ചാവറയച്ചന്‍ വിശുദ്ധ പദവിയിലേക്ക്; പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങള്‍

prarthana2ആധുനിക കേരള സമൂഹസൃഷ്ടിയില്‍ അടിസ്ഥാനപരവും ദൂരവ്യാപകവുമായി സംഭാവനകള്‍ നല്‍കിയ മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ (1805-1871). കേരളത്തിന്‍റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ വിലയേറിയ സേവനങ്ങള്‍ കേരള നവോത്ഥാന നായകരില്‍ പ്രമുഖന്‍ എന്ന പദവി അദ്ദേഹത്തിന് നേടിക്കൊടുത്തിരിക്കുകയാണ്. ഒരു “യുഗ സ്രഷ്ടാവ്” എന്ന സുകുമാര്‍ അഴീക്കോടിനാല്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള ചാവറയച്ചന്‍ അക്ഷരാര്‍ഥത്തില്‍ ഒരു മഹാത്മാവ് തന്നെയായിരുന്നു.

എന്നാല്‍ ഭൗതികരംഗങ്ങളില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളല്ല അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ കത്തോലിക്കാസഭയെ പ്രേരിപ്പിച്ചത്. ജനനന്മയ്ക്കായി വിവിധ പ്രവര്‍ത്തന മേഖലകളില്‍ മുഴുകിയിരുന്നപ്പോഴും അടിയുറച്ച ആധ്യാത്മികതയുടെ ഉടമയായിരുന്നു ചാവറയച്ചന്‍. എപ്പോഴും ദൈവവുമായി ഹൃദയൈക്യത്തില്‍ ജീവിച്ച ചാവറയച്ചന്‍ “ദൈവത്തിന്‍റെ പരിശുദ്ധാത്മാവ്” നിറഞ്ഞ വ്യക്തി എന്ന രീതിയിലാണു പൊതുജനമധ്യേ അറിയപ്പെട്ടിട്ടുള്ളത്. അതായത് ഒരു മഹാത്മാവ് എന്നതുപോലെ അദ്ദേഹം ഒരു പുണ്യാത്മാവും ആയിരുന്നു എന്നു ചുരുക്കം.

വാഴ്ത്തപ്പെട്ട ചാവറയച്ചന്‍റെ ജീവിതവിശുദ്ധി പൊതുജനവും സഭാധികാരികളും തിരിച്ചറിഞ്ഞതിനോടൊപ്പം അനുഭവിച്ചറിഞ്ഞതുകൊണ്ടുകൂടിയാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് റോമില്‍ വച്ച് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.

ചാവറയച്ചന്‍ ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും അദ്ദേഹം വിശുദ്ധനാണെന്ന് അദ്ദേഹത്ത അറിയാമായിരുന്നവര്‍ വിശ്വസിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ നാമകരണത്തിനുവേണ്ടിയുള്ള നടപടികള്‍ സിഎംഐ സഭ ആരംഭിച്ചത് 1936 ഡിസംബര്‍ 21നായിരുന്നു. ചാവറയച്ചന്‍റെ മാധ്യസ്ഥ്യം വഴിയായി വിശ്വാസികള്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് സിഎംഐ സഭ അദ്ദേഹത്തിന്‍റെ നാമകരണ നടപടികള്‍ ആരംഭിക്കാന്‍ വളരെ വൈകിയാണെങ്കിലും തീരുമാനിച്ചത്.
ഇതു സംബന്ധിച്ച് റോമില്‍നിന്നുള്ള ഔദ്യോഗിക അനുമതി ലഭിച്ചത് 1955 ഡിസംബര്‍ ഒമ്പതിനായിരുന്നു. റോമിന്‍റെ അംഗീകാരത്തേടെ ചാവറപ്പിതാവിന്‍റെ നാമകരണനടപടികള്‍ ആരംഭിച്ചതിനുശേഷം 1958 ജനുവരി മൂന്നിനു മാന്നാനത്തുവച്ച് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. 1984 ഏപ്രില്‍ ഏഴിനാണ് റോമില്‍ വച്ച് അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചത്. ചാവറയച്ചന്‍ ക്രൈസ്തവ മൂല്യങ്ങള്‍ തന്‍റെ ജീവിതത്തില്‍ വിരോചിതമായി പ്രാവര്‍ത്തികമാക്കി എന്നു ദീര്‍ഘമായ അന്വേഷണത്തിനും പഠനങ്ങള്‍ക്കും ശേഷം സഭാധികാരികള്‍ക്കും ബോധ്യം വന്നതിനാലാണു അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിക്കാന്‍ റോമില്‍ നിന്നു തീരുമാനമുണ്ടായത്.
നാമകരണനടപടിക്രമത്തിന്‍റെ അടുത്ത പദവിയായ വാഴത്തപ്പെട്ടവന്‍ എന്ന് പ്രഖ്യാപിക്കപ്പെടണമെങ്കില്‍ ചാവറയച്ചന്‍റെ മാധ്യസ്ഥ്യം വഴിയായി ഒരു അത്ഭുതം നടന്നതായി സ്ഥിതീകരിക്കപ്പെടേണ്ടിയിരുന്നു. അങ്ങനെയുള്ള ഒരു അത്ഭുതം 1985ല്‍ ലഭിച്ചു. പെണ്ണാപറമ്പില്‍ ജോസഫ് എന്ന ആറുവയസുകാരന്‍റെ കാല്‍പ്പാദങ്ങള്‍ ജന്മനാ തിരിഞ്ഞിരുന്നതു ഓപ്പറേഷന്‍ കൂടാതെ നേരേയായതാണ് വൈദ്യശാസ്ത്രം അത്ഭുതമായി അംഗീകരിച്ചു സ്ഥിതീകരിച്ചത്. അതേത്തുടര്‍ന്ന് 1986 ഫെബ്രുവരി 8ന് കോട്ടയത്തുവച്ചു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഒരാള്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടശേഷം അടുത്തതും അവസാനത്തേതുമായ നടപടിയാണ് വിശുദ്ധനായി പ്രഖ്യാപിക്കുക എന്നുള്ളത്. എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കുന്നതിനു സഭാ നിയമമനുസരിച്ച് പുതിയ ഒരു അത്ഭുതംകൂടി ചാവറയച്ചന്‍റെ മാധ്യസ്ഥ്യം മൂലം നടക്കേണ്ടിയിരുന്നു.

ചാവറയച്ചന്‍വഴിയായി വീണ്ടും ഒരു അത്ഭുതം നടന്നുകാണുവാനുള്ള പ്രാര്‍ഥനയ്ക്കും ദീര്‍ഘമായ കാത്തിരിപ്പിനും ഇടയിലാണു സിഎംഐ സഭയുടെ ഏറ്റവും ഉന്നത അധികാരിയായ പ്രിയോര്‍ ജനറാളായി 2008 ഏപ്രില്‍ 5ന് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. സിഎംഐ സഭാംഗങ്ങളുടെ എണ്‍പതുപേരുള്ള പ്രതിനിധിസംഘമായ പൊതുസംഘമാണ് അന്നു പ്രിയോര്‍ ജനറാളായി എന്നെ തെരഞ്ഞെടുത്തത്.

പൊതു സംഘത്തിന്‍റെ തെരെഞ്ഞെടുപ്പ് അംഗീകരിച്ചുകൊണ്ട് പ്രിയോര്‍ ജനറാളിന്‍റെ ജോലി ഏറ്റെടുത്ത ഉടനെ ഞാന്‍ ആദ്യം ചെയ്ത ആദ്യം ചെയ്ത പ്രസ്താവന വാഴ്ത്തപ്പെട്ട ചാവറയച്ചനെക്കുറിച്ചായിരുന്നു. എന്‍റെ സേവന കാലാവധി തീരുന്ന 2014 ഏപ്രില്‍ അഞ്ചിനു മുന്‍പായി അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാനുഷികമായ രീതിയില്‍ എനിക്കു സാധിക്കുന്നതെല്ലാം ചെയ്യുമെന്നായിരുന്നു ആ പ്രസ്താവനയുടെ ചുരുക്കം. എന്‍റെ ഈ പ്രസ്താവന പൊതു സംഘാംഗങ്ങളെ അത്ഭുതപ്പെടുത്തിയെങ്കിലും ചാവറയച്ചന്‍റെ വിശുദ്ധ പദവി ഇത്രയും വേഗം പ്രഖ്യാപിക്കപ്പെടുന്നതിന് സിഎംഐ സഭാതലത്തില്‍ നിരന്തരമായ പ്രാര്‍ഥനയും ഉപവാസവുമൊക്കെ നടത്തുന്നതിന് തീരുമാനമായി. ചാവറയച്ചന്‍റെ നാമകരണ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന്വേണ്ടി സിഎംസി സഭാംഗങ്ങളും പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേര്‍ന്നു. സ്ത്രീകള്‍ക്കുവേണ്ടി ചാവറയച്ചനാല്‍ സ്ഥാപിതമായ സിഎംസി സഭയിലെ 6500 ഓളം അംഗങ്ങളോടൊപ്പം മറ്റു സന്ന്യാസസഭകളിലെ അംഗങ്ങളും മെത്രാന്മാരും വൈദികരും പൊതുജനങ്ങളുമെല്ലാം ഈ പ്രത്യേക നിയോഗത്തിനുള്ള പ്രാര്‍ഥനയില്‍ ഏകമനസായി ഒത്തുചേര്‍ന്നു.

അങ്ങനെ എല്ലാവരുടേയും പ്രാര്‍ഥനയുടെ ഫലം എന്ന പോലെ, വാഴ്ത്തപ്പെട്ട ചാവറയച്ചനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയുടെ ഫലമായി ഒരു അത്ഭുതം നടന്നതായി 2009 മേയ് 27ന് മാന്നാനത്തു റിപ്പോര്‍ട്ട് ലഭിച്ചു. ചാവറയച്ചന്‍റെ മധ്യസ്ഥ്യം വഴിയായി പാലാ കൊട്ടാരത്തില്‍ ജോസിന്‍റെയും മേരിയുടെയും മകള്‍ മേരിയുടെ രണ്ടു കോങ്കണ്ണുകളും നേരേയായി എന്നതായിരുന്നു അത്ഭുതം. ഈ അത്ഭുതത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ ുള്‍പ്പെടുത്തിയുള്ള ഒരു അപേക്ഷ സിഎംഐ സഭയുടെ അന്നത്തെ പോസ്റ്റുലേറ്റര്‍ ജനറലായിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ ആത്തപ്പിള്ളി 2010 ഫെബ്രുവരി 20ന് പാലാ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു സമര്‍പ്പിച്ചു. പാലാ കത്തീഡ്രല്‍ ഇടവകയിലെ ഒരു അംഗമായ കൊട്ടാരത്തില്‍ മരിയയ്ക്കു ചാവറയച്ചന്‍റെ മാധ്യസ്ഥ്യം വഴിയായി ലഭിച്ച അത്ഭുതത്തേക്കുറിച്ച് രൂപതയുടെ കോടതി (ട്രൈബ്യൂണല്‍) അന്വേഷണം നടത്തി നിജസ്ഥിതി അറിയണമെന്നതായിരുന്നു അപേക്ഷയുടെ ഉള്ളടക്കം.

ഇതേത്തുടര്‍ന്ന് അത്ഭുതത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്ഥാപിച്ച ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം 2010 ജൂലൈ 16ന് ആരംഭിച്ചു. ഒരുവര്‍ഷത്തിലേറെ നീണ്ടുനിന്ന സാക്ഷി വിസ്താരത്തിനും പഠനത്തിനും ശേഷം ട്രൈബ്യൂണലിന്‍റെ റിപ്പോര്‍ട്ട് 2011 ഓഗസ്റ്റ് 16ന് തയാറായി. ബിഷപ് മാര്‍ കല്ലറങ്ങാട്ട് മുദ്രവച്ച ഈ റിപ്പോര്‍ട്ട് 2011 സെപ്റ്റംബര്‍ 16ന് റോമില്‍ എത്തി ഈ അവസരത്തിലാണ് ചാവറയച്ചന്‍റെ നടപടിക്രമങ്ങള്‍ക്കു സിഎംഐ സഭാതലത്തില്‍ ചുമതല വഹിക്കുന്ന പുതിയ പോസ്റ്റുലേറ്റര്‍ ജനറലായി ഫാദര്‍ ചെറിയാന്‍ തുണ്ടുപറമ്പില്‍ ചാര്‍ജ് എടുത്തത്.

രൂപതാ ട്രൈബ്യൂണല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ നടപടിക്രമങ്ങളെല്ലാം നൈയാമികമായി ശരിയായിരുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2012 മേയ് 11ന് നാമകരണനടപടികള്‍ക്കുവേണ്ടിയുള്ള തിരുസംഘം ഡിക്രി പുറപ്പെടുവിച്ചു. അതേത്തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന അത്ഭുതത്തെക്കുറിച്ച് വിദഗ്ധ പഠനം നടത്താന്‍ 2013 മേയ് 11ന് രണ്ട് ഡോക്റ്റര്‍മാരെ നിയോഗിച്ചു. അവര്‍ രണ്ടുപേരും വെവ്വേറെ പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ അത്ഭുതം അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു. അവരുടെ റിപ്പോര്‍ട്ടും അനുബന്ധരേഖകളുമെല്ലാം പരിശോധിച്ചു അത്ഭുതത്തെക്കുറിച്ച് വിധിയെഴുതാന്‍ 2013 സെപ്റ്റംബര്‍ 26ന് ആറ് അംഗങ്ങളുടെ ഒരു മെഡിക്കല്‍ ബോര്‍ഡിനെ തിരുസംഘം ചുമതലപ്പെടുത്തി. ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിനും പരിശോധനയ്ക്കും ശേഷം രൂപതാ ട്രൈബ്യൂണല്‍ അത്ഭുതം എന്നു അംഗീകരിച്ച് സമര്‍പ്പിച്ച ഒരു പെണ്‍കുട്ടിയുടെ രണ്ട് കോങ്കണ്ണുകളും ഓപ്പറേഷന്‍ കൂടാതെ നേരെയായ സംഭവം വൈദ്യശാസ്ത്രത്തിനു വിശദീകരിക്കുവാന്‍ കഴിയാത്തതാണെന്നും തന്മൂലം അത് അത്ഭുതം എന്നു മാത്രമെ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും മെഡിക്കല്‍ ബോര്‍ഡിലെ ആറ് ഡോക്റ്റര്‍മാരും ഏകകണ്ഠമായി വിധിയെഴുതി.

ഇതേത്തുടര്‍ന്നു മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടും മറ്റ് രേഖകളും തിയോളജിക്കല്‍ കമ്മിഷന്‍ സമഗ്രമായി പരിശോധിച്ചു. റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കപ്പെട്ടിരുന്ന അത്ഭുതത്തിലെ ദൈവിക ഇടപെടല്‍ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് 2013 ഡിസംബര്‍ 23നു കമ്മിഷന്‍ തിരുസംഘത്തിനു നല്‍കി.

ഇതിനുശേഷം മെഡിക്കല്‍ ബോര്‍ഡിന്‍റെയും തിയോളജിക്കല്‍ കമ്മിഷന്‍റെയും റിപ്പോര്‍ട്ടുകള്‍ കര്‍ദിനാള്‍മാരുടെ പഠനത്തിനായി നല്‍കി. ചാവറയച്ചന്‍റെ മാധ്യസ്ഥ്യം മൂലം മരിയയുടെ കോങ്കണ്ണുകള്‍ നേരെയായ സംഭവം ഒരു യഥാര്‍ഥ അത്ഭുതമാണെന്നു 2014 മാര്‍ച്ച് 18നു സമ്മേളിച്ച കര്‍ദിനാള്‍മാരുടെ പ്ലീനറി അസംബ്ലി ഔദ്യോഗികമായി അംഗീകരിച്ചു. കര്‍ദിനാള്‍മാരുടെ പ്ലീനറി അസംബ്ലിയില്‍ തയാറാക്കിയ ഡിക്രിയില്‍ 2014 ഏപ്രില്‍ മൂന്നിനു ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചതോടുകൂടി ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കാനുവാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. അങ്ങനെയാണു 2014 നവംബര്‍ 23നു ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചത്.

2014 ഏപ്രില്‍ 5നു ഡിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍ സ്ഥാനത്തു നിന്നും ഞാന്‍ വിരമിക്കുമ്പോള്‍ ദൈവാനുഗ്രഹത്തോടെയും എല്ലാവരുടെയും സഹകരണത്തോടെയും ഒരു വലിയ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും നന്ദിയുമായിരുന്നു എന്‍റെ ഹൃദയത്തില്‍ നിറഞ്ഞു നിന്നിരുന്നത്. ആ സന്തോഷവും നന്ദിയും ഇപ്പോള്‍ എന്നതുപോലെ വരും കാലങ്ങളിലും എന്‍റെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കും എന്നു തീര്‍ച്ചയാണ്.

ചാവറയച്ചന്‍ (1805- 1871)
* 1805 ഫെബ്രുവരി 10: ആലപ്പുഴ കൈനകരി ചാവറ കുടുംബത്തില്‍ കുര്യാക്കോസ് മറിയം ദമ്പതികളുടെ മകനായി ജനനം.
* 1805 ഫെബ്രുവരി 18: കുര്യാക്കോസ് നാമഥേയത്തില്‍ ചേന്നങ്കരി പള്ളിയില്‍ ജ്ഞാനസ്നാനം.
* 1805 സെപ്റ്റംബര്‍ 8: വെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിനു കുര്യാക്കോസിനെ അടിമ വച്ചു.
* 1810: അഞ്ചാം വയസില്‍ ആശാന്‍ കളരിയില്‍ വിദ്യാഭ്യാസം.
* 1818: 13ാം വയസില്‍ പള്ളിപ്പുറം സെമിനാരിയില്‍ പാലയ്ക്കല്‍ തോമാ മല്‍പാന്‍റെ കീഴില്‍ വൈദിക വിദ്യാഭ്യാസം ആരംഭിച്ചു.
* 1819: മാതാപിതാക്കള്‍ വസൂരി രോഗം പിടിപെട്ടു മരിച്ചു.
* 1828: വരാപ്പുഴ വികാരി അപ്പോസ്തോലിക ആയ സ്തബിലിനി മെത്രാപ്പോലീത്തയില്‍ നിന്നു ഡീക്കന്‍ പട്ടം സ്വീകരിച്ചു.
* 1829 നവംബര്‍ 29: അര്‍ത്തുങ്കല്‍ സെന്‍റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. 1829 നവംബര്‍ 30: ചേന്നങ്കരി പള്ളിയില്‍ പ്രഥമ ബലി അര്‍പ്പിച്ചു.
* 1831: തെക്കന്‍ പള്ളിപ്പുറം പള്ളിയിലെ വികാരിയായി.
* 1833: മാന്നാനത്തു പൊതു സെമിനാരി ആരംഭിച്ചു.
* 1840: മാന്നാനം ആശ്രമത്തില്‍ ഭക്തജീവിതം നയിച്ചിരുന്ന വൈദികര്‍ സമൂഹജീവിതം ആരംഭിച്ചു.
* 1844: മല്‍പാന്‍ സ്ഥാനം ലഭിച്ചു.
* 1845: വസൂരി രോഗം പിടിപെട്ടു.
* 1846: കേരള കത്തോലിക്കരുടെ ആദ്യ പ്രസ് മാന്നാനത്തു മരത്തടിയില്‍ നിര്‍മിച്ചു.
* 1846: മാന്നാനം സ്ഥാപനങ്ങളുടെ സുപ്പീരിയര്‍ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു.
* 1855 ഡിസംബര്‍ 8: ആദ്യമായി ഇന്ത്യന്‍ പൗരന്‍ സന്യാസവ്രതങ്ങള്‍ ദൈവത്തിനു സമര്‍പ്പിച്ചു.
* 1855: സന്യാസസഭയിലെ ആദ്യ പ്രിയോര്‍ ജനറലായി നിയോഗിക്കപ്പെട്ടു.
* 1860: മാന്നാനത്ത് ആരംഭിച്ച സഭ ഒസിഡി സഭയുടെ മൂന്നാം സഭയായി അംഗീകരിക്കപ്പെട്ടു.
* 1864: മാന്നാനത്ത് വേദപഠനശാല ആരംഭിച്ചു.
* 1864: എല്ലാ പള്ളികളോടും ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ വേണമെന്ന സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു.
*1864 ജനുവരി 12: കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ആശ്രമത്തില്‍ പ്രിയോറായി എത്തി
* 1866 ഫെബ്രുവരി 13: കൂനമ്മാവില്‍ സിഎംസി സഭയ്ക്ക് ആരംഭം കുറിച്ചു.
* 1866 ഫെബ്രുവരി 16: കൂനമ്മാവില്‍ 40 മണിക്കൂര്‍ ആരാധനയ്ക്ക് ആരംഭം
* 1870 ഒക്റ്റോബര്‍ 15: വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാള്‍ ദിവസം കൂനമ്മാവ് മഠത്തില്‍ അവസാനമായി ദിവ്യബലി അര്‍പ്പിച്ചു.
* 1870 : മരണപത്രിക ലെയോപ്പോള്‍ദ് യുവസന്യാസിയെ ഏല്‍പ്പിച്ചു.
* 1870 ഒക്റ്റോബര്‍ 27: കൂനമ്മാവ് ആശ്രമ ദേവാലയത്തില്‍ അവസാന ദിവ്യബലി.
* 1871 ജനുവരി 2: രോഗം ഗുരുതരമായി. അന്ത്യകൂദാശ നല്‍കി.
* 1871 ജനുവരി 3: രാവിലെ 7.30നു കാലം ചെയ്തു.
* 1871 ജനുവരി 4: മൃതദേഹം കൂനമ്മാവ് പള്ളിയുടെ മദ്ബഹായുടെ അഴിക്കാലിനടുത്തു മധ്യഭാഗത്തു സംസ്കരിച്ചു.
* 1958 ഡിസംബര്‍ 9: ദൈവദാസനായി പ്രഖ്യാപിച്ചു
* 1984 ഏപ്രില്‍ 7: ധന്യനായി പ്രഖ്യാപിച്ചു
* 1986 ഫെബ്രുവരി 8: വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
* 1987 ഡിസംബര്‍ 20: ഭാരതസര്‍ക്കാര്‍ പോസ്റ്റല്‍ സ്റ്റാംപ് റിലീസ് ചെയ്തു.
* 2014 നവംബര്‍ 23 വത്തിക്കാനില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്നു

Print Friendly, PDF & Email

Leave a Comment