35 പവന്‍ കവര്‍ന്ന വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനി പിടിയില്‍

veetujolikkari moshanam prabhavathi

ഗുരുവായൂര്‍: ജോലിക്ക് നിന്ന വീട്ടില്‍നിന്ന് 35 പവന്‍ മോഷ്ടിച്ച തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരിയെ വീട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. മമ്മിയൂര്‍ മഹിളാസമാജം റോഡില്‍ അബ്ദുല്‍ സത്താറിന്‍െറ വീട്ടിലാണ് മോഷണം നടന്നത്. വേലക്കാരി ചിദംബരം സ്വദേശിനി പ്രഭാദേവിയാണ് (35) പിടിയിലായത്.

അഞ്ചുമാസം മുമ്പാണ് പ്രഭാദേവി ഇവിടെ ജോലിക്കെത്തിയത്. വീട്ടിലായിരുന്നു താമസം. വീടിന്‍െറ മുകള്‍ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മുറി വൃത്തിയാക്കുന്നതിനിടെ പ്രഭാദേവി കൈക്കലാക്കി. പ്രഭാദേവി പുതിയ ആഭരണങ്ങള്‍ ധരിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സംശയം തോന്നിയത്. തുടര്‍ന്ന് വീട്ടുകാര്‍ ഇവരുടെ മുറി പരിശോധിച്ചപ്പോള്‍ രണ്ട് ജോടി വളകളും ഒരു മാലയും മുറിയില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ എടുത്ത ആഭരണങ്ങള്‍ മമ്മിയൂരില്‍ വാടകക്ക് താമസിക്കുന്ന തന്‍െറ മാതാപിതാക്കളെ ഏല്‍പിച്ചതായി യുവതി സമ്മതിച്ചത്.

മാതാപിതാക്കളായ മാരിയപ്പന്‍, സെല്‍വി എന്നിവര്‍ താമസിക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ചില ആഭരണങ്ങള്‍ കൂടി കണ്ടെടുത്തു. എന്നാല്‍, പത്ത് പവനോളം ആഭരണങ്ങള്‍ മാത്രമേ ഇതുവരെ കണ്ടെടുക്കാനായിട്ടുള്ളൂ. സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ ഡയമണ്ട് നെക്ലേസുകളും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. യുവതിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. ആഭരണങ്ങള്‍ തമിഴ്നാട്ടില്‍ കൊണ്ടുപോയി വിറ്റതായി പൊലീസ് സംശയിക്കുന്നു.

Print Friendly, PDF & Email

Leave a Comment