കാമുകനുമായി ചേര്‍ന്ന് മകളെ കൊലപ്പെടുത്തിയ യുവതിക്ക് ജാമ്യമില്ല

anushanthiകൊച്ചി: കാമുകനുമായി ചേര്‍ന്ന് മൂന്നര വയസ്സുകാരി മകളെയും ഭര്‍തൃമാതാവിനെയും കൊന്ന കേസിലെ പ്രതി അനുശാന്തിയുടെ ജാമ്യഹരജി ഹൈകോടതി തള്ളി. നിരപരാധിയാണെന്നും താനുമായി ലൈംഗികബന്ധം ആഗ്രഹിച്ച ഒന്നാം പ്രതി നിനോ മാത്യു താന്‍ അത് നിഷേധിച്ചതിന്‍െറ പക തീര്‍ക്കാന്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തുകയായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് അനുശാന്തി ജാമ്യഹരജി നല്‍കിയത്.

ടെക്നോപാര്‍ക്കിലെ ഐ.ടി സ്ഥാപനത്തിലെ ടീം ലീഡറാണ് അനുശാന്തി. ഇതേ സ്ഥാപനത്തിലെ പ്രോജക്ട് മാനേജറായ നിനോ മാത്യുവുമായി സ്നേഹത്തിലായിരുന്ന ഹരജിക്കാരി ഇയാളുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ, നിനോ ഹരജിക്കാരിയുടെ മൊബൈല്‍ ഫോണിലേക്കയച്ച സന്ദേശം ഭര്‍ത്താവ് കാണാനിടയായി. ഇതേതുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി ഒന്നിച്ചുജീവിക്കാന്‍ ഗൂഢാലോചന നടത്തിയാണ് കൃത്യം നിര്‍വഹിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഏപ്രില്‍ 14-ന് ഉച്ചക്ക് ഒന്നിനാണ് കുഞ്ഞിനെയും വൃദ്ധയെയും കൊലപ്പെടുത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നിനോ മാത്യു ശ്രമിച്ചത്. എന്നാല്‍, ഇയാളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഹരജിക്കാരിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. അനുശാന്തിക്കും പങ്കുണ്ടെന്ന് കണ്ടതോടെ അവരെയും അതേ ദിവസം അറസ്റ്റ് ചെയ്തു. കൊലപ്പെടുത്താനുള്ള ശ്രമത്തില്‍നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഹരജിക്കാരിയുടെ ഭര്‍ത്താവാണ് കേസിലെ പ്രധാന സാക്ഷിയെന്നും ഹരജിക്കാരിയെ ജാമ്യത്തില്‍ വിട്ടാല്‍ ഇയാളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment