മറൈന്‍ ഡ്രൈവില്‍ ചുംബിക്കാന്‍ പോകുന്ന കോമാളികളോട്

Kiss of Loveകോഴിക്കോട് ഡൌണ്‍ ടൌണ്‍ ഹോട്ടലില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ ഒരു പുലിവാല്‍ കല്യാണമായി മാറാന്‍ പോവുകയാണ്. പുലിയും വാലും റെഡിയായിക്കഴിഞ്ഞു. കല്യാണം നവംബര്‍ രണ്ടിന് നടക്കും. അന്നേ ദിവസം യുവതീ യുവാക്കള്‍ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടി പരസ്യമായി ചുംബിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ വെല്ലുവിളിക്കും. ധൈര്യമുണ്ടെങ്കില്‍ വന്ന് തടയെടാ എന്ന ലൈനില്‍. ന്യൂ ജനറേഷന്‍ സമരരീതിയെന്നാണ് ഈ ചുംബന ഉത്സവത്തെ പത്രവാര്‍ത്തകളില്‍ വിശേഷിപ്പിക്കുന്നത്. അരപ്പിരി ലൂസായ പരിപാടികള്‍ക്കാണ് പൊതുവേ ന്യൂ ജനറേഷന്‍ പരിപാടികള്‍ എന്ന് പറയാറുള്ളത്. സിനിമയായാലും കലയായാലും വേഷവിധാനങ്ങളായാലും അവിടെയൊക്കെ ഈ അരപ്പിരിയുടെ കുറവ് കാണാന്‍ പറ്റും. ഒരു പ്രശ്നത്തെ അതിന്റെ മര്‍മത്തില്‍ പിടിച്ചു കൊണ്ട് അതുയര്‍ത്തേണ്ട പ്രസക്തമായ ചിന്തകളെ പൊതുജനങ്ങളുടെ അറിവിനും ബോധ്യത്തിനും സമര്‍പ്പിക്കുമ്പോഴാണ് ആ സമരരീതിയെ ബുദ്ധിപൂര്‍വമെന്നോ ശാസ്ത്രീയമെന്നോ നാം പറയുക. പ്രശ്നത്തെ അതിന്റെ മര്‍മത്തില്‍ നിന്ന് എടുത്തു മാറ്റി ഓരോരുത്തരുടെയും ഭാവനകള്‍ക്കനുസൃതമായ രൂപത്തില്‍ വിശകലനം ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുമ്പോള്‍ വിഷയത്തിന്റെ മെറിറ്റ് അകാല ചരമമടയുന്നു. ചുംബന സമരത്തിലും സംഭവിക്കുന്നത് അതാണ്‌.

കോഴിക്കോട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയത് ചുംബനത്തിന് എതിരായ സമരമല്ല. തലയില്‍ ഇത്തിരി വെട്ടമുണ്ടെങ്കില്‍ മറൈന്‍ ഡ്രൈവിലേക്ക് വണ്ടി കയറാന്‍ നില്‍ക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് അതാണ്‌. അരപ്പിരി ലൂസാണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമ പ്രവര്‍ത്തനങ്ങളെ ഒരു ശതമാനം പോലും അംഗീകരിക്കുന്ന ആളല്ല ഞാന്‍. ശുദ്ധ തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവുമാണ് അവര്‍ ചെയ്തത്. ഒരു കാര്യം നാം മനസ്സിലാക്കണം, ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് (ചുംബനം നടക്കുന്നു എന്ന വാര്‍ത്തയുടെ പേരിലല്ല) അവര്‍ നിയമം കയ്യിലെടുത്ത് ആക്രമണം നടത്തിയത്. ഇന്ത്യന്‍ നിയമപ്രകാരം ഹോട്ടലിലെന്നല്ല, ഒരു പൊതുസ്ഥലത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പാടില്ല. അത് നിയമ വിരുദ്ധമാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഏതൊക്കെ വരുമെന്ന് നിയമം പഠിച്ചവരോട് ചോദിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റും. അത്തരം നിയമങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ അത് തുറന്ന് പറഞ്ഞ് സമരം ചെയ്യണം.

അപ്പോള്‍ വിഷയത്തിന്റെ മര്‍മ്മം അതാണ്‌, ഈ ഹോട്ടല്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു കേന്ദ്രമായി പ്രവത്തിക്കുന്നുണ്ടോ ഇല്ലയോ?, അല്ലാതെ രണ്ട് പേര്‍ക്ക് ചുംബിക്കാന്‍ പറ്റുമോ ഇല്ലയോ എന്നതല്ല. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് അന്വേഷിച്ചു കണ്ടെത്തി നടപടിയെടുക്കണം, ഹോട്ടല്‍ എന്നന്നേക്കുമായി പൂട്ടി അതിന്റെ നടത്തിപ്പുകാരെ അഴിക്കുള്ളിലാക്കണം.അനാശാസ്യ പ്രവര്‍ത്തനങ്ങ നടക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം കയ്യിലെടുത്ത് ഫാസിസ്റ്റ് പ്രവണതകള്‍ കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ ശിക്ഷിക്കണം. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് തെളിഞ്ഞാല്‍ വ്യാജ വാര്‍ത്ത പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ക്കും ചാനലിനുമെതിരെ നിയമനടപടി വേണം. ഇതൊക്കെയാണ് ഈ വിഷയത്തില്‍ ഉണ്ടാകേണ്ട ന്യായമായ നീക്കങ്ങള്‍. ഇത്തരം കാര്യങ്ങളൊന്നും ആവശ്യപ്പെടാതെ കുറെ വടക്ക് നോക്കികള്‍ മറൈന്‍ ഡ്രൈവില്‍ പോയി ചുംബിച്ച് പിരിഞ്ഞാല്‍ ഒരു പിണ്ണാക്കും കിട്ടില്ല. അത്തരമൊരു നാടകം കളിക്കാന്‍ പോകുന്ന എമ്പോക്കികളെ കണ്ടാല്‍ കുളിക്കണം.

ഒരു കുരങ്ങിനെ നിങ്ങള്‍ കല്ലെടുത്തെറിഞ്ഞാല്‍ കുരങ്ങ് ഇങ്ങോട്ടും കല്ലെടുത്തെറിയും. നിങ്ങള്‍ പല്ലിളിച്ചു കാണിച്ചാല്‍ അവനും പല്ലിളിച്ചു കാണിക്കും. നിങ്ങള്‍ ആരെയെങ്കിലും ചുംബിച്ചാല്‍ കുരങ്ങും കുരങ്ങത്തിയെ ചുംബിക്കും. പടച്ചവന്‍ കൊടുത്തിട്ടുള്ള ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണമാണ് (അനുകരണമാണ്) കുരങ്ങ് നടത്തുന്നത്. ചുംബന സമരം നടത്തുന്നവരും ഏതാണ്ട് അതാണ്‌ ചെയ്യാന്‍ പോകുന്നത്. അവരുടെ ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണം. കോഴിക്കോട്ടെ ഹോട്ടലില്‍ ചുംബനത്തിന് പകരം ലൈംഗിക വേഴ്ചയാണ് നടന്നതെങ്കില്‍ മറൈന്‍ ഡ്രൈവില്‍ ഇക്കൂട്ടര്‍ പരസ്യമായി ലൈംഗിക വേഴ്ച നടത്താനും മുതിര്‍ന്നെന്നു വരും. കാരണം കുരങ്ങിന്റെ പ്രതിഷേധ മനശ്ശാസ്ത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്, ബുദ്ധിയോ വിവേകമോ അല്ല. മോറല്‍ പോലീസിങ്ങിനെതിരെ ജനകീയ വികാരം വളര്‍ത്തുവാനുള്ള ശ്രമങ്ങളെ പിന്തുണക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ അതിന് അവലംബിക്കുന്ന രീതികള്‍ നമ്മുടെ നാടിന്റെ സംസ്കാരത്തോട് യോജിക്കുന്നതാകണം. ഇത്തരം ചുംബന നാടകങ്ങള്‍ ഉള്ള പിന്തുണ കൂടി ഇല്ലാതാക്കാനേ ഉപകരിക്കൂ.

യുവമോര്‍ച്ച ആക്രമത്തിനെതിരെ ഏറ്റവും ഫലപ്രദമായി പ്രതികരിച്ചത് കോഴിക്കോട്ടെ പയ്യന്മാരാണ്‌, ചുംബന ആഹ്വാനം നല്കിയ ഫ്രീക്കന്മാരും ഫ്രീക്കത്തികളുമല്ല. ‘കോഴിക്കോട്ടെ ആങ്കുട്ട്യേളെ കണ്ടുക്കാ?’ എന്ന് ആരും ചോദിച്ചു പോകുന്ന പ്രതികരണം. യുവമോര്‍ച്ചക്കാര്‍ അടിച്ചു നിരപ്പാക്കിയ ഹോട്ടല്‍ അന്ന് വൈകുന്നേരം തന്നെ പയ്യന്മാര്‍ തുറപ്പിച്ചു. തുറപ്പിച്ചു എന്ന് മാത്രമല്ല, ഹിറ്റായ ഹോട്ടലിനെ മെഗാ ഹിറ്റാക്കി. സീറ്റ് കിട്ടാതെ ആളുകള്‍ വലയുന്ന കാഴ്ച. യുവമോര്‍ച്ചക്കാര്‍ക്ക് ചെകിടത്ത് അടികിട്ടിയതിനേക്കാള്‍ വലിയ നാണക്കേടാണ് അത് വഴി വന്നിട്ടുള്ളത്. ഒരു അക്രമ പ്രവര്‍ത്തനത്തോട് ഇത്രയും സര്‍ഗാത്മകമായി അടുത്ത കാലത്തൊന്നും ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല, യുവമോര്‍ച്ചക്കാരുടെ ആക്രമത്തോടെ ഹോട്ടല്‍ ഇപ്പോള്‍ ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ബി ബി സി അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളിലല്ലേ ഹോട്ടലിന്റെ വാര്‍ത്തയും ചിത്രങ്ങളും വന്നിരിക്കുന്നത്. താമസിയാതെ തന്നെ സായിപ്പുമാര്‍ വേറീസ് ഡൌണ്‍ ടൌണ്‍? എന്ന് ചോദിച്ച് കോഴിക്കോട്ടെത്തും. നോക്കണേ, ഓരോരുത്തരുടെ ഭാഗ്യം വരുന്ന വഴികള്‍.

മറ്റൊരു കാര്യം ഇത്തരം മാധ്യമ വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ ഭ്രാന്തിളകിയത് പോലെ വടിയും കുന്തവുമായി ഇറങ്ങാറുള്ളത്‌ യുവമോര്‍ച്ചക്കാര്‍ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കുട്ടിക്കുരങ്ങന്മാര്‍ കഴിഞ്ഞ കാലങ്ങളില്‍ ഇതുപോലുള്ള അഭ്യാസങ്ങള്‍ പലയിടത്തും പലവട്ടം നടത്തിയിട്ടുണ്ട്. (കേന്ദ്രം ഭരിക്കുന്നത്‌ ബി ജെ പി ആയതിനാല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ആക്രമത്തിനുള്ള മുസ്ലി പവര്‍ ഇപ്പോള്‍ ഇത്തിരി കൂടിയിട്ടുണ്ട് എന്ന് മാത്രം). ഈ വിഷയത്തില്‍ ഒരു പാര്‍ട്ടിയും മോശമല്ല എന്നര്‍ത്ഥം. ഉദാഹരണങ്ങള്‍ പറയേണ്ട ആവശ്യമില്ലാത്ത വിധം അവിതര്‍ക്കിതമായ വസ്തുതയാണിത്. അതുകൊണ്ട് തന്നെ ഇതൊരു യുവമോര്‍ച്ച ആക്രമപ്രശ്നം മാത്രമായി പരിമിതപ്പെടുത്തുന്നതിലും പന്തികേടുണ്ട്.

അപ്പോള്‍ പറഞ്ഞു വരുന്നത് വിഷയത്തിന്റെ മെറിറ്റ്‌ നോക്കി പ്രതികരിക്കുക എന്നതാണ്. പത്രത്തില്‍ വാർത്തയും വിവാദവും ഉണ്ടാക്കാന്‍ വേണ്ടി ലവ്, കിസ്സ്‌ എന്നൊന്നും പറഞ്ഞ് നടന്നിട്ട് കാര്യമില്ല. എല്ലാത്തിനും അതിന്റേതായ സമയവും സ്ഥലവുമൊക്കെയുണ്ട്. അതൊക്കെ അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മനുഷ്യന്മാരെപ്പോലെ ജീവിക്കാം. അതല്ലെങ്കില്‍ നാല്‍ക്കാലികളെപ്പോലെ എവിടെ വെച്ചും എന്തുമാകാം. മറൈന്‍ ഡ്രൈവില്‍ ചുംബന സമരത്തിന് പോകുന്നവര്‍ 916 കോമാളികളാണ്. അതിലാര്‍ക്കും സംശയം വേണ്ട.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment