മാണിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു: ബിജു രമേശ്

biju-rameshതിരുവനന്തപുരം: കെഎം മാണിക്ക് ഒരു കോടി രൂപ നല്‍കിയത് ബാറുകള്‍ അടയ്ക്കുന്നതിന് മുമ്പായിരുന്നെന്ന് ബാറുടമ ബിജു രമേശ്. മന്ത്രി മാണിക്കെതിരെ മുമ്പുപറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ദല്ലാള്‍പ്പണി തന്റെ രീതിയല്ലെന്നും ബിജു പറഞ്ഞു. രേഖകളും തെളിവുകളും അതീവ രഹസ്യമാണ്. ഇത് വിജിലന്‍സിന് നല്‍കും. ആരുമായും ഒത്തു തീര്‍പ്പിനില്ലെന്നും വിജിലന്‍സിന് വിശദമായ മൊഴിനല്‍കിയതായും അദ്ദേഹം പറഞ്ഞു.

4 മണിക്കൂര്‍ നീണ്ട വിശദമായ ചോദ്യം ചെയ്യല്‍ സൗഹൃദപരമായിരുന്നുവെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ ചോദ്യവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും തെളിവുകള്‍ അസോസിയേഷന്റെ അഞ്ചംഗ സംഘത്തിന് കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു. താന്‍ ദല്ലാള്‍ പണി ചെയ്തിട്ടില്ല അതു കൊണ്ട് തന്നെ ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ബിജു രമേശ് പറഞ്ഞു.

അതേ സമയം ഒരു കോടി രൂപയല്ല 20 കോടി രൂപ കൈമാറിയെന്ന് ഇന്നലെ നടന്ന ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് ആരോപിച്ചിരുന്നുവെങ്കിലും അതിനെ കുറിച്ച സംസാരിക്കാന്‍ ബിജു രമേശ് തയ്യാറായില്ല.

വിജിലന്‍സ് ദക്ഷിണമേഖലാ എസ്പി എം. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നിലാണ് ബിജു രമേശ് ഹാജരായത്. ഡിവൈഎസ്പിമാരായ അശോകന്‍, സുരേഷ് എന്നിവരും സംഘത്തിലുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടാകും.

Print Friendly, PDF & Email

Leave a Comment