പിണറായി വീണ്ടും സി.പി.എക്കെതിരെ

Pinarayi-Vijayan6_15തിരുവനന്തപുരം: പശ്ചിമബംഗാളില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുമ്പോള്‍ എന്തുകൊണ്ട് ഹരം കൊള്ളാന്‍ കഴിയുന്നുവെന്ന് സി.പി.ഐയോട് പിണറായി വിജയന്‍െറ ചോദ്യം. പടിഞ്ഞാറന്‍ ബംഗാളിന്‍െറ ഇന്നത്തെ അവസ്ഥയില്‍ എന്തുകൊണ്ട് ഹരം കൊള്ളാന്‍ ഈ നേതാവിന് കഴിഞ്ഞുവെന്ന് കാനം രാജേന്ദ്രനെ സൂചിപ്പിച്ച് പിണറായി ചോദിച്ചു. സി.പി.എം അവിടെ തകരണം എന്ന് ആഗ്രഹിക്കുന്നവരുടെ വികാരം പങ്കിടാന്‍ ഈ നേതാവിന് എങ്ങനെ കഴിയുന്നു?.

സി.പി.ഐ പറയുന്ന തെറ്റ് തിരുത്തിയിരുന്നെങ്കില്‍ ഇന്ന് സി.പി.എം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, സി.പി.എമ്മുമായി കൂട്ടുകെട്ടില്ല എന്ന് വാശിപിടിച്ചവര്‍ക്ക് നിലപാട് തിരുത്തി 67ല്‍ തന്നെ യോജിച്ച് നില്‍ക്കേണ്ടിവന്നു. ‘65ലെ തെരഞ്ഞെടുപ്പില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് ഈ പറയുന്ന പാര്‍ട്ടിക്കാര്‍ പറഞ്ഞത്. ജനങ്ങളുടെ അംഗീകാരമാണ് വേണ്ടതെന്ന ഞങ്ങളുടെ നിലപാടിനാണ് അംഗീകാരം ലഭിച്ചത്.

ആര്‍.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും പാര്‍ട്ടി ഒരുഘട്ടത്തിലും കൂട്ടുകൂടിയിട്ടില്ല. ജമാഅത്തെ ഇസ്ലാമി ഇപ്പോഴാണ് രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ചത്. അതിന് മുമ്പ് വ്യക്തികളെ നോക്കി വോട്ടുകൊടുക്കലായിരുന്നു. ടി.കെ. ഹംസയും എം.പി. ഗംഗാധരനും മത്സരിച്ചപ്പോള്‍ ഗംഗാധരന് നല്ല വ്യക്തിയെന്ന നിലയില്‍ വോട്ട് ചെയ്യാനാണ് അവര്‍ തീരുമാനിച്ചത്. അടിയന്തരാവസ്ഥകാലത്ത് ഞങ്ങളെല്ലാം കണ്ണൂര്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ അന്ന് കെ.ജി. മാരാര്‍ അടക്കമുള്ള ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കള്‍ അവിടെ ഉണ്ടായിരുന്നു.അന്ന് കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്നവര്‍ ഈ ആളുകളെയെല്ലാം ശത്രുക്കളായി കണ്ടതിന്‍െറ പേരില്‍ ഇവരെല്ലാം കൂട്ടുകൂടിയവരാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അതിന് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല.

ഇടതു മുന്നണിയില്‍ ചെറുതും വലുതും എന്ന വ്യത്യാസമില്ല. കേരളത്തിലെ ഏറ്റവും വലിയ ബഹുജന പാര്‍ട്ടിയാണ് സി.പി.എം എന്നതില്‍ സി.പി.ഐക്കുപോലും തര്‍ക്കമില്ലല്ലോ. ആ വ്യത്യാസം പുറത്തുണ്ടാകും.പാര്‍ട്ടിക്കെതിരെ മെക്കിട്ട് കയറിയാല്‍ അവര്‍ക്കുള്ള മറുപടി സ്വാഭാവികമാണെന്നും പിണറായി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment