ഉറൂബിനെ ഓര്‍ക്കാന്‍ ആരുമില്ല: സേതു

sethu on uroobതൃശൂര്‍: ഉറൂബിന്‍െറ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന കൃതിക്കപ്പുറം മലയാള നോവല്‍ സാഹിത്യം ഇന്നും വളര്‍ന്നിട്ടില്ലെന്ന് സേതു. സി.വി. രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ’യിലെ സുഭദ്രക്കു ശേഷം ഉറൂബിന്‍െറ ഉമ്മാച്ചുവാണ് മലയാളത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രം. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഉറൂബ് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സേതു.

ഓര്‍മ കുറയുകയും മറവി കൂടുകയും ചെയ്യുന്ന ഇക്കാലത്ത് ഉറൂബിനെപ്പോലുള്ളവരെ ഓര്‍ക്കാന്‍ ചടങ്ങുകള്‍ വേണ്ടിവരുന്നു. മലയാളത്തിലെ എക്കാലത്തേയും ഈ വലിയ നോവലിസ്റ്റ് വിസ്മരിക്കപ്പെട്ടവരുടെ കൂട്ടത്തിലാണ്. കൊണ്ടുനടക്കാന്‍ സംഘടനയും പ്രസ്ഥാനവും ഇല്ലാതെ പോയതായിരിക്കാം കാരണം. എന്നാല്‍, മറ്റു പല എഴുത്തുകാരേക്കാള്‍ പതിന്മടങ്ങ് വായനക്കാര്‍ അദ്ദേഹത്തിന് അന്നും ഇന്നുമുണ്ട്. ഉറൂബിന്‍െറ വ്യക്തി വിശുദ്ധി അദ്ദേഹത്തിന്‍െറ കഥാപാത്രങ്ങള്‍ക്കുമുണ്ട്. പ്രാദേശിക സ്വത്വമായിരുന്നു അദ്ദേഹത്തിന്‍െറ കരുത്ത്. ചെറിയൊരു ലോകത്തുനിന്ന് ഊര്‍ജം സമാഹരിച്ച് മറ്റൊരു ലോകത്തേക്ക് വിനിമയം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. മാനവികതയായിരുന്നു അദ്ദേഹത്തിന്‍െറ എഴുത്തിലെ രാഷ്ട്രീയമെന്നും സേതു അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment