ഹ്യൂസ്റ്റന്‍ കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥാ രചനകളെപറ്റി സമഗ്ര ചര്‍ച്ചാ സമ്മേളനം

3-Houston Kerala Writers' Forum November Meeting

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ ചര്‍ച്ചാ സമ്മേളനം സ്റ്റാഫോര്‍ഡിലെ സുപ്രീം ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നവംബര്‍ 15-ാം തീയതി വൈകുന്നേരം റിട്ടയേര്‍ഡ് ഭാഷാ അധ്യാപകനായ ടി.ജെ. ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേരുകയുണ്ടായി.

കഥാരചനയുടെ പണിപ്പുരയില്‍ കയറുന്ന രചയിതാക്കള്‍ അറിയേണ്ടതും ആവിഷ്‌ക്കരിക്കേണ്ടതുമായ വൈവിധ്യമേറിയ സാഹിത്യ തത്വദീക്ഷകളെപ്പറ്റിയും വായനക്കാരേയും അനുവാചകരേയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകതയേയും ആസ്പദമാക്കി പ്രസിദ്ധ കഥാകൃത്തായ ജോണ്‍മാത്യു പ്രബന്ധമവതരിപ്പിച്ചു. പ്രബന്ധത്തോടൊപ്പെം രണ്ടു മിനി കഥകളും അദ്ദേഹം വായിച്ചു വിലയിരുത്തി.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ബിരുദവുമുള്ള, ഇപ്പോള്‍ ഹ്യൂസ്റ്റന്‍ നിവാസിയുമായ ബി.ജോണ്‍ കുന്തറയുടെ പുതിയ ഇംഗ്ലീഷ് നോവലായ ‘ദ അണ്‍ബീറ്റന്‍ മൈന്‍ഡ്’ അദ്ദേഹം തന്നെ റൈറ്റേഴ്‌സ് ഫോറം സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു. ആമസോണ്‍ ഡോട് കോമിലൂടെ ലഭ്യമാകുന്ന ഈ ഇംഗ്ലീഷ് നോവലില്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് ആദ്യകാലത്ത് ഇന്ത്യയില്‍ നിന്ന് കുടിയേറിയ പഞ്ചാബില്‍ നിന്നുള്ള സിക്കുകാരുടെ യാതനയുടേയും വേദനയുടേയും നീതിനിഷേധത്തിന്റേയും ചരിത്ര സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥപറയുകയാണ്.

കഥാകൃത്തായ ജോസഫ് തച്ചാറ എഴുതിയ ‘രണ്ടു ഭീകരര്‍’ എന്ന ചെറുകഥ അദ്ദേഹം തന്നെ വായിച്ചു. പള്ളീലച്ചനും, പിശാചുബാധ ഒഴിപ്പിക്കലും, സ്വപ്നവും, കെട്ടിപിടുത്തവും ചുംബന മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഈ കഥ നാട്ടില്‍ എമ്പാടും പ്രതിഷേധ ചുംബന സമരങ്ങള്‍ നടമാടുന്ന ഈ അവസരത്തില്‍ ചിരിക്കാനും ചിന്തിക്കാനും അല്‍പം വക നല്‍കി. പ്രബന്ധത്തേയും കഥകളേയും പറ്റി അതിവിശദമായ ചര്‍ച്ചകളും നിരൂപണങ്ങളും നടത്തിക്കൊണ്ട് മാത്യു മത്തായി, ശശിധരന്‍ നായര്‍, പീറ്റര്‍ പൗലോസ്, എ.സി. ജോര്‍ജ്, ടി.എന്‍. സാമുവല്‍, മാത്യു കുരവക്കല്‍, ബോബി മാത്യു, മേരി കുരവക്കല്‍, മോളി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

നവംബര്‍ മാസത്തെ താങ്ക്‌സ് ഗിവിംഗ് ആശംസകളോടെ ചര്‍ച്ചാ സമ്മേളനം പര്യവസാനിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment