ദൈവ വിശ്വാസമുള്ളവര്‍ നല്ലവരാകണമെന്നില്ല

daivam2ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനു ചര്‍ച്ചകള്‍ മണിക്കൂറുകളോളം നീണ്ടു നില്‍ക്കുമെന്നല്ലാതെ ഇന്നോളം കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. സ്വന്തം ഭാഗം ശരിയാണെന്നു തെളിയിക്കാനായി ഇരുകൂട്ടത്തില്‍പ്പെട്ടവര്‍ക്കും ധാരാളം ന്യായീകരണങ്ങളുമുണ്ടായിരിക്കും. പക്ഷേ ഇത്തവണ അവിശ്വാസികള്‍ക്ക് അനുകൂലമായ കണ്ടെത്തലുമായാണു ഗവേഷകര്‍ എത്തുന്നത്. ദൈവവിശ്വാസികളായതുകൊണ്ടു മാത്രം നല്ല സ്വഭാവമുള്ളവരായി ആരും മാറുന്നില്ലെന്നാണു പുതിയ പഠനങ്ങളില്‍ തെളിയുന്നത്.

വിശ്വാസികളിലും അവിശ്വാസികളിലും ഉള്ള നല്ല ശീലങ്ങളും ചീത്ത ശീലങ്ങളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ചിക്കാഗോയിലെ യൂനിവേഴ്സിറ്റി ഒഫ് ഇല്ലിനോയ്സിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഒരു കാര്യത്തില്‍ മാത്രമാണ് ഇരുകൂട്ടരും തമ്മില്‍ വ്യത്യാസമുള്ളത്. ദൈവവിശ്വാസികള്‍ തങ്ങള്‍ ചെയ്യുന്ന നന്മകളെ കുറിച്ചാലോചിച്ചു മറ്റുള്ളവരേക്കാള്‍ കൂടുതലായി അഭിമാനിക്കാറുണ്ട്. അതു പോലെ തന്നെ ശരിയല്ലാത്ത എന്തെങ്കിലും ചെയ്യേണ്ടി വന്നാല്‍ അവിശ്വാസികളെ അപേക്ഷിച്ച് കൂടുതല്‍ കുറ്റബോധവും തോന്നും. അതല്ലാതെ വ്യക്തിയുടെ സ്വഭാവം മാറ്റുന്നതില്‍ ദൈവവിശ്വാസത്തിനു വലിയ സ്വാധീനമൊന്നും ചെലുത്താന്‍ ഇതു വരെ കഴിഞ്ഞിട്ടില്ലെന്നു പഠനത്തിനു നേതൃത്വം നല്‍കിയ സൈക്കോളജിസ്റ്റ് ലിന്‍ഡ സ്കിറ്റ്ക പറയുന്നു.

ഓരോരുത്തരിലെയും ധാര്‍മികതയെയും അധാര്‍മികതയെയും കുറിച്ചറിയുന്നതിനു നടത്തിയ പഠനത്തില്‍ പതിനെട്ടു മുതല്‍ അറുപത്തെട്ടു വയസു വരെ പ്രായമുള്ള ആയിരത്തി ഇരുന്നൂറ് പേരെയാണ് ഉള്‍പ്പെടുത്തിയത്. മൊബൈല്‍ ഫോണുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിത്വത്തെ കുറിച്ചു മനസിലാക്കുന്നതിനായി നല്‍കിയ ചോദ്യാവലിക്കു ലഭിച്ച ഉത്തരങ്ങളാണു പഠനത്തിന് അടിസ്ഥാനമാക്കിയത്.

കുറച്ചു പേരെ ഒരുമിച്ചു നിര്‍ത്തി എതെങ്കിലും സംഭവത്തോടുള്ള അവരുടെ പ്രതികരണം നിരീക്ഷിക്കുന്നതിലും വിശ്വസ്തമായ വിവരങ്ങളാണ് മൊബൈല്‍ ഫോണ്‍ വഴി നടത്തിയ സര്‍വേയിലൂടെ ലഭിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. ആത്മാര്‍ഥത, സത്യസന്ധത, വിശ്വസ്ഥത സ്നേഹം എന്നീ ഗുണങ്ങളെക്കുറിച്ചെല്ലാം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പോലെ ബോധ്യമുണ്ട്. അതറിഞ്ഞു കൊണ്ടു തന്നെയാണു നിത്യജീവിതത്തില്‍ ഓരോ കാര്യങ്ങളോടും അവര്‍ പ്രതികരിക്കുന്നതുമെന്നും പഠനത്തില്‍ പറയുന്നു. ജേണല്‍ സയന്‍സിലാണ് പഠനത്തിന്‍റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment