കുടുംബ കലഹം: മുന്‍ ഭാര്യ ഉള്‍പ്പെടെ 6 പേരെ വധിച്ച പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി

Bradley-William-Stoneഫിലാഡല്‍ഫിയ: കുടുംബ കലഹത്തെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു, മുന്‍ഭാര്യ ഉള്‍പ്പെടെ 6 പേരെ ഒറ്റ ദിവസം തോക്കിനിരയാക്കിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി. പെന്‍സ്‌ബര്‍ഗ്ഗില്‍ നിന്നുള്ള 35 വയസ്സുകാരന്‍ അപകടകാരിയാണെന്ന് പോലീസ് പറയുന്നു.

ഡിസംബര്‍ 15 തിങ്കളാഴ്ച മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളിലായാണ് 6 പേരെ പ്രതി കൊലപ്പെടുത്തിയത്. ഭാര്യയും രണ്ട് മക്കളും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ ചെന്ന് ഭാര്യയെ വെടി വെച്ചതിന് ശേഷം രണ്ട് കുട്ടികളെയും കൊണ്ട് പുറത്തുകടന്ന പ്രതി കുട്ടികളെ അടുത്ത വീട്ടില്‍ ഏല്‍‌പ്പിക്കുകയായിരുന്നു.

തുടര്‍ന്ന് രണ്ട് വീടുകളിലായി താമസിച്ചിരുന്ന ഭാര്യയുടെ മാതാവ്, മുത്തശ്ശി, സഹോദരി, സഹോദരി ഭര്‍ത്താവ്, സഹോദരിയുടെ 14 വയസ്സുള്ള മകള്‍ എന്നിവര്‍ക്ക് നേരെയാണ് പ്രതി നിറയൊഴിച്ചത്. ആറു പേരുടെയും മൃതദേഹങ്ങള്‍ പോലീസ് ഇന്നലെ ഉച്ചയോടെ കണ്ടെത്തി. സഹോദരിയുടെ മകന്‍ 17 വയസ്സുള്ള ഏന്റണിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇറാക്കില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള യു.എസ്സ് മറീന്‍ ബ്രാഡ്‌ലി വില്യം സ്റ്റോണാണ് (35) ഈ കൊടും ക്രൂരതകള്‍ നടത്തിയത്.

ഭാര്യ നിക്കോളുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള കേസ്സിന്റെ അന്തിമ വിധി വരുന്നതിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സ്റ്റോണ്‍ കുടുംബാംഗങ്ങളെ ഒന്നടങ്കം വകവരുത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഡിസ്ട്രി‌ക്റ്റ് അറ്റോര്‍ണി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കുമ്പോഴും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കുടുംബകലഹവും വിവാഹമോചനവും കവര്‍ന്നെടുക്കുന്നത് എത്രയെത്ര നിരപരാധികളുടെ ജീവനാണ്. അനുദിനം ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ആപല്‍ക്കരമായ ഈ പ്രവണത ഇല്ലായ്മ ചെയ്യുന്നതിനുള്ള ബോധവല്‍‌ക്കരണ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം സാമൂഹിക സാംസ്ക്കാരിക സംഘടനകളും എറ്റെടുക്കേണ്ടിയിരിക്കുന്നു.

Print Friendly, PDF & Email

Leave a Comment