വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചു കൊണ്ടുവരും; നരേന്ദ്ര മോദി

g201-e1416074667245ബ്രിസ്ബെയ്ന്‍ : വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം വീണ്ടെടുക്കുന്നതിനാണു തന്‍റെ സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ലോകരാജ്യങ്ങളുടെ സഹായം മോദി അഭ്യര്‍ഥിച്ചു.

കള്ളപ്പണം വന്‍സുരക്ഷാ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കള്ളപ്പണം പോലെ തന്നെ വിവിധ രാജ്യങ്ങള്‍ നേരിടുന്ന ഭീഷണിയാണു നികുതിവെട്ടിപ്പും കള്ളക്കടത്തും. ഇവ തടയാന്‍ വിവിധ രാജ്യങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ജി 20 രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഉച്ചകോടിയില്‍ മോദി അഭ്യര്‍ഥിച്ചു.

ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ, ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ ഉച്ചകോടിയില്‍ നിന്നു വ്ളാദിമിര്‍ പുട്ടിന്‍ പിന്‍മാറിയേക്കുമെന്നു റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ തന്നെ ഇദ്ദേഹം റഷ്യയിലേക്ക് തിരിച്ചേക്കും. ഉക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ഉയര്‍ന്നു വന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു നിന്നു. ഇതിനു ശേഷമാണു ഉച്ചകോടി സമാപിക്കും മുന്‍പു തന്നെ സ്വദേശത്തേക്ക് മടങ്ങാന്‍ പുട്ടിന്‍ തീരുമാനിച്ചത്. ഉക്രെയ്നില്‍ അധിനിവേശം തുടര്‍ന്നാല്‍ റഷ്യയ്ക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നു കാമറൂണ്‍ മുന്നറിയിപ്പ് നല്‍കി. ഉക്രെയ്ന്‍ സര്‍ക്കാര്‍ വിമതര്‍ക്കു റഷ്യ നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു പുട്ടിന്‍റെ തീരുമാനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment