കോണ്‍ഗ്രസ്സിനുള്ളില്‍ കലാപം പുകയുന്നു; രാജിക്കൊരുങ്ങി സുധീരന്‍

saandy_1760266fതിരുവനന്തപുരം: മദ്യനയത്തില്‍ കാതലായ മാറ്റം കൊണ്ടുവന്നതില്‍ യുഡി‌എഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറി തുടങ്ങിയതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നയം മാറ്റത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയതിനു പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ സുധീരന്‍ തയ്യാറായേക്കുമെന്നാണ് സൂചന. ഞായറാഴ്ച ഡ്രൈ ഡേ ആക്കിയത് തന്റെ മാത്രം പിടിവാശിയായിരുന്നെന്ന് തുറന്ന് സമ്മതിച്ച ഉമ്മന്‍ ചാണ്ടി ആ തെറ്റ് തിരുത്തിയെങ്കിലും സുധീരന്‍ തന്നെ നയം മാറ്റത്തിനെതിരെ ശക്തമായി മുന്നോട്ട് വന്നതാണ് ഇപ്പോള്‍ ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

നയം മാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍‌മാറിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് സുധീരനോട് അടുത്ത വൃത്തങ്ങളോട് പറഞ്ഞു കഴിഞ്ഞു. ഇന്നലെ മുഖ്യമന്ത്രി മദ്യനയത്തിലെ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ കാസര്‍ഗോഡാണ് സുധീരന്‍ ഉണ്ടായിരുന്നത്. അവിടെ നിന്ന് കോഴിക്കേട്ടേക്കുള്ള യാത്രക്കിടെയാണ് വിവരം സുധീരന്‍ അറിയുന്നത്. ഇതോടെ കോഴിക്കോട്ട് നടത്താനിരുന്ന പരിപാ‍ടികള്‍ റദ്ദാക്കി സുധീരന്‍ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. സര്‍ക്കാരിന്റെ നയം മാറ്റത്തില്‍ വ്യക്തമായ പ്രതികരണം ഉണ്ടാകുമെന്നാണ് സുധീരന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സൂചന.

വിനോദ സഞ്ചാര മേഖലയിലെ പ്രശ്‌നങ്ങളുയര്‍ത്തിയാണ് മദ്യനയത്തില്‍ മാറ്റത്തിന് മുഖ്യമന്ത്രി നീക്കം നടത്തിയത്. മദ്യനയത്തില്‍ അടിസ്ഥാനപരമായ മാറ്റത്തിന് ആരും സര്‍ക്കാരിന് അനുമതി നല്‍കിയിട്ടില്ല. പൂട്ടിയ 418 ബാറുകളില്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുന്നത് മദ്യനയത്തിലെ കാതലായ മാറ്റമാണ്. ഇത് കെപിസിസിയുടെ അംഗീകരാമില്ലാതെ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് അല്ല ആര്‍ക്കും കഴിയില്ലെന്നാണ് സുധീരന്റെ നിലപാട്. മുഖ്യമന്ത്രി എല്ലാ അര്‍ത്ഥത്തിലും കെപിസിസിയെ അപമാനിച്ചുവെന്നാണ് പ്രസിഡന്റിന്റെ വിലയിരുത്തല്‍. അതിനാല്‍ രാജിയില്‍ കുറഞ്ഞൊരു നീക്കുപോക്കിനുമില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്നെ അപമാനിച്ച് ഇറക്കിവിടാന്‍ എ ഗ്രൂപ്പും, ഐ ഗ്രൂപ്പും ശ്രമിക്കുന്നെന്ന് കാട്ടി തന്റെ ഭാഗം ന്യായീകരിച്ച് സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. മദ്യനയത്തിലെ വിവാദമുയര്‍ത്തി സ്ഥാനം ഒഴിഞ്ഞാല്‍ പ്രതിച്ഛായ നഷ്ടം ഉണ്ടാകില്ലെന്നാണ് സുധീരന്‍ വിലയിരുത്തുന്നത്. അതേ സമയം സുധീരനെ അനുനയിപ്പിക്കാന്‍ എ കെ ആന്റണി രംഗത്തെത്തിയിട്ടുണ്ട്. ധൃതിപിടിച്ചൊരു തീരുമാനം വേണ്ടെന്നാണ് ആന്റണിയുടെ ഉപദേശം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment