അടിയോടെയെന്നെ… ? (കവിത)

adiyode3

കളയാണു പോലും

ചുവടോടെ പിഴുതങ്ങു
കളയണം പോലും.
അടിവേരു മുഴുവന്‍
ബലത്തങ്ങു പിഴുതിട്ടു
കാണാത്തൊരകലത്തേ-
യ്ക്കെറിയണം പോലും.

പണ്ടേതോ കാട്ടില്‍
കുന്നിന്റെ ചരിവില്‍
മരുഭൂവിനുറവില്‍
മഴനിഴല്‍ വഴിയില്‍
മണമായി നിറമായി
മധുവായിരുന്നവര്‍,
പൊടിയും പരാഗപ്പുതപ്പണി –
ക്കേസരക്കതിരുകള്‍ വിരുത്തി-
ച്ചിരിച്ചാടി നിന്നവര്‍,
ജനിനളികയിരുളില്‍ –
പ്പുളച്ചാദ്യമെത്തും
കരുത്തന്‍ പരാഗത്തി
നണ്ഡങ്ങള്‍ കാത്തവര്‍
ഭ്രൂണം വളര്‍ത്തിട്ടു
ഫലമായി നീട്ടിയോര്‍
അവരിലന്നുണ്ടായിരുന്നു ഞാന്‍.

പിന്നെയൊരുപാതിരാ,
വാവലിന്‍ പടയണി,
നീരിനിപ്പൂറ്റിയവര്‍
ഭൂമിയിലുപേക്ഷിച്ച
പാഴ്‌വിത്തുകള്‍
അവരിലുണ്ടായിരുന്നു ഞാന്‍.

മുളപൊട്ടുവാന്‍ ഇറ്റു
ജലമായി മേഘം
ഇലകൂമ്പുവാന്‍
തുള്ളിവെയിലായി മാനം
ചുടുവെയിലിനുച്ചയില്‍
തളരുന്നതളിരുകള്‍-
ക്കൊരു തണല്‍ക്കുടചൂടി
അരികത്തു മാമരം.
അവിടെനീ വന്നെന്റെ
തണലുകള്‍ കവര്‍ന്നൂ
അവിടെ നിന്‍ വിത്തിട്ടു
വേരുകള്‍ പടര്‍ത്തൂ
അടിമണ്ണിനടരിലും വിഷമിട്ടു നീ
പിന്നെയതിനു മുള്‍വേലികൊണ്ടതിരുമിട്ടു.

കള നീ തളിര്‍ത്തൂ
പൂത്തേറെ കായ്ച്ചൂ
അരികില്‍ ഭയന്നു ഞാന്‍
നാളെണ്ണി നിന്നൂ.

കളയാര് വിളയാര്
നീ നിശ്ചയിച്ചൂ
വിളയെന്റെ വില പോലും
നീയുറപ്പിച്ചു

കളയാണു പോലും
ചുവടോടെ പിഴുതെന്നെ-
ക്കളയണം പോലും.

നീ തഴയ്ക്കുന്നു.

അടിയോടെ പിഴുതെന്നെയെറിയുന്നു
മണ്ണില്‍ വിളയുന്നതിന്‍ മുന്‍പേയടിയുന്നു ഞാന്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment