Flash News

നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

October 30, 2014 , സ്വന്തം ലേഖകന്‍

PHOTO-3-1അങ്കമാലി: നിയന്ത്രണം വിട്ട കാര്‍ മീഡിയന്‍ ഇടിച്ചു തകര്‍ത്ത് ബസ് കാത്തുനിന്നവരുടെ ദേഹത്തേക്കു പഞ്ഞുകയറി. 19 വിദ്യാര്‍ത്ഥിനികളടക്കം 22 പേര്‍ക്ക് പരുക്കേറ്റു. വൈകുന്നേരം 4.45ന് ദേശീയപാത 47ല്‍ കറുകുറ്റി കപ്പേള ജംഗ്ഷനു മുന്നിലായിരുന്നു അപകടം.

കറുകുറ്റി സെന്‍റ് ജോസഫ്സ് സ്കൂളിലെ വിദ്യാര്‍ഥിനികളായ മരിയ ചെറിയാന്‍, ജാസ്മിന്‍ ജെയിംസ്, മഞ്ജുഷ ജയന്‍, ആഷ സജി, സേതുലക്ഷ്മി, ജൂബി രാജു, മെര്‍ലിന്‍ സെബാസ്റ്റ്യന്‍, ലിമിയ മാര്‍ട്ടിന്‍, ആലിഷ മെറിന്‍ ഡേവീസ്, റോസ് മേരി ബാബു, ഡാനിയ സക്കറിയ, അമൃത സിബി മാമ്പ്ര, എയ്ഞ്ചല്‍ ജോസ്, അഖില കൂവേലി, ആന്‍സ ആന്‍റണി, സോനു ബെന്നി, ആന്‍മരിയ എന്നിവരാണു പരുക്കേറ്റ വിദ്യാര്‍ഥികള്‍. കൂടാതെ ബസ് കാത്തുനിന്ന ജോബി പൈനാടത്ത്, ഷിജി ജോസ്, സുബ്രഹ്മണ്യന്‍, ബൈക്ക് യാത്രക്കാരന്‍ ഷാജു കരയാംപറമ്പ് എന്നിവര്‍ക്കും പരുക്കേറ്റു.

തൃശൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് സൈഡ് മീഡയനിലേക്ക് ഇടിച്ചു കയറിയത്. “യു’ ടേണ്‍ എടുത്തുവന്ന ബൈക്കില്‍ ഇടിക്കാതിരിക്കാനായി കാര്‍ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചു കയറിയതെന്നു ദൃക്സാക്ഷികള്‍. ആള്‍ക്കൂട്ടത്തിലേക്കും പിന്നീട് കാര്‍ മറ്റൊരു ബൈക്കിലും ഇടിച്ചു. മീഡിയനിലൂടെ കുറച്ചുദൂരം ഓടിയശേഷമാണ് കാര്‍ നിന്നത്.

അപകടത്തില്‍ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് അഭ്യൂഹം പരന്നതോടെ രോഷാകുലരായ നാട്ടുകാര്‍ മണിക്കൂറോളം ദേശീയപാത ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ദേശീയപാതയില്‍ കറുകുറ്റി കപ്പേള കവലയില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. ബൈക്കുകള്‍ ഇടതുവശത്തേക്ക് ഇടിച്ചുതെറിപ്പിച്ച് 50 മീറ്ററോളം മുന്നോട്ടോടി നിയന്ത്രണംവിട്ട് സര്‍വീസ് റോഡിന്‍െറ മീഡിയനില്‍ ഇടിച്ചുകയറുകയായിരുന്നു. ഈ സമയം മീഡിയനില്‍ മാമ്പ്ര ഭാഗത്തേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തിനിരയായത്.

അപകടം സംഭവിച്ചയുടന്‍ ഏതാനും വിദ്യാര്‍ഥികളുടെ ജീവന്‍ അപായത്തിലായെന്ന് പ്രചരിക്കുകയും അത് ചില ചാനലുകളില്‍ ഫ്ളാഷ് കാണിക്കുകയും ചെയ്തതാണ് ജനങ്ങള്‍ പ്രകോപിതരാകാന്‍ കാരണം. പൊലീസ് എത്തിയെങ്കിലും നാട്ടുകാര്‍ അടങ്ങിയില്ല. കലക്ടര്‍ സ്ഥലത്തത്തെണമെന്ന് നാട്ടുകാര്‍ വാശിപിടിച്ചു. ഒടുവില്‍ ആലുവ തഹസില്‍ദാര്‍ കെ. ചന്ദ്രശേഖരന്‍ നായരെത്തി ചര്‍ച്ച നടത്തിയാണ് പ്രശ്നം ശാന്തമാക്കിയത്.

പരുക്കേറ്റവരെ അതുവഴി വന്ന മറ്റു വാഹനങ്ങളില്‍ നാട്ടുകാര്‍ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥിനി കറുകുറ്റി നടുവത്ത് വീട്ടില്‍ മധുവിന്‍റെ മകള്‍ അമൃതയെ (14) എറണാകുളം സപെഷ്യലിസ്റ്റ് ആശുപത്രയിലും അഖിലയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും പിന്നീട് മാറ്റി. ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടായ പരിക്ക് സാരമുള്ളതല്ല. കാലിനും കൈകള്‍ക്കുമാണ് മിക്കവര്‍ക്കും പരിക്കേറ്റിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top