2015 മുതല്‍ വാഹനങ്ങളില്‍ എയര്‍ ബാഗുകള്‍ നിര്‍ബ്ബന്ധമാക്കുമെന്ന് കേന്ദ്രം

imagesന്യൂഡല്‍ഹി : 2015 ഒക്ടോബര്‍ മാസം മുതല്‍ രാജ്യത്ത് വില്‍ക്കുന്ന കാറുകളില്‍ സേഫ്റ്റി എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. റോഡപകട നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവില്‍ ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന കാറുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് മരണ നിരക്കുകള്‍ കൂടാന്‍ കാരണമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

2013ല്‍ രാജ്യത്ത് 4,86,000 റോഡപകടങ്ങള്‍ ഉണ്ടായതായും റോഡപകടങ്ങളില്‍ 1,37,576 പേര്‍ മരിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതേ തുടര്‍ന്നാണ് വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലക്കാണ് കാറുകളില്‍ സേഫ്റ്റി ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത്. എയര്‍ ബാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നതോടെ മരണ നിരക്ക് കുറയുമെന്നാണ് കണക്കാക്കുന്നത്.

കൂടാതെ അമിത വേഗതയില്‍ വരുന്ന വാഹനം അപകടം കൂടാതെ പെട്ടെന്ന് നിര്‍ത്തുന്നതിനുള്ള ആന്‍റിലോക്ക് ബ്രേക്ക് സംവിധാനം, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സംവിധാനങ്ങള്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ അത് യാത്രക്കാരനെ അറിയിക്കുന്നതിനുള്ള സംവിധാനം തുടങ്ങി നിരവധി മാറ്റങ്ങള്‍ ഇന്ത്യന്‍ കാറുകളില്‍ വരുത്താനാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇതിനായുള്ള നിയമ ഭേദഗതി കൊണ്ടു വരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ള കാറുകളിലും സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കിയേക്കും. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിക്കുന്നതോടെ കാര്‍ വില 30,000 മുതല്‍ 35,000 വരെ ഉയരാന്‍ സാധ്യതയുണ്ട്.

Print Friendly, PDF & Email

Leave a Comment