Flash News

കേരളത്തിന്റെ ‘ആന വണ്ടി’യ്ക്ക് പേര് നഷ്ടമായി

November 29, 2014 , സ്വന്തം ലേഖകന്‍

KS

കൊച്ചി : കേരളത്തില്‍ ‘ആന വണ്ടി’ എന്നറിയപ്പെട്ടിരുന്ന കെ.എസ്.ആര്‍.ടി.സി.യ്ക്ക് പേര് നഷ്ടമായി. ഈ പേര് സ്വന്തമാക്കാന്‍ കര്‍ണാടക നടത്തിയ നീക്കങ്ങള്‍ക്കു സംസ്ഥാന ഗതാഗത വകുപ്പ് കുടപിടിച്ചതു രണ്ടുവര്‍ഷം. 2012ലാണു കര്‍ണാടക ഗതാഗത വകുപ്പ് കെഎസ്ആര്‍ടിസി എന്ന പേരിന് അവകാശവാദം ഉന്നയിച്ചു ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന് അപേക്ഷ നല്‍കിയത്. അപ്പോള്‍ത്തന്നെ കര്‍ണാടക ഗതാഗത വകുപ്പും ട്രേഡ് മാര്‍ക്ക് രജിസ്ട്രിയും വിഷയം കേരളത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കാര്യത്തിന്‍റെ ഗൗരവം പിടികിട്ടാതെ കേവലം കാഴ്ചക്കാരാവുകയായിരുന്നു കേരളം.

ഈ പേര് കര്‍ണാടകത്തിനു നല്‍കുന്നതില്‍ വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ടു 2012ല്‍ കേരളത്തിനു ലഭിച്ച കത്തുകള്‍ ഇക്കാല മത്രയും വെളിച്ചം കണ്ടില്ല. വകുപ്പിന്‍റെ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്.

കെഎസ്ആര്‍ടിസി എന്ന പ്രശസ്തമായ പേര് സ്വന്തമാക്കാനുള്ള കര്‍ണാടകയുടെ നീക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണു ഗതാഗത വകുപ്പിലെ തന്നെ പലരും ഇക്കാര്യം അറിയുന്നതു തന്നെ. ഇതിനിടെ, കെഎസ്ആര്‍ടിസി എന്ന പേര് ഇനി മേലില്‍ ഉപയോഗിക്കരുതെന്നും കേരളത്തിന്‍റെ ബസുകളില്‍ നിന്നു പേര് നീക്കണമെന്നും കാണിച്ചു കര്‍ണാടകം സംസ്ഥാനത്തിനു കത്തയച്ചു. ട്രേഡ് മാര്‍ക്ക് നടപടികളിലൂടെ നേടിയെടുത്ത പേര് വിട്ടു നല്‍കാന്‍ കര്‍ണാടകം തയാറല്ലെന്നു വ്യക്തം.

സംഭവം വിവാദമായതോടെ ഒരു ഇ-മെയ്ല്‍ അയച്ചു കൈകഴുകാനാണു കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ശ്രമം. കെഎസ്ആര്‍ടിസി എന്ന പേര് കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് അവകാശപ്പെട്ടതാണെന്നാണ് ട്രേഡ് മാര്‍ക്ക് രജിസ്ട്രിക്ക് അയച്ച മെയിലില്‍ കേരളം സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ രേഖാമൂലം പരാതി അറിയിക്കാനോ തെളിവുകള്‍ നിരത്തി എതിര്‍ക്കാനോ കേരളം ഇനിയും തയാറായിട്ടില്ല. കര്‍ണാടകയുടെ നീക്കത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണു സംസ്ഥാന ഗതാഗത വകുപ്പിന്‍റെയും വകുപ്പുമന്ത്രിയുടെയും വിശദീകരണം.

1965ല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും കോര്‍പ്പറേഷനായി റജിസ്റ്റര്‍ ചെയ്ത കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ തന്നെയാണു പേരിന്‍റെ യഥാര്‍ഥ അവകാശികള്‍. 1973ലാണ് കര്‍ണാടക ഗതാഗത വകുപ്പ് കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. ഇതിനാല്‍ തന്നെ ന്യായമായും കേരളത്തിന് അവകാശപ്പെട്ട പേരാണ് കര്‍ണാടകം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ ആദ്യ വോള്‍വോ ബസുകളുടെ പേര് ഗരുഡ എന്നായിരുന്നു. ഈ പേര് ആന്ധ്രപ്രദേശ് സ്വന്തമാക്കിയിരുന്നു. അന്നും കേരളം പ്രതികരിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രിയെ രേഖാമൂലം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ആന്‍റണി ചാക്കോ അറിയിച്ചു. നിലവില്‍ കെഎസ്ആര്‍ടിസി ഉപയോഗിക്കുന്ന വേണാട്, മലബാര്‍, തിരുക്കൊച്ചി തുടങ്ങിയ പേരുകള്‍ എത്രയും വേ ഗം റജിസ്റ്റര്‍ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top