അവസാനം ഹൊസ്‌നി മുബാരക് കുറ്റവിമുക്തനായി

Hosni-Mubarak-e1417285412894കെയ്റോ : മുല്ലപ്പൂ വിപ്ലവത്തിനിടെ നൂറുകണക്കിനു നിരായുധരായ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത കേസില്‍ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഹോസ്നി മുബാരക്കിനെ കോടതി കുറ്റവിമുക്തനാക്കി. ഇസ്രയേലിനു വാതകം നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ നിന്നും ജഡ്ജി കമാല്‍ അല്‍ റഷീദി മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതിയെ ഒഴിവാക്കി.

മുബാരക്കിന്‍െറ മക്കളായ അലായുടേയും ജമാലിന്‍െറയും പേരിലുള്ള അഴിമതിക്കേസുകള്‍ തള്ളിയ കോടതി മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ ആദ് ലിയെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കഴിഞ്ഞ മേയില്‍ ആദ്‌ലിക്കെതിരെ കുഴല്‍പ്പണക്കേസുകളിലടക്കം കുറ്റം ചുമത്തിയ കോടതി 12 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. നാലു വര്‍ഷം വീതം തടവിനാണ് മുബാരക്കിന്‍റെ രണ്ടു മക്കളെയും ശിക്ഷിച്ചിരുന്നത്.

മൂന്നു പതിറ്റാണ്ട് നീണ്ട മുബാരക്കിന്‍െറ ഏകാധിപത്യ ഭരണത്തിനെതിരേ 2011ല്‍ നടന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നടപടിയില്‍ 846 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ 239 പേരുടെ മരണമാണ് കോടതി പരിഗണിച്ചത്.

കേസില്‍ മുബാരക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ നടപടി 2012ല്‍ സാങ്കേതികമായി സ്റ്റേ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പുനര്‍വിചാരണയിലാണ് വിധി.
കെയ്റോയ്ക്കു സമീപം സൈനികാശുപത്രിയില്‍ തടവില്‍ കഴിയുന്ന മുബാരക്കിനെയും കോടതിയിലെത്തിച്ചിരുന്നു. പ്രതിഷേധക്കാരെ വധിക്കാന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നു വിധി കേട്ടയുടന്‍ അദ്ദേഹം പ്രതികരിച്ചു. മൂന്നു വര്‍ഷം മുന്‍പ് മുബാരക്കിനെ പുറത്താക്കിയ വിപ്ലവത്തെത്തുടര്‍ന്നു മുസ്ലിം ബ്രദര്‍ഹുഡിന്‍റെ പിന്തുണയോടെ മുഹമ്മദ് മുര്‍സി ഈജിപ്റ്റില്‍ അധികാരത്തിലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം മുര്‍സിയെ പുറത്താക്കിയ അന്നത്തെ സൈനിക മേധാവി അബ്ദേല്‍ ഫത്ത അല്‍ സിസിയാണ് ഇപ്പോഴത്തെ പ്രസിഡന്‍റ്.

Print Friendly, PDF & Email

Leave a Comment