തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ പുലിവാലുപിടിച്ചു

Togadia-621x414-621x414-1കോട്ടയം: വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതില്‍ ലീഗ് അടക്കമുള്ള ഘടകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് നേരിട്ട സര്‍ക്കാര്‍ അതില്‍നിന്ന് തലയൂരുന്നു. കേസ് പിന്‍വലിച്ചതില്‍ ആഭ്യന്തര വകുപ്പിന് പങ്കില്ലന്നാണ് മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. ഈ വിഷയം തന്‍െറ വകുപ്പിന് കീഴില്‍ വരുന്നതല്ല. മുഖ്യമന്ത്രിയുടെ അധികാരപരിധിയിലായതിനാല്‍ അദ്ദേഹം മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

വര്‍ഗീയത വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയക്കും സംഘ്പരിവാര്‍ നേതാക്കള്‍ക്കുമെതിരെയെടുത്ത കേസ് പിന്‍വലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, നിശ്ചിതസമയത്തിനകം കുറ്റപത്രം നല്‍കാത്തതിനാല്‍ ഒമ്പതു മാസം മുമ്പ് കോടതി ഈ കേസ് തള്ളിയിരുന്നു.

അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കേസ് പിന്‍വലിക്കുന്നതില്‍ സര്‍ക്കാറിന് തടസ്സമില്ലന്ന് കാണിച്ചുള്ള കത്ത് ലഭിച്ചത്. കേസ് നിലനില്‍ക്കത്തക്കതല്ലന്നും പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സംഘ്പരിവാര്‍ നേതാക്കള്‍ നേരത്തേ സര്‍ക്കാറിനെ സമീപിച്ചിരുന്നു. മൊത്തം ഏഴു പ്രതികളുള്ള കേസില്‍ നാലാംപ്രതി മാറാട് അരയസമാജം സെക്രട്ടറിയായിരുന്ന ടി. സുരേഷ്, ആറാംപ്രതി പി.കെ. സഹദേവന്‍, മൂന്നാംപ്രതി കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ മാത്രമേ കോടതിയില്‍ ഹജാരായിരുന്നുള്ളൂ. ഒന്നാംപ്രതി വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്‍റ് കരുണാകരന്‍ കേസിനിടെ മരിച്ചു. രണ്ടാംപ്രതി വി.എച്ച്.പി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കുമ്മനം രാജശേഖരന്‍, അഞ്ചാംപ്രതി തൊഗാഡിയ, ഏഴാംപ്രതി അരക്കിണര്‍ കുന്നത്തുപറക്കല്‍ ഗോപാലന്‍കുട്ടി എന്നിവര്‍ ഹാജരാകാത്തതിനാല്‍ ഒളിവില്‍ പോയതായി പ്രഖ്യാപിച്ചു.

മാറാട് കലാപങ്ങളുടെ പശ്ചാത്തലത്തില്‍ 2003 ജൂലൈ എട്ടിന് വൈകീട്ട് 5.45ന് മുതലക്കുളം മൈതാനത്ത് തൊഗാഡിയക്ക് ഒരുക്കിയ സ്വീകരണമാണ് കേസിനാധാരം. ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതിയില്ലാതെ തൊഗാഡിയ മുസ്ലിം-ഹിന്ദു ശത്രുത വളര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രസംഗിച്ചുവെന്നാണ് കസബ പൊലീസ് കേസ്.

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്ന് ചെന്നിത്തല പറഞ്ഞു. ഇതിനെ കോണ്‍ഗ്രസും ലീഗും തമ്മിലെ പ്രശ്നമായി വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. അതില്‍ അടിസ്ഥാനമില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാറിനുള്ളത്. മുന്‍വിധിയോടെയല്ല സൂരജിനെതിരെ അന്വേഷണം നടക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വലിച്ചിഴക്കുന്നത് ശരിയല്ല. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലന്നും അതേസമയം കള്ളക്കേസ് എടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ കോഴ വിഷയത്തില്‍ തെളിവ് നല്‍കാന്‍ നോട്ടീസ് നല്‍കിയിട്ടും ഫലമുണ്ടായില്ല. തെളിവുണ്ടെന്ന് പറയുന്നതല്ലാതെ ആരും നല്‍കുന്നില്ല. ഇത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താമസം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഗാഡിയക്കെതിരെ കേരളത്തില്‍ നിലവിലുള്ള കേസ് പിന്‍വലിക്കുന്നതിനുള്ള ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടി കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി പറഞ്ഞു. മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെയാണ് തൊഗാഡിയക്കെതിരെ കേസെടുത്തിരുന്നത്. സമാന വകുപ്പുതന്നെയാണ് നാദാപുരത്തെ സംഘട്ടനങ്ങളുടെ പേരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തത്. കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ പീഡനം തുടരുകയുമാണ്. തിരുവനന്തപുരത്ത് സി.ഐയെ ആക്രമിച്ച ആര്‍.എസ്.എസ് -എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിച്ചത് വിവാദമായിരുന്നു. ഇപ്പോഴുണ്ടായ വിവാദവും സര്‍ക്കാറിന്‍െറ മതേതര പ്രതിച്ഛായയെ ബാധിക്കുമെന്നും സാദിഖലി പറഞ്ഞു.

തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതിലൂടെ ഉമ്മന്‍ ചാണ്ടിയുടെയും കോണ്‍ഗ്രസിന്‍െറയും വര്‍ഗീയപ്രീണനം വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. അല്‍പനാളുകള്‍ക്ക് മുമ്പാണ് തിരുവനന്തപുരം എം.ജി കോളജില്‍ പൊലീസുകാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന്‍െറ ചുവടുപിടിച്ചാണ്, വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയ തൊഗാഡിയക്കെതിരായ കേസും പിന്‍വലിച്ചത്. ഉമ്മന്‍ ചാണ്ടിയുടെയും, കോണ്‍ഗ്രസിന്‍െറയും മതേതരത്വ മുഖമാണ് ഇതിലൂടെ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment