്ടെങ്കിലും എനിക്ക് തോന്നുന്നത് മറ്റൊരു കാരണമാണ്. ബി ജെ പി നേതാക്കളും അവരുടെ ബുദ്ധിജീവികളും ഏഷ്യാനെറ്റിനെ സ്വന്തം ചാനലായി കണ്ടു. കഴിഞ്ഞ കാലങ്ങളില്‍ ആ ചാനലില്‍ നിന്ന് കിട്ടിയ പിന്തുണയും മുതലാളി നമ്മുടെ ആളാണെന്ന ഉദ്ബോധവും അത്തരമൊരു വിശ്വാസം അവരില്‍ ശക്തിപ്പെടുത്തി. ജന്മഭൂമിയും ജനം ടി വിയും പോലെ ബി ജെ പിയെയും സംഘ പരിവാര്‍ രാഷ്ട്രീയത്തേയും പിന്തുണയ്ക്കുന്ന ഒരു മാധ്യമ സ്ഥാപനം എന്ന നിലയ്ക്ക് പലയിടങ്ങളിലും ഏഷ്യാനെറ്റിനെ അവര്‍ പ്രോത്സാഹിപ്പിച്ചു. അങ്ങിനെയുള്ള ചാനലില്‍ നിന്ന് മേമ്പൊടിയ്ക്ക് ചെറിയ ബി ജെ പി വിമര്‍ശനങ്ങള്‍ വന്നതോടെ അവര്‍ അസ്വസ്ഥരായി. “ഹേ.. നമ്മുടെ ചാനല്‍ നമ്മളെ തന്നെ വിമര്‍ശിക്കുകയോ” എന്ന ഒരു ലൈനില്‍ കാര്യങ്ങള്‍ വളര്‍ന്നു. വളരെ അടുത്ത ആളുകള്‍ വിമര്‍ശിക്കുമ്പോഴാണല്ലോ മനസ്സ് കൂടുതല്‍ വേദനിക്കുക. ഇതോടൊപ്പം പുതിയ എഡിറ്ററുടെ വരവും ഇത്തിരി ശങ്കകള്‍ ഉണ്ടാക്കി. രമേശും മറ്റും കയറിക്കളിച്ചു തന്റെ ടി വി പ്രസന്‍സ് കുറഞ്ഞു വരുന്നുണ്ടോ എന്ന സംശയം കെ സുരേന്ദ്രനില്‍ ഒരുതരം കോമ്പ്ളക്സ് ജനിപ്പിക്കുകയും ചെയ്തിരിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ ഇമ്മാതിരി എല്ലാ ‘അളിഞ്ഞ മനശ്ശാസ്ത്ര’വും ഒറ്റയടിക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ ബഹിഷ്കരണം ജനിച്ചു.

ബഹിഷ്കരണം വന്ന സ്ഥിതിക്ക് ഏഷ്യാനെറ്റിനോട് പറയാനുള്ളത് ബേജാറാകേണ്ട എന്നാണ്. ഏറെക്കാലം പിടിച്ചു നില്‍ക്കാന്‍ ബി ജെ പി ക്ക് കഴിയില്ല. അവര്‍ തിരിച്ചു വരും. അതുവരെ ബി ജെ പി ക്ക് പകരം ‘സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷനകനായ’ അഡ്വ. ജയശങ്കരിനെ വിളിച്ചാല്‍ മതി. ഒരു വെടിക്ക് രണ്ട് പക്ഷി. ‘നിഷ്പക്ഷ’വും നടക്കും ബി ജെ പിയും നടക്കും. ബി ജെ പി ക്കാര്‍ പറയുന്നതിനേക്കാള്‍ കൂളായി അദ്ദേഹം മോഡിയേയും സംഘപരിവാര്‍ രാഷ്ട്രീയത്തേയും സംരക്ഷിച്ചു കൊള്ളും. അക്കാര്യം പൊട്ടന്മാരായ ആളുകള്‍ക്ക് പെട്ടെന്ന് പിടികിട്ടാതിരിക്കാന്‍ ചില നമ്പറുകള്‍ പുള്ളി പ്രയോഗിക്കുകയും ചെയ്തു കൊള്ളും. നിഷ്പക്ഷതയ്ക്ക് കേട് പറ്റുകയില്ല, ബി ജെ പി ലൈന്‍ പറയുകയും ചെയ്യാം.

ba3മറ്റൊരു രസകരമായ തമാശയുമുണ്ട്. അത് പറയാതെ പോകുന്നത് ശരിയല്ല. ബി ജെ പി തങ്ങളെ ബഹിഷ്കരിച്ചുവെന്ന് ബഹളം വെക്കുന്ന ഏഷ്യാനെറ്റ്‌ കോണ്‍ഗ്രസ്‌ വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനെ കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി ബഹിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ന്യൂസ് ഔവര്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റിന്റെ ബി ജെ പി വിധേയത്വം ചൂണ്ടിക്കാട്ടി വിനു വി ജോണിന് വായടപ്പന്‍ മറുപടി കൊടുത്തതിന്റെ പേരിലാണ് ഈ വിലക്ക് ഇപ്പോഴും തുടരുന്നത്. ആ വിലക്ക് പിന്‍വലിക്കുവാന്‍ ഏഷ്യാനെറ്റ്‌ തയ്യാറുണ്ടോ? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാര്‍ ആകുന്നതിന് മുമ്പ് ഈ ചോദ്യത്തിന് മറുപടി പറയാന്‍ അവര്‍ക്ക് സാധിക്കണം. നിങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുടെ വക്താവിനെ ബഹിഷ്കരിക്കാമെങ്കില്‍ പാര്‍ട്ടികള്‍ക്ക് തിരിച്ചും അതാവമല്ലോ.. തലയില്‍ ആള്‍താമസമുള്ള ആരും ബി ജെ പി യില്‍ ഇല്ലാത്തത് കൊണ്ടാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ചാനലായ ഏഷ്യാനെറ്റിനെ അവര്‍ ബഹിഷ്കരിച്ചത് എന്നാണ് പുതിയ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ പ്രതികരിച്ചത്. ആ പ്രസ്താവനയെ മാനിക്കുന്നു. പക്ഷേ തലയില്‍ ആള്‍താമസമുള്ള ആള്‍ക്കാര്‍ ഏഷ്യാനെറ്റില്‍ ഉണ്ടെങ്കില്‍ ഉണ്ണിത്താന്റെ വിലക്കും പിന്‍വലിക്കൂ.

അവസാനിപ്പിക്കാം.. കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ ഏഷ്യാനെറ്റിനുള്ള സ്ഥാനം വളരെ വലുതാണ്‌. സമര്‍ത്ഥരായ നിരവധി മാധ്യമ പ്രവര്‍ത്തകര്‍, കുറ്റമറ്റ സാങ്കേതിക സംവിധാനങ്ങള്‍, നല്ല വ്യൂവര്‍ഷിപ്പ്. പ്രശാന്ത് രഘുവംശത്തിന്റെ നേതൃത്വത്തിലുള്ള കിടിലന്‍ ഡല്‍ഹി ബ്യൂറോ (ഉള്ളത് പറയണമല്ലോ, ഏഷ്യാനെറ്റിന്റെ പ്രകടമായ ബി ജെ പി അനുകൂല നിലപാടിന് അപവാദമായി വാര്‍ത്തകളില്‍ നിഷ്പക്ഷത പുലര്‍ത്താനും അകലങ്ങളിലെ ഇന്ത്യ പോലുള്ള നിലവാരം പുലര്‍ത്തുന്ന പരിപാടികള്‍ അവതരിപ്പിക്കാനും ഈ ബ്യൂറോക്ക് പോയ നാളുകളില്‍ കഴിഞ്ഞിട്ടുണ്ട്). ഇത്തരം പോസിറ്റീവുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു മാറ്റം ഏഷ്യാനെറ്റിനും നല്ലതാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയുള്ള മാമാപ്പണി നിര്‍ത്തുക. ഇത്തിരി സെന്‍സേഷന് വേണ്ടി കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന വാര്‍ത്തകളെ ആളിക്കത്തിക്കാതിരിക്കുക. വാര്‍ത്തകളില്‍ മുതലാളിയുടെ രാഷ്ട്രീയം കലര്‍ത്താതെ മുന്നോട്ട് പോവുക. അങ്ങിനെയായാല്‍ മലയാളത്തിലെ ഒന്നാം നിര ചാനലായി തുടരാന്‍ പറ്റും. അതിന് പകരം ബി ജെ പി യുടെ ഈ തന്ത്രത്തില്‍ വീണ് മാപ്പപേക്ഷിക്കാനും അവരുടെ മുട്ടിലിഴയാനും അനര്‍ഹര്‍മായ പ്രാതിനിധ്യം നല്കി സന്തോഷിപ്പിക്കാനും ശ്രമിക്കുന്ന പക്ഷം വാര്‍ത്തയുടെ സത്യം മരിക്കും. നിഷ്പക്ഷമതികളായ ജനം ചാനലിനെ പതിയെ കൈവിടും. ജസ്റ്റ് റിമമ്പര്‍ ദാറ്റ്‌!!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top