കലാവേദി കലോത്സവം ചരിത്രം കുറിച്ചു

Award to Meenuന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി കലാവേദി കലോത്സവം ന്യൂയോര്‍ക്കില്‍ അരങ്ങേറി. ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഇര്‍വിന്‍ ആള്‍ട്‌മാന്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സഹൃദയസഞ്ചയത്തെ സാക്ഷിയാക്കി കേരളത്തില്‍ നിന്നും അതിഥിയായെത്തിയ മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

യുവതലമുറയിലെ ഏറ്റവും മികച്ച പ്രതിഭാശാലികളെ കോര്‍ത്തിണക്കി അവതരിപ്പിച്ച കലോത്സവം ഏതൊരു പ്രൊഫഷണല്‍ കലാപരിപാടിയോടും കിടപിടിക്കുന്നതായിരുന്നു.
ഇവിടെയുമുണ്ട്‌ താരങ്ങള്‍ എന്ന്‌ തെളിയിക്കുവാന്‍ പോന്നതായിരുന്നു കലാപ്രകടനങ്ങളുടെ മികവ്‌.

ബോളിവുഡ്‌ നൃത്തസംഘമായ `ആത്മ’യുടെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണവിസ്‌മയങ്ങളും, ചാരുതയാര്‍ന്ന ചടുല താളങ്ങളും വിസ്‌മയലോകം തന്നെ സൃഷ്‌ടിച്ചു. എട്ടുവയസുകാരി ജിയാ വിന്‍സെന്റ്‌ ആയിരുന്നു കലാവേദി ലൈംലൈറ്റിലെ പ്രത്യേക താരം. പ്രശസ്‌തമായ `രാജഹംസമേ..’ എന്നാരംഭിക്കുന്ന ചലച്ചിത്രഗാനം, ശ്രുതിലയഭാവതാളഭംഗിയോടെ ‘കൊച്ചു ജിയാ’യുടെ മധുര ശബ്‌ദത്തില്‍ പാടിത്തീരുംമുമ്പേ പ്രേക്ഷകരൊന്നടങ്കം എഴുന്നേറ്റ്‌ നിന്ന്‌ ആരവത്തോടെ കൈയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു.

കുറ്റമറ്റതും സുതാര്യവുമായ മാനദണ്‌ഡങ്ങളിലൂടെ ഒക്‌ടോബര്‍ 11-ന്‌ നടത്തിയ സംഗീത-നൃത്ത മത്സരങ്ങളിലെ വിജയികള്‍ക്ക്‌ `കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ്‌’ വിതരണം ചെയ്‌തു. 1000 ഡോളറും പ്രശംസാ ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ രണ്ടു വിഭാഗങ്ങളിലും വിജയികള്‍ പങ്കിട്ടു.

ക്രിസ്റ്റി തോമസ്‌ (കര്‍ണ്ണാടിക്‌ സംഗീതം), അലക്‌സ്‌ ജോര്‍ജ്‌ (ലളിതഗാനം), മീനു ജയകൃഷ്‌ണന്‍ (ഭരതനാട്യം), മറിയം നിവേദിത (നാടോടിനൃത്തം) എന്നിവരാണ്‌ കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ്‌ വിജയികള്‍.

പ്രശസ്‌ത സംഗീതജ്ഞന്‍ ശ്രീ നിലമ്പൂര്‍ കാര്‍ത്തികേയന്‍ സംഗീതം നല്‌കിയ കലാവേദി ഗാനം പല്ലവി സംഗീത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആലപിച്ചു.

സീമാറ്റ്‌ ഓട്ടോ സെന്റര്‍, കൊട്ടീലിയന്‍ റെസ്റ്റോറന്റ്‌, പോപ്പുലര്‍ ഓട്ടോ സെന്റര്‍, ഫൈവ്‌ സ്റ്റാര്‍ റെസ്റ്റോറന്റ്‌ എന്നീ സ്ഥാപനങ്ങളായിരുന്നു അവാര്‍ഡ്‌ സ്‌പോണ്‍സേഴ്‌സ്‌.

AATMA Dance AATMA Audience K  Jayakumar Kalavedi Golden Awarad winners Pallavi School Souvenir Release

Print Friendly, PDF & Email

Leave a Comment