കണ്ണൂരിന്റെ സ്വപ്ന പദ്ധതിയായ വിമാനത്താവളം 2015 ഡിസംബറില്‍ പൂര്‍ത്തിയാകും

15tvkr-kannurairpo_1951237fതിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2015 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നു മന്ത്രി കെ. ബാബു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള വാനനിരീക്ഷണ ഉടമ്പടികള്‍ ഒപ്പിട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നയമനുസരിച്ച് അനുവദിച്ച വാര്‍ത്താവിനിമയ എയര്‍ സംവിധാനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അഥോറിറ്റിയുമായി എയര്‍ നാവിഗേഷന്‍ സര്‍വീസ്, എയര്‍ ട്രാഫിക് മാനെജ്മെന്‍റ് ഉടമ്പടിയാണ് ഒപ്പിട്ടത്. കാലാവസ്ഥ സംബന്ധിച്ച സേവനങ്ങള്‍ക്കായി കേന്ദ്ര വാനനിരീക്ഷണ വകുപ്പുമായി എംഒയുവും അനിവാര്യമാണ്. എയര്‍പോര്‍ട്ട് അഥോറിറ്റിയുമായുള്ള എഎന്‍എസ്, എടിഎം ഉടമ്പടി കഴിഞ്ഞ 17നു ന്യൂഡല്‍ഹിയില്‍ ഒപ്പുവച്ചു.

വിമാനത്താവള പദ്ധതിയില്‍ ഈ രണ്ടു പ്രധാന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പദ്ധതിയാണു കണ്ണൂരിലേതെന്നും മന്ത്രി. എഎന്‍എസ്, എടിഎം ഉടമ്പടി അനുസരിച്ചു കണ്ണൂര്‍ വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് അഥോറിറ്റി ഒഫ് ഇന്ത്യയുടെ വിഎച്ച്എഫ് കമ്മ്യൂണിക്കേഷന്‍സ്, ഡിവിഒആര്‍ ആന്‍ഡ് ഡിഎംഇ, വോയ്സ് റെക്കോര്‍ഡര്‍, ജിപിഎസ് ക്ലോക്ക് സിസ്റ്റം, എടിഎസ് ഓട്ടോമേഷന്‍, ഇന്‍സ്ട്രമെന്‍റ് ലാന്‍റിങ് സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ ലൈന്‍സ്, കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു റഡാര്‍ സിഗ്നല്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകും.

വാനനിരീക്ഷണ ഉടമ്പടി അനുസരിച്ച് ഇന്ത്യന്‍ വാന നിരീക്ഷണ വകുപ്പിന്‍റെ റണ്‍വേ വിഷ്വല്‍ റേഞ്ച് അളക്കാനുള്ള ഉപകരണങ്ങള്‍, കാറ്റിന്‍റെ വേഗം, ഗതി, അന്തരീക്ഷ ഊഷ്മാവ് എന്നിവ അളക്കാനുള്ള ഉപകരണങ്ങള്‍, സാറ്റലൈറ്റ് മാപ്പുകള്‍, ചിത്രങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും. വിമാനത്താവളത്തിന്‍റെ 34% എയര്‍സൈഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും ടെര്‍മിനല്‍ ബില്‍ഡിങിന്‍റെ 15% നിര്‍മാണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. 2015 ഡിസംബര്‍ 31നു ട്രയല്‍ ലാന്‍ഡിങ്ങും 2016 മാര്‍ച്ചില്‍ കമ്മിഷനിങും നടത്തും. വിമാനത്താവളത്തിന്‍റെ റണ്‍വേ 3400 മീറ്റായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തത്കാലം അതിന്‍റെ ആവശ്യം വരുന്നില്ലെന്നും മന്ത്രി.

എന്നാല്‍ ആകെ റണ്‍വേയ്ക്ക് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കും. വീടു നഷ്ടപ്പെട്ടവര്‍ക്കു തൃപ്തികരമായ പുനരധിവാസ പാക്കെജാണു നല്‍കുന്നത്. ഇതില്‍ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും മന്ത്രി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment