ഗര്‍ഭമുണ്ടെന്ന ധാരണയില്‍ 9 മാസം ചികിത്സ, ഒടുവില്‍ പ്രസവിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്റ്റര്‍മാര്‍ പറഞ്ഞു ഗര്‍ഭമില്ലന്ന്

1418959734-45ചങ്ങനാശ്ശേരി: പ്രസവിക്കാന്‍ ആശുപത്രിയിലെത്തിയ മുപ്പതുകാരി ഗര്‍ഭിണിയല്ലെന്നറിഞ്ഞു ഞെട്ടി. ഇന്നലെ രാവിലെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലാണു സംഭവം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്കാനിംഗ് നടത്തിയപ്പോഴാണ് യുവതിയുടേത് ഗര്‍ഭമല്ലെന്നും അത്യപൂര്‍വ്വമായി സംഭവിക്കുന്ന സ്യൂഡോ പ്രഗ്‌നന്‍സി ആണെന്നും വ്യക്തമായത്.

മാടപ്പള്ളി വെള്ളുകുന്ന്‌ സ്വദേശിനി ബുധനാഴ്‌ചയാണ്‌ പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ അഡ്‌മിറ്റായത്‌. യുവതിയെ പരിശോധിച്ച ഡോക്‌ടര്‍ വെള്ളിയാഴ്‌ച പ്രസവത്തിനായി തയാറെടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഗര്‍ഭമല്ല എന്നറിഞ്ഞതോടെ ഡോക്‌ടര്‍മാരും ബന്ധുക്കളുമായി വാക്കുതര്‍ക്കമായി. കഴിഞ്ഞ ഒന്‍പതു മാസമായി ഇതേ ഡോക്‌ടറാണു യുവതിയെ പരിശോധിച്ചിരുന്നത്‌. പ്രാഥമിക പരിശോധനയില്‍ ഗര്‍ഭിണിയാണെന്നു കണ്ടെത്തി മരുന്നുകള്‍ നിര്‍ദ്ദേശിച്ചതുമായിരുന്നു.

അതിനാല്‍ ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചത് ചികിത്സാപ്പിഴവാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നാം മാസത്തില്‍ സ്‌കാന്‍ ചെയ്യാന്‍ ഡോക്‌ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഡോക്‌ടറെ കാണിച്ചത്‌ ആദ്യകുട്ടിയെ ഗര്‍ഭിണിയായിരുന്നപ്പോഴുള്ള സ്‌കാനിംഗ്‌ റിപ്പോര്‍ട്ടായിരുന്നത്രേ. പിന്നീട്‌ അഞ്ചാം മാസം ഡോക്‌ടര്‍ സ്‌കാനിംഗിനു നിര്‍ദ്ദേശിച്ചെങ്കിലും അതു നടത്തിയിരുന്നില്ല. പിന്നീട്‌ പ്രസവ തീയതി നിശ്‌ചയിച്ചശേഷമാണു യുവതി ഗര്‍ഭിണിയല്ലെന്ന്‌ അറിയുന്നതും നാടകീയ രംഗങ്ങള്‍ അരങ്ങേറിയതും.

യുവതി കൃത്യമായി പരിശോധന നടത്താത്തതാണു ഗര്‍ഭിണിയല്ലെന്നുള്ള വിവരം അറിയാതെ പോകാന്‍ കാരണമെന്നും സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടന്നും ആശുപത്രി സൂപ്രണ്ട്‌ ഡോ. സുജാ എബ്രഹാം പറഞ്ഞു. ഏതായാലും ചികിത്സാ പിഴവിന്റെ പേരില്‍ ഡോക്‌ടര്‍ക്കെതിരേ ബന്ധുക്കള്‍ ചങ്ങനാശേരി ഡിവൈ.എസ്‌.പിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി. യുവതിയെ വിദഗ്ദ ചികിത്സക്കായി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment