ഇന്ത്യയും റഷ്യയും തമ്മില്‍ ആറ് കരാര്‍, 10 അണുനിലയങ്ങള്‍ സ്ഥാപിക്കും

A99FDDE9-35D7-4FC8-9907-F4ED5EB0B20B_mw1024_s_nന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും ആണവ, ഊര്‍ജകാര്യത്തിലടക്കം ആറ് കരാറുകളിലും 13 ധാരണാപത്രങ്ങളിലും ഒപ്പിട്ടു. റഷ്യയുടെ സഹായത്തോടെ ഇന്ത്യ 10 അണുശക്തിനിലയങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായി. റഷ്യന്‍ സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള റൊസാറ്റം ആണവോര്‍ജ കോര്‍പറേഷന്‍െറ സഹകരണത്തോടെ അടുത്ത 20 വര്‍ഷത്തേക്കാണ് ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നത്. കൂടങ്കുളം നിലയത്തിലെ മൂന്നും നാലും യൂനിറ്റുകള്‍ക്ക് സഹായം നല്‍കാനും ആറ് പുതിയ റിയാക്ടറുകള്‍ സ്ഥാപിക്കാനും തീരുമാനമായി. മറ്റ് റിയാക്ടറുകള്‍ എവിടെ സ്ഥാപിക്കണമെന്ന് പിന്നീട് തീരുമാനിക്കും. 12 റിയാക്ടറുകള്‍ സ്ഥാപിക്കുമെന്നാണ് റഷ്യയില്‍ നിന്നുള്ള വിവരം.

10 റിയാക്ടറുകള്‍ കൂടി സ്ഥാപിച്ച് ആണവോര്‍ജത്തിന്‍െറ കാര്യത്തില്‍ അതിയായ ആശയോടെയുള്ള വീക്ഷണത്തിന് രൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സുരക്ഷയില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ആണവനിലയങ്ങളാണ് സ്ഥാപിക്കുകയെന്നും ഉല്‍പാദനത്തിനായുള്ള യന്ത്രഭാഗങ്ങളും ഇവിടെ നിര്‍മിക്കുമെന്നും പുടിനൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി വ്യക്തമാക്കി. ആണവോര്‍ജ സഹകരണത്തിനുള്ള രൂപരേഖയും സമ്മേളനത്തില്‍ തയാറാക്കി. റഷ്യയുമായുള്ള പ്രതിരോധ സഹകരണം തുടരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, റഷ്യയെ ഇന്ത്യക്ക് കരുത്തേകുന്ന തൂണെന്നും വിശേഷിപ്പിച്ചു. താരതമ്യമില്ലാത്ത നയതന്ത്ര സഹകരണമാണ് ഇന്ത്യയും റഷ്യയും തമ്മില്‍. ചരിത്രത്തിന്‍െറ വിഷമഘട്ടങ്ങളിലും ഇന്ത്യക്ക് റഷ്യ അടിയുറച്ച പിന്തുണനല്‍കിയിരുന്നതായി പ്രധാനമന്ത്രി സ്മരിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകതരം അടുപ്പം ഇനിയും വര്‍ധിപ്പിക്കുമെന്ന് പുടിന്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യാപാര സഹകരണവും വര്‍ധിപ്പിക്കേണ്ടതുണ്ട്. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ റഷ്യ ബദ്ധശ്രദ്ധരാണെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment