അഭിഭാഷകനായി തുടരാന്‍ ഇനി പ്രാക്ടീസിങ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

imagesകൊച്ചി: അഭിഭാഷകരായി തുടരണെമങ്കില്‍ ഇനി മുതല്‍ പ്രാക്ടീസിങ് അഡ്വക്കറ്റ് എന്ന സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കി ബാര്‍ കൗണ്‍സില്‍ തീരുമാനം. അഭിഭാഷകരായി എന്‍റോള്‍ ചെയ്ത ശേഷം മറ്റു ജോലികളില്‍ ഏര്‍പ്പെടുകയും അതേസമയം, അഭിഭാഷകരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നവരെ ഒഴിവാക്കി നിയമ മേഖലയെ നിലവാരമുള്ളതാക്കി തീര്‍ക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണിത്.

2014 ഒക്ടോബര്‍ 17ന് ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ യോഗമാണ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഓക്ടോബര്‍ 30ന് ഇന്ത്യാ ഗസറ്റിലൂടെ പ്രസിദ്ധീകരിച്ചു. 2010ന് ശേഷം അഭിഭാഷകരായവര്‍ക്ക് ബാര്‍ പരീക്ഷയാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഈ പരീക്ഷ പാസായാല്‍ മാത്രമേ അഭിഭാഷകനായി തുടരാനാകൂ. സനതെടുത്ത് പ്രാക്ടീസിങ് തുടങ്ങിയ ശേഷം പരീക്ഷക്ക് ഹാജരായാല്‍ മതിയാകും. എന്നാല്‍, പരീക്ഷയില്‍ തോറ്റാല്‍ പാസാകുന്നതു വരെ അഭിഭാഷകനായി തുടരാനാവില്ല. 2010നു മുമ്പ് അഭിഭാഷകരായവര്‍ക്ക് ബാര്‍ കൗണ്‍സില്‍ മുഖേന നിലവില്‍ നിയമപരമായ നിബന്ധനകളൊന്നുമില്ല.

വിലക്കുണ്ടെങ്കിലും തടയാന്‍ സംവിധാനമില്ലാത്ത അവസ്ഥ മുതലെടുത്ത് അഭിഭാഷകരായി എന്‍റോള്‍ ചെയ്യുന്ന പലരും മേഖല വിട്ടുപോകുന്നത് പതിവാണ്. അതേ സമയം, ഇവര്‍ പ്രാക്ടീസ് തുടരുന്ന അഭിഭാഷകര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളെല്ലാം തട്ടിയെടുക്കുകയും ചെയ്യുന്നു. ഈ പ്രവണതക്ക് തടയിടുകയെന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസിങ് ആന്‍ഡ് റിന്യൂവല്‍ റൂള്‍സ് എന്ന പേരില്‍ ബാര്‍ കൗണ്‍സില്‍ നിയമം ഭേദഗതി ചെയ്തത്. അഞ്ചുവര്‍ഷം വരെയാണ് സര്‍ട്ടിഫിക്കറ്റിന്‍െറ സാധുത. പിന്നീട് ഇതു പുതുക്കിയാല്‍ മാത്രമേ അഭിഭാഷകനായി തുടരാനാവൂ. അഭിഭാഷകരായി ജോലിയില്‍ തുടരുന്നവര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കാവൂവെന്നാണ് പുതുക്കിയ നിയമത്തിലെ ചട്ടം.

2010ന് മുമ്പ് അഭിഭാഷകരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നവരാണ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷിക്കേണ്ടത്. 500 രൂപ ഫീസോടെ അപേക്ഷയും സത്യവാങ്മൂലവും ബാര്‍ കൗണ്‍സിലിന് നല്‍കണം. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരെ നിലവില്‍ പ്രാക്ടീസ് ചെയ്യാത്ത അഭിഭാഷകരുടെ പട്ടികയില്‍പ്പെടുത്തും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പിന്നീട് കോടതികളിലോ ട്രൈബ്യൂണലുകളിലോ അഭിഭാഷകനെന്ന നിലയില്‍ ഹാജരാകാന്‍ അനുമതിയുണ്ടാവില്ല. നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്ക് നിബന്ധന നടപ്പാക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അതതു സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment