Flash News

സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)

October 31, 2014 , ചീഫ് എഡിറ്റര്‍

edit3“ഹര്‍ത്താലുകള്‍ ഈ വിധമെങ്കില്‍ ദൈവത്തിനുപോലും ഈ നാടിനെ രക്ഷിക്കാനാവില്ല.” ഈ വാക്കുകള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ അഭിമാനിക്കുന്ന കേരളത്തിലെ ചീഫ്‌ ജസ്റ്റീസ്‌ എച്ച്‌. എല്‍. ദത്ത് 2008-ല്‍ പ്രസ്താവിച്ചതാണ്. ഹര്‍ത്താലുകളും ബന്ദുകളും ജനദ്രോഹപരമായിത്തീര്‍ന്നതിനാല്‍ 1997-ല്‍ കേരളത്തില്‍ ബന്ദ്‌ നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹര്‍ത്താല്‍ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും തുരത്താന്‍ മഹാത്മാ ഗാന്ധി ഉപയോഗിച്ച അഹിംസയുടെ മാര്‍ഗ്ഗമായിരുന്നു. അതാണ്‌ ഹര്‍ത്താലിനു നല്‍കുന്ന പുണ്യപരിവേഷം. പക്ഷെ കേരളത്തില്‍ ഹര്‍ത്താലുകള്‍ സൃഷ്ടിക്കുന്നതു ദുരന്തങ്ങള്‍ മാത്രമാണ്. സാമൂഹ്യജീവിതത്തിനും പരിസ്ഥിതിക്കും, സാമൂഹ്യജീവിത മൂല്യങ്ങള്‍ക്കും സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷിതത്വമില്ലാത്ത ഒരു നാടാക്കി കേരളത്തെ നശിപ്പിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വികലമായ ഹര്‍ത്താല്‍ സംസ്കാരം.

പൊതുജീവിതം ദുഷ്കരമാക്കുന്ന ഹര്‍ത്താലുകളും പൊതു പണിമുടക്ക് സമരങ്ങളും ആധുനിക ലോകം തീര്‍ത്തും എല്ലാമേഖലകളിലും ഉപേക്ഷിച്ചുവരുന്ന അനുഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. തൊഴിലാളികള്‍ തൊഴിലാളി-സമൂഹത്തിനു നിഷേധിക്കപ്പെടുന്ന മൗലിക അവകാശങ്ങള്‍ക്കുവേണ്ടി സമരങ്ങള്‍, പണിമുടക്കുകള്‍ തുടങ്ങിയവ നടത്തുന്നത് ലോകമന:സാക്ഷിക്കു വിരുദ്ധമല്ല എന്നു പൊതുവെ വിശ്വസിക്കുന്നുണ്ട്. എന്നാല്‍, ബന്ത്, ഹര്‍ത്താല്‍, ഘെരാവോ, നോക്കുകൂലി, വെട്ടിനിരത്തല്‍, ഇടിച്ചുടയ്ക്കല്‍, അട്ടിമറി തുടങ്ങിയ പ്രാകൃത സമരങ്ങള്‍ പൊതു മുതല്‍ നശിപ്പിക്കുന്നതും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നതും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമാകരുതെന്നു മാത്രം.

har6പണ്ടൊക്കെ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍ മാത്രം പ്രഖ്യാപിക്കാറുള്ള ബന്ത് ആയിരുന്നു ഏറ്റവും വലിയ സമരമുറ. മാസങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിക്കുകയും ഏറെ നാളത്തെ തയാറെടുപ്പുകള്‍ക്കു ശേഷം നടപ്പാക്കുകയും വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന ബന്ത് സര്‍ക്കാര്‍ ഇടപെടലോടെ കോടതി നിരോധിച്ചു. നിരോധനം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഹര്‍ത്താല്‍ എന്ന പേരില്‍ ബന്തിന്‍റെ പുതിയ വകഭേദമുണ്ടായി. പല വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍ മാത്രം സംഭവിച്ചിരുന്ന ബന്തിനു പകരം പ്രാദേശികം, ജില്ല, സംസ്ഥാനം, ദേശീയം തുടങ്ങിയ പേരുകളില്‍ മിക്ക ദിവസങ്ങളിലും എവിടെയെങ്കിലുമൊക്കെ ഹര്‍ത്താല്‍ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ സ്ഥിതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതു താത്പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി നടത്തിയ വിധിപ്രസ്താവം പൊതു സമൂഹത്തിന്‍റെ കണ്ണു തുറപ്പിക്കേണ്ടതാണ്.

രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നടത്തുന്ന ഹര്‍ത്താന്‍ ആഹ്വാനം നിയമംമൂലം തടയാനാവില്ലെന്നാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചിരിക്കുന്നത്. പക്ഷേ, ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്താനുള്ള ബാധ്യത നിയമ നിര്‍മാണ സഭകള്‍ക്കാണെന്നു കോടതി ഓര്‍മിപ്പിക്കുന്നു. പ്രതിഷേധസൂചകമായി നടത്തുന്ന അവകാശസമരങ്ങളെ ഭരണഘടനയിലെ 19(2) അനുച്ഛേദപ്രകാരം പൂര്‍ണമായി നിരോധിക്കാന്‍ കോടതികള്‍ക്കു റിട്ടധികാരം ഉപയോഗിക്കാനാവില്ല. ഹര്‍ത്താല്‍ അക്രമത്തിലേക്കു തിരിയുകയും അനിഷ്ടസംഭവങ്ങളുണ്ടാവുകയും ചെയ്താല്‍ നേരിടാന്‍ ഇപ്പോഴത്തെ നിയമ സംവിധാനങ്ങള്‍ക്ക് അവകാശമുണ്ട്. അവ പാലിക്കപ്പെട്ടില്ലെങ്കില്‍ ഇടപെടാമെന്നാല്ലാതെ, ആരും ഹര്‍ത്താലിന് ആഹ്വാനം ചെയ്യരുതെന്നു പറയാന്‍ കോടതിക്കാവില്ലെന്നു നിയമങ്ങള്‍ ഉദ്ധരിച്ചു ഫുള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

har1വ്യവസ്ഥിതികളോടോ, അനീതികളോടോ ഉള്ള പ്രതിഷേധമാണ് സമരങ്ങള്‍. തൊഴിലിടങ്ങളോ സ്ഥാപനങ്ങളോ നശിപ്പിച്ചു കൊണ്ടുള്ള അക്രമസമരങ്ങള്‍ പ്രതിഷേധ സമരമായി കാണാനാവില്ല. സ്വത്തുവകകള്‍, അവ ആരുടേതായാലും നശിപ്പിക്കപ്പെടുന്നത് എത്രയോ ആളുകളുടെ നിലനില്പിനെത്തന്നെ ബാധിച്ചേക്കാം. പണ്ടു കാലത്ത് തൊഴിലാളികളുടെ അജ്ഞത മുതലെടുത്ത് ചൂഷണം ചെയ്തിരുന്ന ബൂര്‍ഷ്വാ സംസ്കാരം പലേടത്തും നിലനിന്നിരുന്നു എന്നു സമ്മതിക്കാം. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഒട്ടു മിക്ക സ്ഥാപനങ്ങളിലും തൊഴിലുടമ തന്നെയാണ് തൊഴിലാളികളും. അഥവാ, തൊഴില്‍ മേഖലയിലെ കൂട്ടായ്മകള്‍ തന്നെയാണ് ബഹുഭൂരിഭാഗം മേഖലയിലെയും ഉടമകളും തൊഴിലാളികളും. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ആക്രമിക്കപ്പെടുകയും ജീവനും അതുവരെയുള്ള സമ്പാദ്യങ്ങളും നശിപ്പിക്കപ്പെടുന്നതും അവര്‍ക്കു താങ്ങാന്‍ കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ഹര്‍ത്താല്‍ സമരങ്ങളും അതു വഴിയുണ്ടാകുന്ന അക്രമങ്ങളും അവര്‍ അനുകൂലിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനത്തിനും അതേത്തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ക്കും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കാന്‍ സമഗ്ര നിയമനിര്‍മാണത്തിനു നിര്‍ദേശിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടിയത്. 2008-ല്‍ കേരള നിയമസഭ ഇതുസംബന്ധിച്ച കരട് ബില്‍ ഉണ്ടാക്കിയെങ്കിലും വ്യവസ്ഥകള്‍ പാലിക്കാന്‍ ഒരു സര്‍ക്കാരും കൂട്ടാക്കിയില്ല. പൊതുജീവിതത്തെ ഹര്‍ത്താല്‍ തടസപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കാതിരിക്കുക, സഞ്ചാരസ്വാതന്ത്ര്യം നിലനിര്‍ത്തുക, പൗരസംരക്ഷണത്തിന് പൊലീസ് സഹായം നല്‍കുക, ഹര്‍ത്താലിനെത്തുടര്‍ന്ന് ഉണ്ടാകുന്ന അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി ശിക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു കരട് ബില്ലില്‍.

har7സമരങ്ങളല്ല, സമര രീതികളാണ് ഇനി മാറേണ്ടത്. ഒരു ദിവസത്തെ ഹര്‍ത്താല്‍ ഓരോ സംസ്ഥാനത്തും വരുത്തുന്ന ഉത്പാദന നഷ്ടം താങ്ങാന്‍ കഴിയാത്തതാണ്. പ്രത്യേകിച്ചു കേരളം പോലെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതും നിസാര കാര്യങ്ങള്‍ക്കു പോലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതുമായ ഒരു സംസ്ഥാനത്ത്.  ഹര്‍ത്താലുകള്‍ ഇനി വേണ്ടെന്ന് വെയ്ക്കാം എന്നൊരു തീരുമാനമെടുക്കാന്‍ കേരള സമൂഹത്തിന് കഴിയുമോ? കേരളത്തില്‍ ബിസിനസ് സൗഹൃദ അന്തരീക്ഷം സംജാതമാകുന്നു എന്ന സന്ദേശം എല്ലായിടത്തും എത്തിക്കാന്‍ ഈ ഒരൊറ്റ തീരുമാനം തന്നെ വളരെ വലിയ പങ്കുവഹിക്കും. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമൂഹത്തിന്റെയും സഹകരണം കൂടിയേ തീരൂ. വന്‍ നിര്‍മാണ വ്യവസായങ്ങള്‍ക്കൊന്നും സാധ്യതയില്ലാത്ത കേരളത്തിന് ടൂറിസവും ഹോസ്പിറ്റാലിറ്റി വ്യവസായവും ഐ.റ്റി വ്യവസായവും അനുയോജ്യമാണെന്ന് ഏവരും സമ്മതിക്കുന്നതാണ്. ഹര്‍ത്താലുകള്‍ കൊണ്ട് ഏറ്റവും ദുരിതമനുഭവിക്കുന്നത് ഈ മേഖലകളാണ്. ചുരുക്കത്തില്‍ ഹര്‍ത്താലുകളിലൂടെ  രാഷ്‌ട്രീയ പാര്‍ട്ടികള്‍ നശിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള വ്യവസായ മേഖലകളെയാണ്.

മൊയ്തീന്‍ പുത്തന്‍‌ചിറ
ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top