ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി നടത്തപ്പെട്ട ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ബെല്‍വുഡ് സീറോ മലബാര്‍ സെന്റ് തോമസ് കത്തീഡ്രല്‍ ടീം ജേതാക്കളായി വെരി റവ കോശി പൂവത്തൂര്‍ കോര്‍എപ്പിസ്കോപ്പ ട്രോഫി നിലനിര്‍ത്തി. രണ്ടാമത് എത്തിയ ക്നാനായ ടീം ശ്രീ എന്‍.എന്‍. പണിക്കര്‍ തെക്കേപുരയില്‍ ട്രോഫിയും നേടി.
ശനിയാഴ്ച രാവിലെ 9 മണിക്ക് എക്യൂമെനിക്കല്‍ വൈസ് പ്രസിഡന്റ് റവ. ബിനോയ് പി. ജേക്കബ് അച്ചന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഷിക്കാഗോയിലെ എട്ട് ദേവാലയങ്ങളിലെ ടീമുകള്‍ പങ്കെടുത്തു. രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരം കാണുവാന്‍ ഗെളണ്ടെയില് ഹയറ്റിലുള്ള ഏക്കര്മാന് സ്പോര്‍ട്സ് സെന്റര്‍ കാണികളെകൊണ്ട് തിങ്ങിനിറഞ്ഞു.
യുവജനങ്ങളെ ക്രിസ്തീയ കൂട്ടായ്മയിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഉപാധിയായി ഏഴ് വര്‍ഷം മുമ്പ് സില്‍വര്‍ ജുബിലിയോടനുബന്ധിച്ച് ആരംഭിച്ച ഈ ടൂര്‍ണമെന്റ് നല്ല രീതിയില്‍ തുടരുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് കൗണ്‍സില്‍ പ്രസിഡന്റ് മാര്‍ ജോയി ആലപ്പാട്ട് പ്രസ്താവിക്കുകയുണ്ടായി. ടൂര്‍ണമെന്റ് യൂത്ത് കണ്‍വീനര്‍ ഡോ. അനൂപ് അലക്സാണ്ടര്‍ കളിയുടെ നിയമങ്ങളെപ്പറ്റിയും, പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. സക്കറിയാ തെലാപ്പള്ളില്‍ അച്ചന്, ബാബു മഠത്തിപ്പറിലച്ചന് എന്നിവര്‍ കളിക്കാര്‍ക്ക് പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളും നല്കാന് സന്നിഹിതരായിരുന്നു.
കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ച ജോര്‍ജ് പണിക്കര്‍, രഞ്ജന്‍ ഏബ്രഹാം, ജോണ്സണ് കണ്ണൂക്കാടന്‍ എന്നിവരോടൊപ്പം സെക്രട്ടറി ജോണ്സണ് വള്ളിയില്‍, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, സാം തോമസ്, ജയിംസ് പുത്തന്‍പുരയില്‍, മാത്യു മാപ്ലേട്ട്, പ്രേംജിത്ത് വില്യംസ് തുടങ്ങി അനേകം കൗണ്‍സില്‍ അംഗങ്ങള്‍ ആദ്യാവസാനം കളികള്‍ക്ക് നേതൃത്വം നല്കി.
ഡോ. അനൂപ് അലക്സാണ്ടര്‍, ഡോ. എഡ്വിന് കാച്ചപ്പള്ളി, ജോര്‍ജ് കുര്യാക്കോസ് എന്നിവര്‍ ഈവര്‍ഷത്തെ സ്പോണ്സര്മാരായിരുന്നു. മലയാളി ഫുട്ബോള്‍ ലീഗ് പ്രവര്‍ത്തകര്‍ കളികള്‍ ആദ്യാവസാനം വീഡിയോയില്‍ പകര്‍ത്തിയത് യുട്യൂബില്‍ കാണുവാന്‍ സാധിക്കുന്നതാണ്.
ഡിസംബര്‍ ആറിന് ശനിയാഴ്ച 5 മണിക്ക് ഡെസ്പ്ലെയിന്‍സിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ക്രിസ്മസ് കരോള്‍ സര്‍വീസില്‍ വെച്ച് ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ മാര്‍ ജേക്കബ് അങ്ങായിടത്ത് വിതരണം ചെയ്യുന്നതാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply