ഡല്‍ഹി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ തീപിടിത്തം; ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്തമായി അപലപിച്ചു

288907-288700-delhi-church-burntന്യൂയോര്‍ക്ക്: ഡിസംബര്‍ 1-ന് ഡല്‍ഹിയിലെ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയം തീയിട്ടു നശിപ്പിച്ചതില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൗരസ്വാതന്ത്ര്യത്തിനും മനുഷ്യനന്മക്കുമായി പോരാടുന്ന സംഘടനയാണ് അമേരിക്കയില്‍ രൂപം കൊണ്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം. ന്യൂയോര്‍ക്കില്‍ വെച്ചു കൂടിയ അടിയന്തര പ്രവര്‍ത്തകയോഗം ഇന്ത്യയിലെ ഇപ്പോഴത്തെ മതസൗഹാര്‍ദ്ദത്തിനു ഭീഷണി നേരിടുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു.

ന്യൂഡല്‍ഹിയിലെ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയം ആസൂത്രിതമായി മണ്ണെണ്ണ ഒഴിച്ച് തീവെച്ച് നശിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ദേവാലയത്തിലെ അള്‍ത്താരയും പൂജാ സാമഗ്രികളും ഇരിപ്പിടങ്ങളും പൂര്‍ണ്ണമായും തീവെച്ചു നശിപ്പിക്കപ്പെട്ടു. മതവിദ്വേഷം പെരുപ്പിക്കുകയും ന്യൂനപക്ഷത്തെ ഭീഷണിപ്പെടുത്തിയും ഹീനമായ രാഷ്‌ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഹിന്ദു വര്‍ഗീയ വാദികളുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി. സാര്‍ക്കാരിന്റെ മൗനസമ്മതത്തോടെയും ഒത്താശയോടെയും വര്‍ഗീയ വാദികള്‍ ഇന്ത്യയെ അസഹിഷ്ണുതയുടെ ചുടലപ്പറമ്പാക്കുകയാണ് ചെയ്യുന്നത്. നിരവധി ക്രിസ്തീയ ദേവാലയങ്ങളും ക്രിസ്തീയ സ്ഥാപനങ്ങളും നിരന്തരം ആക്രമിക്കപ്പെടുകയും ആക്രമണ ഭീഷണിയുടെ നിഴലിലുമാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന സത്യം ആശങ്കയോടെയാണ് പൗരസമൂഹം വീക്ഷിക്കുന്നത്. മന്ദമായ അന്വേഷണപ്രഹസനങ്ങളും അധികാര കേന്ദ്രങ്ങളുടെ നിരുത്തരവാദിത്വമായ പ്രതികരണങ്ങളും ന്യൂനപക്ഷങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

“അഹിന്ദുക്കള്‍ ജാരസന്തതികളാണ്” എന്ന ബി.ജെ.പി. മന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ പ്രസ്താവന ഗൗരവമായ ആക്രമണമാണ് തുറന്നു വിട്ടത്. സത്യം ചെയ്ത് ഭരണഘടനയോടും ഇന്ത്യയുടെ മതേതര സം‌ഹിതകളോടും കൂറുപുലര്‍ത്താനാവാത്ത വ്യക്തി മന്ത്രിയായി തുടരുന്നത് ജനാധിപത്യത്തിനുതന്നെ അപമാനമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ സമൂഹത്തിലെ പിന്‍‌തിരിപ്പന്‍ ശക്തികളെ പ്രോത്സാഹിപ്പിക്കുംവിധമാണ്. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും ഉന്മൂലനം ചെയ്ത് ഇന്ത്യയെ ഒരു വര്‍ഗീയ രാജ്യമാക്കുവാന്‍ ശ്രമിക്കുന്ന കപട രാഷ്‌ട്രീയത്തെ ചെറുക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്. ഇതിനെതിരെ പ്രതികരിക്കുവാനും, ഇന്ത്യയുടെ മതസഹിഷ്ണുതയെ നിലനിര്‍ത്തുവാനും മതന്യൂനപക്ഷത്തിന്റെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും നിലനിര്‍ത്തുവാനും പ്രവാസികളായ ഇന്ത്യക്കാര്‍ മുന്നോട്ടുവരണമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അഭ്യര്‍ത്ഥിച്ചു. മതസഹിഷ്ണുത നിലനിര്‍ത്തുവാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കണമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍ പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment