ആലുവയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു; കോട്ടയത്തും പക്ഷിപ്പനി തുടരുന്നു

21646_628642കൊച്ചി: ആലുവയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു. തായിക്കാട്ടുകര മനക്കപ്പടിയില്‍ വാടകക്ക് താമസിക്കുന്ന കാഞ്ഞിരത്തിങ്കല്‍ അനസിന്‍െറ വീട്ടിലെ 17താറാവുകളാണ് ചത്തത്. അതിനിടെ കോട്ടയത്ത് കരിപ്പൂത്തട്ടില്‍ വീണ്ടും രോഗബാധ. കരിപ്പൂത്തട്ടിന് സമീപം മേനോന്‍കരി പാടത്ത് വളര്‍ത്തിയിരുന്ന താറാവുകളിലാണ് പക്ഷിപ്പനി കണ്ടത്. ഞായറാഴ്ച സ്ഥലത്ത് എത്തിയ ദ്രുതകര്‍മസേന ഇവിടുത്തെ 1600 താറാവുകളെ കൊന്ന് തീയിട്ടു.

മൂവായിരത്തോളം താറാവുകളെ വളര്‍ത്തിവന്ന അനില്‍കുമാറിന്‍െറ ആയിരത്തിലേറെ താറാവുകള്‍ ഒരാഴ്ച മുമ്പ് ചത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരിശോധനാഫലം പോസിറ്റീവായതിനാലാണ് ശേഷിക്കുന്ന താറാവുകളെ കൊന്നൊടുക്കാന്‍ മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചത്.

അതേസമയം, ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച അയ്മനം, കുമരകം പഞ്ചായത്തുകളില്‍ താറാവുകളെ കൊന്ന് സംസ്കരിക്കുന്നത് അവസാനിപ്പിച്ചതായി കലക്ടര്‍ അജിത് കുമാര്‍ അറിയിച്ചു.

കോഴികളില്‍ പക്ഷിപ്പനി കണ്ടത്തെിയ കുമരകം അട്ടിപ്പീടികയില്‍ ഞായറാഴ്ച അണുനശീകരണം നടത്തി. കോഴിയും താറാവും കാടയുമടക്കം 3659 പക്ഷികളെയാണ് ഈ മേഖലയില്‍ കൊന്നത്. ആരോഗ്യവകുപ്പിന്‍െറയും പഞ്ചായത്തിന്‍െറയും സഹകരണത്തോടെ ബ്ലീച്ചിങ് പൗഡര്‍, കുമ്മായം എന്നിവ ഉപയോഗിച്ചാണ് അണുനശീകരണം.

അണുനശീകരണം പൂര്‍ത്തിയാക്കിയാലും പക്ഷിപ്പനിക്ക് കാരണമായ ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് പൂര്‍ണമായി നശിക്കില്ലന്ന വിലയിരുത്തലാണ് മൃഗസംരക്ഷണവകുപ്പിനുള്ളത്. ജൈവമാറ്റത്തിനു വിധേയമാകുന്ന വൈറസ് ഭീഷണി അഞ്ചുമാസം വരെ നിലനില്‍ക്കുമെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മൂന്നുമാസത്തേക്കെങ്കിലും പക്ഷിപ്പനി പിടിപെട്ട പ്രദേശങ്ങളില്‍ കോഴി, താറാവ് എന്നിവയുടെ വിപണനവും വളര്‍ത്തലും നിരോധിക്കാന്‍ മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment