Oh Taliban…. പാക് കുരുതിക്കളത്തില്‍ ചരിത്രം പിടയ്ക്കുന്നു

kuruthikalamകണ്ണേ മടങ്ങുക എന്ന് കവി മാത്രമല്ല മനുഷ്യത്വമുള്ളവരാകെ സ്വയം പറഞ്ഞുപോകുന്ന കുരുതിക്കളമാണ് പെഷാവറിലെ സൈനിക പബ്ലിക് സ്‌ക്കൂളില്‍ താലിബാന്‍ സൃഷ്ടിച്ചത്. തപോവനത്തിലെ ശാന്തതയിലിരുന്ന് പരീക്ഷയെഴുതുന്ന കുട്ടികളോട് ‘കൊല്ലാന്‍ പോകുകയാണ്. പ്രാര്‍ത്ഥിക്ക്’ എന്ന് അവര്‍ അലറി. അക്ഷരവെളിച്ചത്തില്‍ ധ്യാനനിരതരെന്നോണമിരുന്ന വിദ്യാര്‍ത്ഥികള്‍ സൈനിക വേഷത്തില്‍ വന്ന ഭീകരരുടെ വെടിയേറ്റ് വീണുപിടഞ്ഞു.

PHOTOപൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുക, അത്തരം സ്‌ക്കൂളുകളില്‍ അധ്യയനം നടത്തുന്നതില്‍നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും ഭയപ്പെടുത്തി പിന്‍തിരിപ്പിക്കുക. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ പോകുന്നത് സായുധ ശക്തികൊണ്ട് നേരിടുക. വിദ്യാര്‍ത്ഥികള്‍ വിശേഷിച്ച് പെണ്‍കുട്ടികള്‍ മതബോധന കേന്ദ്രങ്ങളില്‍മാത്രം പഠിക്കുക. ഇതാണ് താലിബാന്റെ വിദ്യാഭ്യാസ പരിപ്രേക്ഷ്യം. ഈ ലക്ഷ്യം കണ്ടെത്താന്‍ 2002 മുതല്‍ ഒരു പതിറ്റാണ്ടിലേറെയായി പാക്കിസ്താനില്‍ വിദ്യാലയങ്ങള്‍ക്കുനേരെ ആക്രമണം ആരംഭിച്ചത്. 2002 ആഗസ്തില്‍ മുറൈ പട്ടണത്തിനടുത്തുള്ള കോണ്‍വെന്റ് സ്‌ക്കൂളില്‍ ആറുപേരെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. സ്‌ക്കൂളുകള്‍ കത്തിച്ച് ചാമ്പലാക്കുക, സ്‌ക്കൂള്‍ ബസ്സുകള്‍ക്കു ബോംബെറിയുക, സ്‌ക്കൂളുകള്‍ക്കുനേരെ ബോംബെറിയുക, വഴിയില്‍ കുഴിബോംബുവെച്ച് സ്‌ക്കൂള്‍ കുട്ടികളെ കൊലപ്പെടുത്തുക തുടങ്ങി ഈ പദ്ധതി ശക്തമായി താലിബാന്‍ നടപ്പാക്കുകയാണ്.

പെഷാവറില്‍നിന്നുള്ള ഈ കാഴ്ച പാക് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പോയകാല വീഴ്ചയുടെകൂടി ഫലമാണ്. താലിബാന്‍ ഭീകരതയ്‌ക്കെതിരെ വൈറ്റ് ഹൗസില്‍നിന്നു പ്രതികരിക്കുന്ന പ്രസിഡന്റ് ഒബാമയുടെ വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കുറ്റബോധം പ്രകടമാകേണ്ടതാണ്. കാരണം അഫ്ഗാന്‍ നയത്തിന്റെ പേരില്‍ പാകിസ്താനും അമേരിക്കയും കൂട്ടായും നിഗൂഢമായും രൂപപ്പെടുത്തിയ വിദേശ നയമാണ് താലിബാനെ ഈ നിലയില്‍ ഭസ്മാസുരനായി വളര്‍ത്തിയത്.

അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്റെ പിന്തുണയില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തുകയും റിപ്പബ്ലിക് സ്ഥാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍. മുസ്ലിം തീവ്രവാദശക്തികളെ സീനിയര്‍ ജോര്‍ജ് ബുഷിന്റെ കാലംതൊട്ട് ഇതിന് ഉപയോഗപ്പെടുത്തി. മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്ഥമായി പാക് ഗവണ്മെന്റില്‍ നിന്നു വേറിട്ടുള്ള ബന്ധം ജൂനിയര്‍ ബുഷിന്റെ ഭരണകാലത്തുണ്ടായി.

ആയുധവും പ്രത്യേക സാമ്പത്തിക സഹായവും നല്‍കി പാകിസ്താന്‍ സൈനിക നയത്തിലും സൈനിക നേതൃത്വത്തിലും അമേരിക്ക വന്‍ സ്വാധീനം ചെലുത്തി. യഥാര്‍ത്ഥത്തില്‍ പാകിസ്താന്‍ സൈന്യമാണ് താലിബാന് പാക് മണ്ണില്‍ പരിശീലനം നല്‍കിയതും ആയുധങ്ങളും താവളങ്ങളും ഒരുക്കിയതും. അങ്ങനെയാണ് അമേരിക്കന്‍ പിന്‍ബലത്തില്‍ ബിന്‍ ലാദന്‍ താലിബാന്റെ ആത്മീയ സൈനിക നേതാവായതും.

സോവിയറ്റ് സേന അഫ്ഗാനിസ്ഥാനില്‍നിന്നു പിന്മാറിയിട്ടും പ്രസിഡന്റ് മുഹമ്മദ് നജീബുള്ളയെ അധികാരത്തില്‍നിന്ന് ഇറക്കിയിട്ടും താലബാന്‍ തൃപ്തിപ്പെട്ടില്ല. നജീബുള്ള അഭയം തേടിയ കാബൂളിലെ യു.എന്‍ ആസ്ഥാനത്തുകടന്ന് അവര്‍ നജീവിനെ പിടിച്ചുകൊണ്ടുപോയി. കമ്മ്യൂണിസ്റ്റായിരുന്ന ഭരണാധികാരിക്ക് റോഡില്‍ പരസ്യശിക്ഷ നല്‍കുന്നതുകണ്ട് ലോകം ഞെട്ടി. സഹോദരനൊപ്പം മുന്‍ പ്രസിഡന്റിനെ ലോറിയുടെ പിന്നില്‍കെട്ടി പൊതുനിരത്തിലൂടെ ആരവങ്ങളോടെ വലിച്ചുകൊണ്ടുപോയി. ഒടുവില്‍ ജനക്കൂട്ടത്തിനു നടുവില്‍ ട്രാഫിക് കുടയുടെ വലിയ തൂണില്‍ കയറില്‍ തൂക്കിക്കൊന്നു.

peshawarബിന്‍ലാദനെ പിന്നീട് പാകിസ്താന്‍ സൈനിക ഹോഡ്ക്വാര്‍ട്ടറിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചതും സൈന്യമാണ്. പാകിസ്താന്‍ ഭരണകൂടത്തെയോ സൈനിക നേതൃത്വത്തെയോ അറിയിക്കാതെ അതിരഹസ്യമായാണ് ബിന്‍ലാദനെ അമേരിക്ക സൈനിക വിമാനമയച്ച് പിടിച്ചതും കൊന്നു കടലില്‍ തള്ളിയതും.

തെഹ് രീക് ഇ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) എന്നറിയപ്പെടുന്ന പാകിസ്താന്‍ താലിബാനാണ് പെഷാവര്‍ കൂട്ടക്കുരുതിക്ക് ഉത്തരവിട്ടത്. ഏഴുവര്‍ഷംമുമ്പ് പതിമൂന്ന് പ്രാദേശിക ഭീകര സംഘടനകള്‍ ഒന്നിച്ചാണ് പാകിസ്താന്‍-താലിബാന്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ഖൈബര്‍ പഷ്തൂണ്‍ഖ്വയും വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ അര്‍ധ സ്വയം ഭരണാധികാര പ്രവിശ്യകളും മുഖ്യമായും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. പഞ്ചാബിലും ഇവരുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ മലനിരകളില്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന മൗലാന ഫസലുള്ളയാണ് താലിബാന്റെ നിലവിലെ നേതാവ്. ഫസലുള്ളയെ കൈമാറണമെന്ന് പാകിസ്താന്‍ അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശരിയത്ത് നിയമം നടപ്പിലാക്കണമെന്നതാണ് ഇവരുടെ ആവശ്യങ്ങളിലൊന്ന്. ഇപ്പോള്‍ ലോക സംഭവഗതികള്‍ താലിബാന് എതിരായ നിലപാടിലേക്ക് ഇവരെയെല്ലാം ഒരുപോലെ എത്തിച്ചു. അമേരിക്കന്‍ നയത്തില്‍ ഒബാമ വരുത്താന്‍ നിര്‍ബന്ധിതമായ മാറ്റങ്ങള്‍, പാകിസ്താനില്‍ നവാസ് ഷെറീഫിന്റെ സിവില്‍ ഭരണം വന്നത്, ഇന്ത്യയിലെ ഭരണമാറ്റവും മറ്റും പാകിസ്താനിലെ വൈരുദ്ധ്യങ്ങളില്‍ ഇവ പല മാറ്റങ്ങളും വരുത്തി. സൈന്യവും പാക് ഗവണ്മെന്റും അമേരിക്കയും താലിബാനെതിരെ ഒന്നിക്കേണ്ടിവന്നതാണ് ഇതില്‍ പ്രധാനം.

പെഷാവര്‍ കന്റോണ്‍മെന്റിലെ സൈനിക പബ്ലിക് സ്‌ക്കൂളില്‍ അധികവും സൈനിക ഓഫീസര്‍മാരുടെ മക്കളായ വിദ്യാര്‍ത്ഥികളാണ്. സിവിലിയന്മാരുടെ മക്കളുമുണ്ട്. അതിലും പ്രധാനം സൈനിക ഓഫീസര്‍മാരുടെ ഭാര്യമാരാണ് അധ്യാപികമാരില്‍ ഏറെയും എന്നതാണ്.

സ്ത്രീകളെ ഏറെ ആദരിക്കുന്ന, ദുര്‍ബലരായ അവരോട് അങ്ങേയറ്റം കരുണ കാണിക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്ലാം മതത്തിന്റെ ധാര്‍മിക-ആധ്യാത്മിക അവകാശികളെന്ന് സ്വയം അവകാശപ്പെടുന്നവരാണ് താലിബാന്‍കാര്‍. അവരാണ് ആയിരത്തിലേറെ വിദ്യാര്‍ത്ഥികളുള്ള സ്‌ക്കൂളിലിലെ പ്രധാന അധ്യാപികയെ കസേരയില്‍ ബന്ധനസ്ഥയാക്കി തീകൊളുത്തി അഗ്നിഗോളമാക്കിയത്. ഒരു ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി ഒഴികെ മറ്റെല്ലാവരും താലിബാന്‍ കൊന്നു. ആദ്യദിവസം സ്‌ക്കൂളിലെത്തിയ അഞ്ചുവയസ്സുള്ള പെണ്‍കുരുന്നിനെയും ഭീകരര്‍ വധിച്ചു. ഷെറീഫ് ഭരണകൂടം സൈന്യത്തെ നിയോഗിച്ച് താലിബാനെതിരെ നടപ്പാക്കുന്ന ഓപ്പറേഷന്‍ സാര്‍ബ്-ഇ-അസ്ബ് നടപടികള്‍ക്ക് എതിരായ പ്രാഥമിക പ്രതികരണമാണ് താലിബാന്റേത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌ക്കൂളുകളില്‍ താലിബാന്‍ ഭീഷണി നിലനില്‍ക്കുന്നതുകൊണ്ട് സൈനിക സ്‌ക്കൂളുകളെ ആശ്രയിക്കുന്ന സേനാംഗങ്ങളുടെ കുട്ടികളെ നീചമായി കൊലപ്പെടുത്തുകയാണ് താലിബാന്‍. ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന മോദി ഗവണ്മെന്റിന്റെ ഇടപെടലും പുതിയ സ്ഥിതിവിശേഷത്തിന് കാരണമാണ്.

peshawar_children_ചുരുക്കത്തില്‍ പാകിസ്താനില്‍ രൂക്ഷമായ വര്‍ഗ സമരത്തിന്റെ ഒരു മുഖമാണ് വിദ്യാഭ്യാസതലത്തില്‍ നടന്നുവരുന്നത്. മലാല സംഭവവും സൈനിക സ്‌ക്കൂള്‍ ആക്രമണവും വേറിട്ട ഒറ്റപ്പെട്ട സംഭവങ്ങളല്ല. ആദ്യകാലത്ത് ദക്ഷിണേന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ നിയുക്തനായിരുന്ന അമീര്‍ ഹൈദര്‍ഖാന്‍ പാകിസ്ഥാനില്‍ ജയില്‍ മോചനത്തിനുശേഷം സ്‌ക്കൂള്‍ സ്ഥാപിച്ച് വിദ്യാഭ്യാസരംഗത്ത് കേന്ദ്രീകരിക്കുകയുണ്ടായി. അതിന്റെ വര്‍ഗ രാഷ്ട്രീയം ഇപ്പോള്‍ ഈ സംഭവ വികാസങ്ങള്‍ ശരിവെക്കുന്നു. അദ്ദേഹം സ്ഥാപിച്ച് മരണപത്രത്തിലൂടെ സര്‍ക്കാറിനെ ചുമതലപ്പെടുത്തിയ രണ്ട് പ്രമുഖ സ്‌ക്കൂളുകള്‍ റാവല്‍പിണ്ടിയിലുണ്ട്. അതിലൊന്ന് പെണ്‍കുട്ടികള്‍ക്കു മാത്രമുള്ളതാണ്. മികച്ച സയന്‍സ് ലബോറട്ടറിയോടെ. മുസ്ലിം മത മൗലിക വാദികള്‍ക്ക് മുന്‍കൈയുള്ള റാവല്‍പിണ്ടി, പെഷാവര്‍ തുടങ്ങിയ മേഖലകളില്‍ വര്‍ഗസമരത്തിന്റെ മുഖ്യമുഖങ്ങളിലൊന്ന് വിദ്യാഭ്യാസരംഗമാണ്. ഇതു ബോധ്യമുണ്ടായിരുന്ന വിപ്ലവകാരിയാണ് 86-ല്‍ മരണപ്പെട്ട അമീര്‍ ഹൈദര്‍ഖാന്‍ ആ മേഖലയില്‍ കേന്ദ്രീകരിച്ചു. ചുംബന സമരമാണ് വര്‍ഗ സമരത്തിന്റെ പുതിയ രൂപമെന്ന് വിശ്വസിക്കുന്ന നമ്മുടെ നാട്ടില്‍ കുരുതിക്കളങ്ങളെ നേരിട്ട് വിദ്യാഭ്യാസത്തിനുവേണ്ടി പെണ്‍കുട്ടികളടക്കം താലിബാനോട് പൊരുതുന്ന പാകിസ്താനിലെ അവസ്ഥ മനസ്സിലാകില്ല. ആ കുരുതിക്കളങ്ങളില്‍ ചരിത്രം പിടയുന്നതും.

എന്നാല്‍ പാകിസ്താനിലെ സൈനിക നടപടികളിലൂടെ മാത്രം താലിബാന്‍ വെല്ലുവിളി അവസാനിക്കുന്നില്ല. പിന്നോക്കാവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും വികസനത്തിനും ഗോത്രവര്‍ഗ മേഖലയുടെ പിന്നോക്കാവസ്ഥയ്ക്കും പരിഹാരം കാണാതെ. അതിലേറെ ആശയപരമായി താലിബാനിസത്തെ നേരിടാന്‍ പാക് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവരാതെ. പാക്കിസ്താന്‍ തെഹ്‌റീക്-ഇ-ഇന്‍സഫ് പാര്‍ട്ടിയുടെ നേതാവായ ഇമ്രാംഖാന്‍ പോലും താലിബാന്‍ ഭീകരരുടെ പേര് പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.

ഇന്ത്യയിലും പുതിയ സര്‍ക്കാറിന്റെ പിന്‍ബലത്തില്‍ സംഘപരിവാറിലെ താലിബാന്മാര്‍ രംഗത്തുവന്നതും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഭഗവദ്ഗീതാ-ക്രിസ്മസ് അവധി വിവാദങ്ങളും മതപരിവര്‍ത്തനവും ഒരേസമയം ഇന്ത്യയില്‍ സംഘപരിവാര്‍ താലിബാനിസവും മുസ്ലിം ഭീകരവാദവും വളര്‍ത്തും. ഇതു പാകിസ്താനിലെ താലിബാന്‍ ശക്തികളെ ന്യായീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

അതുകൊണ്ട് പെഷാവറിലെ കുരുതിക്കളം നമ്മളില്‍നിന്നും ഏറെ അകലെയല്ല. പെഷാവര്‍ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന പാഠം അക്കാര്യം നമ്മുടെ ഭരണാധികാരികളെയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെയും വിവിധ മത നേതാക്കളെയും ഓര്‍മ്മപ്പെടുത്തുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment