ഡാളസ്സ്: ഡാളസ്സ് സിറ്റി ഏഷ്യന്‍ അമേരിക്കന്‍ ജീവനക്കാരുടെ സംഘടനയായ ഏഷ്യന്‍ അമേരിക്കന്‍ അസ്സോസിയേഷന് ഓഫ് സിറ്റി എംബ്ലോയിസ് പ്രസിഡന്റായി ശ്രീ. അലക്സ് അലക്സാണ്ടറെ തിരഞ്ഞെടുത്തു. ഡിസംബര്‍ 11 വ്യാഴാഴ്ച ആയിരുന്നു സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്.
23 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 400-ല്‍ പരം ഡാളസ്സ് സിറ്റി ജീവനക്കാരുടെ പ്രാതിനിധ്യമാണ് 1998-ല്‍ സ്ഥാപിതമായ ഈ സംഘടനക്ക് ഉള്ളത്. ആദ്യമായാണ് ഒരു മലയാളി ഈ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റും 10 ബോര്‍ഡ് മെമ്പേഴ്സും ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങളും നേതൃത്വവും നല്‍കുന്നത്.
പുതിയതായി സ്ഥാനമേറ്റെടുത്ത അലക്സ് അലക്സാണ്ടര്‍ ഡാളസ്സ് ഫോര്ട്ട്വര്ട്ട് മെട്രോപ്ലെക്സിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമാണ്. എം.എ, എം.ബി.എ ബിരുദധാരിയായ അലക്സ് കഴിഞ്ഞ 9 വര്‍ഷങ്ങളായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിംങ്ങ് ആന്‍ഡ് കമ്മ്യൂണിറ്റി സര്‍വ്വീസ് റിയല്‍ എസ്റ്റേറ്റ് ഫ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നു.
സിറ്റി ഓഫ് ഡാളസ്സില്‍ എക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്ന ഭാര്യ ഷീനയും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് അലക്സാണ്ടറുടെ കുടുംബം. തൊഴിലാളി സംഘടനകള്‍ക്ക് നേതൃത്വം നല്കുവാന് തിരഞ്ഞെടുക്കപ്പെട്ട അലക്സ് അലക്സാണ്ടര്‍ മലയാളികള്‍ക്കൊരു അഭിമാനം കൂടിയാണ്.