അമേരിക്കന്‍ ഡ്രീംസ് പ്രകാശനം നിര്‍വഹിച്ചു

3-American Dreams Book Realease photoഹ്യൂസ്റ്റന്‍: യാത്രാവിവരണ സാഹിത്യത്തില്‍ നവാഗതനായ ബി. വിജയകുമാര്‍ രചിച്ച “അമേരിക്കന്‍ ഡ്രീംസ്” എന്ന ഗ്രന്ഥം ഒക്ടോബര്‍ 19 ഞായറാഴ്ച തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍വച്ച് പ്രസിദ്ധ കവയിത്രി ശ്രീമതി സുഗതകുമാരി ടീച്ചറില്‍നിന്നും തമിഴ്, മലയാള സാഹിത്യകാരന്‍ നീല പത്മനാഭന് ആദ്യപ്രതി നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ഈ ഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ എല്ലാം തന്നെ വസ്തുനിഷ്ഠവും, ലളിതവും, അറിവുകള്‍ പകരുവാന്‍ ഉതകുന്ന തരത്തില്‍ എഴുത്തുകാരന്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ശ്രീമതി സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ചെറിയ കാര്യങ്ങള്‍പോലും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തിലാണെന്ന് ഗ്രന്ഥത്തിന് അവതാരിക എഴുതിയ നീല പത്മനാഭന്‍ പറഞ്ഞു.

ഈശ്വരപ്രാര്‍ത്ഥന കുമാരി ഗോപികാ അനില്‍ ആലപിച്ചു. സത്യഭാമാ ബുക്ക്‌സ് ഉടമ ചെറമംഗലം ശിവദാസ് സ്വാതതപ്രസംഗം നടത്തി. ഈ ഗ്രന്ഥം തന്റെ രണ്ടാമത്തെ പ്രസിദ്ധീകരണമാണെന്നും മറ്റ് യാത്രാവിവരണങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇത് എഴുതിയിട്ടുള്ളതുകൊണ്ടാണ് താന്‍ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതെന്നും ബി. വിജയകുമാര്‍ പറഞ്ഞു. യോഗത്തിന്റെ അദ്ധ്യക്ഷനായ തിരുവനന്തപുരം ചാല ഗ്രെയിന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റും, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ് ഭരണസമിതി അംഗവുമായ എസ്. താണുപിള്ള, നവാഗതനായ ബി. വിജയകുമാര്‍ വ്യാപാരിയായിട്ടും ഈ ഗ്രന്ഥം രചിക്കുവാന്‍ കാണിച്ച സാഹസികതയെ അനുമോദിച്ചു.

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ പി. അശോക് കുമാര്‍ ബി. വിജയകുമാറിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സംസ്ഥാന ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡന്റും 2013-ല്‍ മൊറോക്കോയില്‍ വെച്ചു നടന്ന ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചുമായിരുന്ന വി.കെ.അനില്‍കുമാര്‍ ഒരു കായികതാരം കൂടിയായ ബി. വിജയകുമാര്‍ ഒരു ഗ്രന്ഥകര്‍ത്താവായി മാറിയതില്‍ അത്ഭുതം പ്രകടിപ്പിച്ചു.

യോഗത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ഗ്രന്ഥകര്‍ത്താവായ ബി. വിജയകുമാര്‍ തന്നെ ഈ ഉദ്യമത്തിന് പ്രചോദനം നല്‍കിയത് തന്റെ സുഹൃത്തുക്കളാണെന്നും, തന്റെ അമേരിക്കന്‍ പര്യടനത്തെക്കുറിച്ച് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോള്‍ എല്ലാവര്‍ക്കും വേണ്ടി ഒരു യാത്രാവിവരണ ഗ്രന്ഥം തയ്യാറാക്കിയതുമാണെന്നും, അതനുസരിച്ച് തന്റെ സന്ദര്‍ശനവേളയിലെ ഓരോ സ്ഥലത്തെക്കുറിച്ചും താന്‍ എഴുതി വെച്ചിരുന്ന കാര്യങ്ങള്‍ ഏകോപിപ്പിച്ച് ഒരു ഗ്രന്ഥമായി രൂപപ്പെടുത്തിയതാണെന്നും പറഞ്ഞു.

ഈ സന്ദര്‍ശനവേളക്ക് സാഹചര്യം ഒരുക്കിയ അമേരിക്കയിലെ തന്റെ മരുമകന്‍ ജീവന്‍ലാല്‍, മകള്‍ ലക്ഷ്മി, ചെറുമകള്‍ വൈഗാ എന്നിവര്‍ക്കും സന്ദര്‍ശനവേളയില്‍ താനും, ഭാര്യ പ്രഭാകുമാരിയും, മരുമകന്റെ പിതാവ് മണിയന്‍ നായര്‍, മാതാവ് ശ്രീമതി വനജകുമാരി എന്നിവര്‍ക്കും യോഗത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും വിജയകുമാര്‍ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ സമ്മേളനം പര്യവസാനിച്ചു.

Print Friendly, PDF & Email

Leave a Comment