മാധ്യമ സ്വാതന്ത്ര്യം ചര്‍ച്ചയായ വേദിയില്‍ പ്രസ് ക്ലബ് അവാര്‍ഡുകള്‍ ജോണി ലൂക്കോസിനും എം.ജി. രാധാക്രിഷ്ണനും സമ്മാനിച്ചു

 

1

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കൊക്കെ വലിയ തിരിച്ചടിയാണ് ജനം എക്കാലവും നല്‍കിയിട്ടുള്ളതെന്ന് മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ടൈസന്‍ സെന്ററില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരം ജോണി ലൂക്കോസ് (മനോരമ ടിവി), എം.ജി. രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ്) എന്നിവര്‍ക്ക് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളെല്ലാം സര്‍ക്കാരിന്റെ വരുതിയിലായിരുന്നു. പക്ഷെ ഇലക്ഷന്‍ വന്നപ്പോള്‍ ഇന്ദിരാഗാന്ധിയെ തോല്‍പിച്ചാണ് ജനം പ്രതികരിച്ചത്. അതേസമയം, 2002-ലെ ഗുജറാത്ത് കലാപത്തിനുശേഷം ദേശീയ മാധ്യമങ്ങളെല്ലാം നരേന്ദ്ര മോഡിക്ക് എതിരായിട്ടും അദ്ദേഹം ഗുജറാത്തില്‍ 2004-ല്‍ വന്‍ വിജയം നേടി. ഇതു വൈരുദ്ധ്യമെന്നു തോന്നാം. ജാഗ്രവത്തായ ഒരു ജനത ഇന്ത്യയിയിലുണ്ടെന്നതിനു തെളിവാണിത്. 2004-ലെ ബി.ജെ.പിയുടെ ഇന്ത്യാ ഷൈനിംഗ് പ്രചാരണവും ഫലിച്ചില്ലെന്ന് ഓര്‍ക്കുക.

ഇന്ത്യന്‍ ഭരണഘടനയില്‍ എല്ലാ കാര്യങ്ങളും തന്നെ ഏറെ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. പക്ഷെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശമൊന്നുമില്ല. മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി മാത്രമാണ് ഭരണഘടന പറയുന്നത്. അതു മൗലികാവകാശമാക്കിയതിലൂടെ തന്നെ മാധ്യമ സ്വാതന്ത്ര്യം അതിരില്ലാത്തതാണ് എന്നാണ് എഴുതിയിരിക്കുന്നത്. നിര്‍വചനങ്ങള്‍ക്ക് അതീതമാണത്. മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ പരിധികള്‍ ഭരണഘടനയില്‍ തന്നെ നിശ്ചയിക്കേണ്ടതായിരുന്നു. അതു ചെയ്തില്ല. ജനാധിപത്യത്തിന്റെ നിലനില്‍പിന്റെ അടിത്തൂണ്‍ തന്നെ ഈ സ്വാതന്ത്ര്യമാണെന്ന് ഭരണഘടനാ ശില്‍പികള്‍ കരുതി. മാധ്യമ സ്വാതന്ത്ര്യം അമിതമാകുമെന്നോ ദുരുപയോഗം ചെയ്യപ്പെടുമെന്നോ അവര്‍ ഭയന്നില്ല. അതുകൊണ്ടു തന്നെയാണ് മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനാഗ്രഹിച്ചവര്‍ക്ക് തിരിച്ചടി നേരിടേണ്ടിവന്നത്.

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം മാധ്യമങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന പരോക്ഷമായ വിമര്‍ശനമുണ്ട്. പക്ഷെ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ശക്തി വളരെ വലുതാണ്. പ്രചാരണങ്ങളോ നിയന്ത്രണങ്ങളോ അല്ല ജനത്തെ സ്വാധീനിക്കുന്നത്. അതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ അവര്‍ക്കാകുന്നു എന്നാണ് ഇതേവരെയുള്ള ചരിത്രം തെളിയിച്ചിരിക്കുന്നത്.

രണ്ടുതവണ തൂക്കു പാര്‍ലമെന്റ് ഉണ്ടായപ്പോഴും സുഗമമായി സര്‍ക്കാരുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയമാണ്. അതുപോലെ സുഗമമായ അധികാര കൈമാറ്റം നടക്കുന്നു എന്നത് മറ്റ് വികസ്വര രാഷ്ട്രങ്ങളിലൊന്നും കാണുന്ന കാര്യമല്ല. കോര്‍പറേറ്റ് മാധ്യമങ്ങള്‍ പോലും ജനാധിപത്യത്തിന് എതിരായ നിലപാട് ഒരിക്കലും എടുത്തിട്ടില്ല.

സ്വാതന്ത്ര്യവും നിഷ്പക്ഷമായ വിലയിരുത്തലിലൂടെ തികച്ചും അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് നല്‍കുന്നത്. രാവിലെ നടന്ന സെമിനാറുകളിലെ ആശയ ഗാംഭീര്യം അതിശയിപ്പിക്കുന്നതായിരുന്നു. ചേരികള്‍ മറന്ന് പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാന്‍ കഴിയുന്നതും അഭിനന്ദനാര്‍ഹം തന്നെ.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂയോര്‍ക്കില്‍ പ്രസംഗിച്ചത് മഹാസംഭവമാക്കി മാറ്റാന്‍ ഗുജറാത്തി സമൂഹത്തിനായി. അതുപോലെ മലയാളി സമൂഹവും ഭിന്നതയ്ക്കപ്പുറത്ത് പൊതുവായ കാര്യങ്ങളില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കണമെന്നദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തുറന്ന പെരുമാറ്റമാണ് എന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ക്കൊക്കെ കാരണമെന്ന് ജോണി ലൂക്കോസ് പറഞ്ഞു. കൃത്രിമത്വത്തിനോ, സത്യസന്ധമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കോ താന്‍ മുതിര്‍ന്നിട്ടില്ല. എം.ജി രാധാകൃഷ്ണന്റെ പിതാവായ പി. ഗോവിന്ദപിള്ളയുമായി താന്‍ നടത്തിയ അഭിമുഖം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കം മറക്കാറായിട്ടില്ല. തനിക്കും അദ്ദേഹം പിതൃതുല്യനായിരുന്നു. അഭിമുഖം പ്രശ്‌നമായെങ്കിലും തന്നെ കുറ്റപ്പെടുത്താന്‍ അദ്ദേഹം മുതിര്‍ന്നില്ലെന്നു മാത്രമല്ല ജോണി നന്നായിട്ടാണ് അതു ചെയ്തതെന്ന് പറയാന്‍ പോലും മടിച്ചില്ല. അത്തരം വലിയ മനുഷ്യരെ കണ്ടെത്തുക എളുപ്പമല്ല- ജോണി പറഞ്ഞു. പുരസ്‌കാരത്തിന്റെ പേരില്‍ നിന്ന് മാധ്യമശ്രീ ഒഴിവാക്കി ഐ.പി.സി.എന്‍.എ മാധ്യമ പുരസ്‌കാരം എന്നു മാത്രമാക്കണമെന്നദ്ദേഹം നിര്‍ദേശിച്ചു.

മാധ്യമ രംഗത്തെ ഗൗരവപൂര്‍വ്വം വീക്ഷിക്കുന്ന ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെയുണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകള്‍ പുതിയ സാധ്യതകളും വെല്ലുവിളികളും ഉയര്‍ത്തുന്നു. അതിനനുസൃതമായി മാധ്യമ ലോകം മാറേണ്ടി വരുന്നു. കോര്‍പറേറ്റ്‌വത്കരണവും രാഷ്ട്രീയ മാറ്റങ്ങളും മാധ്യമ രംഗത്തെ സ്വാധീനിക്കുന്നു. സഹിഷ്ണുത കുറഞ്ഞ സമൂഹവും ഉണ്ടാകുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ഡോ. റോയ് പി. തോമസിനേയും {പിന്‍സ് മര്‍ക്കോസിന്റെയും ആദരിച്ചു. കൈരളി ടിവിയിലൂടെ ഡോ. റോയി തോമസ് അവതരിപ്പിക്കുന്ന ആരോഗ്യപംക്തി 500 എപ്പിസോഡ് പിന്നിടുകയും അതിനു കേരളത്തില്‍ വലിയ പ്രചാരം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതു പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്.

സമ്മേളനങ്ങളില്‍ നര്‍മ്മത്തിലൂടെ മനം കവരുന്ന ഡോ. റോയി തോമസ് 40 കഴിഞ്ഞാലുള്ള പ്രേമവും പ്രമേഹവും വിവരിച്ചത് ചിരിയുണര്‍ത്തി.

ആമുഖ പ്രസംഗം നടത്തിയ പ്രസ് ക്ലബ് ദേശീയ വൈസ് പ്രസിഡന്റ് ജോസ് കാടാപുറം മത്സരങ്ങള്‍ക്കിടയിലും ഒന്നിച്ചണിനിരക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാകുന്നത് പ്രത്യേക തയായി ചൂണ്ടിക്കാട്ടി. എം.സിയായിരുന്ന നാഷണല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍ പ്രസ് ക്ലബിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് പ്രത്യേക അഭിവാദ്യമര്‍പ്പിച്ചു. അധ്യക്ഷത വഹിച്ച നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു പ്രസ് ക്ലബ് അംഗങ്ങളുടെ സാഹോദര്യത്തിലാണ് ഈ സംഘടന കെട്ടിപ്പെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഭിന്നതകള്‍ക്കോ താന്‍പോരിമകള്‍ക്കോ ഇതില്‍ സ്ഥാനമില്ല. സ്വന്തം പണവും സമയവും ചെലവഴിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഇവിടുത്തെ പ്രവര്‍ത്തകരുടെ അര്‍പ്പണബോധം തന്നെയാണ് പ്രസ് ക്ലബിന്റെ കൈമുതലും- ടാജ് മാത്യു ചൂണ്ടിക്കാട്ടി.

അവാര്‍ഡ് ജേതാക്കളെ ഡോ. കൃഷ്ണകിഷോര്‍, ജോസ് കാടാപുറം, ജോര്‍ജ് ജോസഫ് എന്നിവര്‍ പരിചയപ്പെടുത്തി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാനഡയില്‍ നിന്ന് എത്തിയ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണിന് ഭാരവാഹികള്‍ പ്രത്യേക നന്ദി പറഞ്ഞു.

പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് ശിവന്‍ മുഹമ്മ, അഡൈ്വസറി ബോര്‍ഡ് അംഗം ജോസ് കണിയാലി, ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, പ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ജോണ്‍ കൊളക്കാട്ട്, മനു തുരുത്തിക്കാടന്‍, മലയാള പത്രം എക്‌സിക്യൂട്ടീവ് എഡിറ്ററും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റുമായ ജേക്കബ് റോയി, റോക്ക്‌ലാന്റ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

.ന്യു യോര്‍ക്ക് ചാപ്ടര്‍ സെക്രട്ടറി സണ്ണി പൗലോസ്, ട്രഷറര്‍ ജെ. മാത്യുസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേത്രുത്വം നല്‍കി. അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണമായ ‘ചലനം’ 1972-ല്‍ ആരംഭിച്ച ബിഷപ്പ് അച്ചോയ് മാത്യുവിന് പ്രസ് ക്ലബിന്റെ വിശിഷ്ടാംഗത്വം പ്രസിഡന്റ് ടാജ് മാത്യു നല്‍കി.

2 341a 2a 3a 4a 5 6 7 8 9 1011 12 13 14 15 16 17 18 19 20 21 22 23 24 2526 27 28 29 30 31 32 33 34

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment