Flash News

ദുരൂഹതകള്‍ നിറഞ്ഞ മുംബൈ ഭീകരാക്രമണം; ആരാണ് യഥാര്‍ത്ഥ പ്രതികള്‍ ?

December 24, 2014 , മൊയ്തീന്‍ പുത്തന്‍‌ചിറ (ചീഫ് എഡിറ്റര്‍)

bheekara2ഇന്ത്യയുടെ ചരിത്രത്തിലെ നടുക്കുന്ന ഓര്‍മ്മയാണ് മുംബൈ ഭീകരാക്രമണം. 2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ പത്തു ലഷ്കര്‍ ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. വിദേശ പൗരന്മാരടക്കം 166 പേരുടെ ജീവനെടുത്ത ആക്രമണത്തില്‍ പങ്കെടുത്തവരെ ഇന്ത്യന്‍ കമാന്റോകള്‍ കൊലപ്പെടുത്തുകയും പിടിയിലായ ഏക ഭീകരന്‍ കസബിനെ ഇന്ത്യ പിന്നീടു തൂക്കിലേറ്റുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിലിരുന്ന് ലഷ്‌കര്‍ ഭീകരര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയതുകൊണ്ടാണ് അവര്‍ക്ക് മുംബൈയില്‍ എത്താന്‍ കഴിഞ്ഞതും ഭീകരാക്രമണം നടത്താന്‍ കഴിഞ്ഞതുമെന്ന് പിന്നീട് കണ്ടുപിടിച്ചിരുന്നു. എന്നാല്‍, ഈ ആക്രമണം ആസൂത്രണം ചെയ്തവരെ വിചാരണ ചെയ്യാനോ അവരെ ഇന്ത്യക്ക് കൈമാറാനോ പാക്കിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒഴിവുകഴിവുകള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോകുകയാണ് പാക്കിസ്ഥാന്‍ ഇപ്പോഴും.

എന്നാല്‍ ഈ ആക്രമണം തടയാമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
(http://www.nytimes.com/2014/12/22/world/asia/in-2008-mumbai-attacks-piles-of-spy-data-but-an-uncompleted-puzzle.html?_r=0) മുംബൈ ആക്രമണം ആസൂത്രണം ചെയ്തതു ലഷ്‌ക്കര്‍-ഇ-തൊയ്‌ബയും പാക്ക് ചാര സംഘടന ഐഎസ്ഐയുടെ മുതിര്‍ന്ന ഓഫിസര്‍മാരും സംയുക്തമായാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തല്‍. 26/11 ആക്രമണത്തിന്‍റെ ആസൂത്രകനും ലഷ്‌ക്കര്‍ മേധാവിയുമായ സക്കിയുര്‍ റഹ്‌മാന്‍ ലഖ്‌വിക്കെതിരെ ഇന്ത്യ കുറ്റാരോപണം നടത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ പാക്ക് ഭരണകൂടം അനാസ്ഥ തുടരുമ്പോഴാണ് ഇന്ത്യയുടെ വാദങ്ങള്‍ക്കു കരുത്തു നല്‍കുന്ന റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്.

മുംബൈ ആക്രമണത്തെക്കുറിച്ച് ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും സമഗ്രമെന്നു പറയാവുന്ന അന്വേഷണ റിപ്പോര്‍ട്ട് അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി കോണ്‍‌ട്രാക്ട്രര്‍ എഡ്വേര്‍ഡ് സ്നോഡനില്‍ നിന്നുവരെ വിവരങ്ങള്‍ ശേഖരിച്ചാണു തയാറാക്കിയതെന്നു പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാണ് ആക്രമണത്തിനു വഴിയൊരുക്കിയതെന്നും മികച്ചതെന്ന് അവകാശപ്പെടുന്ന ഇന്ത്യ, ബ്രിട്ടന്‍, യുഎസ് ഏജന്‍സികള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണം തടയുന്നതില്‍ സൈബര്‍ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള പ്രാധാന്യം എടുത്തുകാട്ടുന്നതാണു റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ റിപ്പോര്‍ട്ട് എത്രമാത്രം സത്യസന്ധതയുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ട് തുടരുന്നു – കശ്മീരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ രൂപീകരിച്ച ലഷ്‌കര്‍-ഇ-തോയ്ബക്ക് പിന്നീട് അല്‍ ക്വയ്ദ ശൈലിയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആക്രമണത്തിനായി താത്പര്യം. വടക്കേ അമെരിക്കയിലും യൂറോപ്പിലുമൊക്കെ ധനസമാഹരണവും ആയുധം സംഭരണവും നടത്തി ലഷ്‌കര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇതില്‍ അസ്വസ്ഥരായ ഐഎസ്ഐ ഉദ്യോഗസ്ഥരാണത്രേ മുംബൈ ആക്രമണമെന്ന ആശയം രൂപപ്പെടുത്തിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ ആക്രമിക്കുന്നതിനൊപ്പം യുഎസ്, ബ്രിട്ടിഷ് പൗരന്മാരെയും ലക്ഷ്യമിടാമെന്നും ഐഎസ്ഐ ലഷ്‌കറിനോട് പറഞ്ഞത്രേ. ഈ പദ്ധതിയെക്കുറിച്ച് സൂചന ലഭിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ 2008 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്ത് പലതവണ മുംബൈ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഇന്ത്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും പറയുന്നു.

ലഷ്കറിന്‍റെ സാങ്കേതിക വിഭാഗം മേധാവി സറര്‍ ഷാ ഇന്ത്യന്‍ വ്യവസായിയെന്ന വ്യാജേനയാണ് യുഎസ് കമ്പനിയില്‍ നിന്ന് ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനം വാങ്ങിയതെന്നും, ഇതുപയോഗിച്ചാണ് ഇയാള്‍ ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തിയതെന്നും പറയുന്നു. ഇവ സംഘടിപ്പിച്ച ന്യൂജെഴ്‌സിയിലെ കമ്പനിയോട് ഖരക് സിംഗ് എന്നാണത്രേ ഇയാള്‍ പേരു പറഞ്ഞത്. ആക്രമണമുണ്ടായി ഉടന്‍ ഹൈദരാബാദ് ഡെക്കാണ്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പേരില്‍ ഉത്തരവാദിത്വമേറ്റെടുത്ത് ഇ-മെയില്‍ അയച്ചതും ഷാ ആയിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

David Coleman Hedley

David Coleman Hedley

ഇവിടെയാണ് ഒരു സംശയം ബാക്കി നില്‍ക്കുന്നത്. 2008-ലെ ഭീകരാക്രമണം കഴിഞ്ഞ് 2009-ല്‍ ചിക്കാഗോയില്‍ നിന്ന് ഒരു ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ എഫ്.ബി.ഐ. കസ്റ്റഡിയിലെടുത്തിരുന്നു. അയാളാണ് മുംബൈ ഭീകരാക്രമണത്തിന് ലഷ്‌കര്‍-ഇ-തൊയ്‌ബക്ക് താജ് ഹോട്ടലിന്റേയും മറ്റും വിവരങ്ങള്‍ കൈമാറിയതെന്ന് അന്ന് വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇപ്പോള്‍ ആറു വര്‍ഷത്തിനു ശേഷം മറ്റൊരു കഥയുമായി ന്യൂയോര്‍ക്ക് ടൈംസ് രംഗപ്രവേശം ചെയ്തതിന്റെ ഉദ്ദേശമാണ് മനസ്സിലാകാത്തത്.

മുംബൈ ആക്രമണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ യൂറോപ്പിലെ കമ്മ്യൂണിക്കേഷന്‍ സുരക്ഷയെക്കുറിച്ചു വിശദമായി സറര്‍ ഷാ പഠനം നടത്തിയിരുന്നുവെന്നു പറയുന്നു. ബ്രൗസിങ് ഹിസ്റ്ററി ഒളിപ്പിക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന ഒരു ഇന്‍റര്‍നെറ്റ് സൈറ്റ് ഷാ ഉപയോഗിച്ചു എന്നും, ഇന്ത്യ- യുഎസ് നാവികാഭ്യാസത്തിന്‍റെ വാര്‍ത്തകളെ സസൂക്ഷ്മം പിന്തുടര്‍ന്നിരുന്നു എന്നും പറയുന്നു. ഇന്ത്യയുടെയും ബ്രിട്ടന്‍റെയും ഏജന്‍സികള്‍ക്ക് ഈ വിവരം അറിയാമെന്നും പറയുന്നു. അവര്‍ക്കു പക്ഷേ, ഇതിന്‍റെ പൊരുള്‍ വേര്‍തിരിക്കാനായില്ലത്രേ !!.

മുംബൈ സന്ദര്‍ശിച്ച് ആക്രമണ ലക്ഷ്യകേന്ദ്രങ്ങളെക്കുറിച്ചു വിശദമായി പഠിച്ച ലഷ്‌കര്‍ ഏജന്‍റ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു എന്നു പറയുന്നു. പക്ഷേ, 2009ല്‍ അറസ്റ്റിലായപ്പോള്‍ മാത്രമാണു ഹെഡ്‌ലിയുടെ പദ്ധതികളെക്കുറിച്ച് യുഎസിനും പൂര്‍ണമായി ബോധ്യപ്പെട്ടതത്രേ !!. ഹെഡ്‌ലി പാക്കിസ്ഥാനി ഭീകരനാണെന്നും മുംബൈയില്‍ ആക്രമണത്തിനു പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇയാളുടെ മുന്‍ ഭാര്യ യുഎസ് ഏജന്‍സികള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിശദ അന്നേഷണത്തിന് അവര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവിടെയാണ് ഡേവിഡ് കോള്‍‌മാന്‍ ഹെഡ്‌ലി ആരുടെ സൃഷ്ടിയായിരുന്നു എന്ന് അന്വേഷിക്കേണ്ടത്.

David Headley passportജന്മം കൊണ്ട് പാക്കിസ്ഥാനിയും രൂപസാദൃശ്യം കൊണ്ടും പേരുകൊണ്ടും തനി അമേരിക്കക്കാരനുമായ ഈ ഹെഡ്‌ലി അമേരിക്കയുടെ സൃഷ്ടിയായിരുന്നു എന്നു തന്നെ പറയാം. ഈ ഹെഡ്‌ലിക്കാണ് ചട്ടങ്ങള്‍ ലംഘിച്ച് ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ത്യയില്‍ യഥേഷ്ടം സഞ്ചരിക്കാന്‍ മള്‍ട്ടിപ്പിള്‍ എന്‍‌ട്രി വിസ നല്‍കിയത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം ഹെഡ്‌ലിയുടെ പങ്കിനെക്കുറിച്ച് അറിഞ്ഞ കോണ്‍സുലേറ്റ് അധികൃതര്‍ അന്ന് പറഞ്ഞത് ഹെഡ്‌ലി അമേരിക്കന്‍ പൗരനായിരുന്നു എന്നും ജനിച്ചത് വാഷിംഗ്ടണ്‍ ഡി.സി.യിലുമാണെന്നാണ്. വാഷിംഗ്ടണ്‍ ഡി.സി.യില്‍ ജനിച്ച ദാവൂദ് സെയ്ത് ഗിലാനി എന്ന പാക്കിസ്ഥാന്‍ വംശജന്‍ എങ്ങനെ ഡേവിഡ് കോള്‍‌മാന്‍ ഹെഡ്‌ലി ആയി എന്ന് അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം നമുക്കു മനസ്സിലാകുന്നത്.

പാക്കിസ്ഥാനിലേക്ക് പഠനത്തിനു പോയ ദാവൂദ് ഗിലാനി നിരവധി തവണ അമേരിക്കയിലേക്ക് യാത്ര ചെയ്യുമായിരുന്നു. ഓരോ പ്രാവശ്യവും മയക്കുമരുന്നു കടത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് 1998-ല്‍ പിടിയിലാകുന്നത്. രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞപ്പോള്‍ ഗിലാനി യു.എസ്. ഡ്രഗ് എന്‍‌ഫോഴ്‌സ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷനു വേണ്ടി ചാരപ്പണി നടത്താന്‍ പാകപ്പെടുത്തിയ മനുഷ്യനായിത്തീര്‍ന്നിരുന്നു. തന്റെ മുസ്ലിം പേര് ഗോപ്യമാക്കാന്‍ ഡ്രഗ് എന്‍‌ഫോഴ്‌സ്‌മെന്റിന്റെ ആവശ്യാര്‍ത്ഥമാണ് ‘ഡേവിഡ് കോള്‍‌മാന്‍ ഹെഡ്‌ലി’ എന്നാക്കി മാറ്റിയതെന്ന് ഗിലാനി പിന്നീട് പറഞ്ഞിരുന്നു. ഒറ്റ നോട്ടത്തില്‍ പാക്കിസ്ഥാനിയാണെന്ന് ആരും സംശയിക്കാത്ത രൂപസാദൃശ്യമായിരുന്നു ഗിലാനിയുടേത്. അതുകൊണ്ടുതന്നെ സംശയലേശമന്യേ ഒരു അമേരിക്കക്കാരനാണെന്നേ ആരും പറയൂ. ഇതാണ് ഇന്ത്യന്‍ കോണ്‍സുലേറ്റും തെറ്റിദ്ധരിക്കപ്പെട്ടത്.

കൂട്ടുപ്രതികളിലൊരാളെ മാപ്പു സാക്ഷിയാക്കി മറ്റു പ്രതികള്‍ക്കെതിരായി മൊഴി കൊടുപ്പിക്കാനും, കൂടുതല്‍ പ്രതികളെ പിടികൂടുവാനും അമേരിക്കന്‍ ഏജന്‍സികള്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ് ഹെഡ്‌ലിയിലും അവര്‍ പരീക്ഷിച്ചത്. അമേരിക്കന്‍ പേരുമായി അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ എവിടേയും സഞ്ചരിക്കാന്‍ ഹെഡ്‌ലിക്ക് കഴിഞ്ഞതും അതുകൊണ്ടാണ്. മുംബൈ സ്‌ഫോടനം നടത്തിയ ഭീകരര്‍ക്ക് കടല്‍ മാര്‍ഗം ഇന്ത്യയിലെത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഹെഡ്‌ലിയാണെന്ന് എഫ്.ബി.ഐ.യും അന്ന് സമ്മതിച്ചതാണ്.

Hedley and Tahavur Rana

Hedley and Tahavur Rana

മുംബൈ ആക്രമണത്തിനു ശേഷമാണ് അമേരിക്കന്‍ പൗരനായ ഹെഡ്‌ലി പലതവണ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും, മുംബൈ ടാജിലും അയാള്‍ താമസിച്ചിരുന്നു എന്നും, അയാള്‍ സി.ഐ.എ.യുടെ ചാരനായിരുന്നു എന്നുമുള്ള വിവരം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അറിയുന്നത്. ഹെഡ്‌ലി അമേരിക്കക്കാരനാണെന്ന വ്യാജേന ഇന്ത്യയുടെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നതായി ഐ.ബി., റോ എന്നിവര്‍ക്ക് വിവരം ലഭിച്ചിരുന്നു. സി.ഐ.എ.ക്കു വേണ്ടി ഇയാള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലും അനേക തവണ സന്ദര്‍ശനം നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഹെഡ്‌ലിയും അയാളുടെ കൂട്ടുകാരനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ ഹുസൈന്‍ റാണ എന്ന പാക്കിസ്ഥാനി വംശജനും ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ പ്രവര്‍ത്തകരാണെന്നും, അവര്‍ ഡല്‍ഹി, ലഖ്‌നൗ, ആഗ്ര, അഹമ്മദാബാദ്, മുംബൈ, പുനെ, കൊച്ചി എന്നിവിടങ്ങളില്‍ പല നാള്‍ താമസിച്ച് ഇന്ത്യയുടെ ആണവോര്‍ജ കേന്ദ്രങ്ങളും സൈനിക പരിശീലന കേന്ദ്രങ്ങളുമൊക്കെ തകര്‍ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു എന്നാണ് അന്ന് എഫ്.ബി.ഐ. കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. മുംബൈ ആക്രമണം കഴിഞ്ഞ് 2009-ല്‍ വീണ്ടും ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ പ്ലാന്‍ തയ്യാറാക്കുമ്പോഴാണ് ഹെഡ്‌ലിയെ എഫ്.ബി.ഐ. അറസ്റ്റു ചെയ്യുന്നത്.

മുംബൈ ഭീകരാക്രമണം കഴിഞ്ഞയുടനെ 24 മണിക്കൂറിനകം അമേരിക്കയുടെ എഫ്.ബി.ഐ.യും ഇസ്രയേലിന്റെ മൊസാദും ധൃതി പിടിച്ച് മുംബൈയിലെത്തുകയും, പിടിയിലായ അജ്മല്‍ കസബിനെ ചോദ്യം ചെയ്യുകയും ചെയ്തതായി അന്ന് വാര്‍ത്തകളുണ്ടായിരുന്നു, അതും ഇന്ത്യന്‍ അധികാരികള്‍ ചോദ്യം ചെയ്യുന്നതിനു മുന്‍പുതന്നെ ! അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരുടേയും പേരു വിവരങ്ങള്‍ അതാതു രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ അധികൃതര്‍ അമേരിക്കന്‍ അധികൃതര്‍ക്ക് കൈമാറണമെന്ന വ്യവസ്ഥ അന്ന് നിലവിലുണ്ടായിരുന്നു. അമേരിക്കയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആരെങ്കിലുമുണ്ടെങ്കില്‍, അവരുടെ പേരിനോട് സാദൃശ്യമുള്ള ഏതെങ്കിലും യാത്രക്കാരുണ്ടെങ്കില്‍, അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള സം‌വിധാനവും വിവിധ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. മമ്മൂട്ടിയും ഷാരുഖ് ഖാനുമൊക്കെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെയ്ക്കപ്പെട്ടത് അവരുടെ പേരുകള്‍ സാദൃശ്യമുള്ളതുകൊണ്ടായിരുന്നു എന്നാണ് അന്ന്ന്‍ എഫ്.ബി.ഐ. വിശദീകരണം നല്‍കിയത്. എന്നാല്‍, ഡേവിഡ് കോള്‍‌മാന്‍ ഹെഡ്‌ലി എന്ന ദാവൂദ് സെയ്‌ത് ഗിലാനിയുടെ പേരും ഇന്ത്യയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതാണത്രേ ! പക്ഷെ, പല തവണ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ അയാള്‍ പിടിക്കപ്പെടാതിരുന്നത് പാസ്‌പോര്‍ട്ടില്‍ അമേരിക്കന്‍ പേരും ജന്മസ്ഥലം വാഷിംഗ്ടണ്‍ ഡി.സി.യും ആയതുകൊണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

hedley passportഹെഡ്‌ലിയെ ചിക്കാഗോയില്‍ വെച്ച് അറസ്റ്റു ചെയ്തെങ്കിലും ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് വിട്ടുകൊടുക്കാന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. പകരം ഇന്ത്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അമേരിക്കയിലെത്തി ഹെഡ്‌ലിയെ ചോദ്യം ചെയ്യുകയായിരുന്നു, അതും എഫ്.ബി.ഐ.യുടെ സാന്നിധ്യത്തില്‍! അമേരിക്കയിലെ കോടതിയില്‍ കേസ് വിചാരണ നടത്തി ഹെഡ്‌ലിയെ ശിക്ഷിച്ചെങ്കിലും ഒരു ചോദ്യം മാത്രം ഇപ്പോഴും അവശേഷിക്കുന്നു. മുംബൈ ഭീകരാക്രമണത്തിനു ശേഷം 2009-ല്‍ ഹെഡ്‌ലി വീണ്ടും ഇന്ത്യയിലെത്തുകയായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ ? ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് ആരെ സം‌രക്ഷിക്കാനാണ്? തെറ്റിദ്ധാരണാജനകമായ ഇത്തരം റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി ആര് കണ്ടുപിടിക്കും? യഥാര്‍ത്ഥത്തില്‍ ആരാണ് മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍?

അടിക്കുറിപ്പ്: ഹെഡ്‌ലിയുടെ ആള്‍മാറാട്ടമാണ് ഇന്ത്യാ ഗവണ്മെന്റിനെ പ്രകോപിപ്പിച്ചതും, വിസാ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ നിയമങ്ങളും മറ്റു നിബന്ധനകളും കര്‍ശനമായി പ്രവാസികളായ ഇന്ത്യന്‍-അമേരിക്കന്‍ വംശജരില്‍ അടിച്ചേല്‍‌പിക്കാന്‍ പ്രേരിപ്പിച്ചതും.

heroes-t-nail

The Heroes…. who sacrificed their lives for the country


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ദുരൂഹതകള്‍ നിറഞ്ഞ മുംബൈ ഭീകരാക്രമണം; ആരാണ് യഥാര്‍ത്ഥ പ്രതികള്‍ ?”

 1. Joseph Padannamakkel says:

  2006-നവംബറില്‍ മുംബൈ നഗരത്തെ ഞെട്ടിച്ചുകൊണ്ട് പത്തു ലഷ്ക്കര്‍ ഭീകരര്‍ നടത്തിയ കൊലയാട്ടം ഭാരതീയരുടെ മനസ്സില്‍ ഇന്നും തളം കെട്ടി നില്പ്പുണ്ട്. വിദേശികളടക്കമുള്ള നൂറു കണക്കിനു ജനങ്ങളുടെ ജീവന്‍ കവര്‍ന്നെടുത്ത അന്നത്തെ ദുരന്തം ന്യൂയോര്‍ക്ക് ടൈംസ് വിശദമായി പ്രസിദ്ധികരിച്ചിരുന്നു. ടൈംസിലെ അന്നത്തെ റിപ്പോര്‍ട്ടിനെ ആധാരമാക്കിക്കൊണ്ട് ശ്രീ മൊയ്തീന്‍ പുത്തന്‍ചിറയെഴുതിയ ഈ ലേഖനം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതാണ്.

  പുത്തനായ കഥകളുമായി വന്ന വാര്‍ത്ത വായിക്കുമ്പോള്‍ ഇന്ത്യയുടെ ബ്യൂറോക്രസിയുദ്യോഗസ്ഥരുടെ വീഴ്ചവരുത്തലിന്റെ പേരില്‍ പല സംശയങ്ങളും വന്നു പോവുകയാണ്. ഒരു പ്രവാസി പുറംരാജ്യങ്ങളില്‍നിന്നു വിസായ്ക്കപേക്ഷിച്ചാല്‍ അയാള്‍ക്കു എല്ലാവിധ ദുരിതങ്ങളും നല്കാന്‍ ഇവിടെയുള്ള കാര്യാലയ ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍ വിരുതരാണ്. ഒരു അന്തര്‍ദേശീയ കുറ്റവാളിയായ ഡേവിഡ് കോള്‍മാനെന്ന അമേരിക്കന്‍ പാക്കിസ്ഥാനി ദേശിയ്ക്ക് ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ മള്‍ട്ടിപ്പിള്‍ വിസാ കൊടുക്കാന്‍ അന്നവര്‍ക്ക് സങ്കോജമുണ്ടായിരുന്നില്ല. മുംബൈ ഭീകരാക്രമണത്തില്‍ അയാളുടെ മാസ്റര്‍ പ്ലാന്‍ ചരിത്രം ഇന്ത്യന്‍ ചുവപ്പുനാടയില്‍ പൊതിഞ്ഞിരിക്കുകയാണോയെന്നും സംശയിക്കണം.

  ഇത്ര ഭീകരമായ ഒരു ആക്രമണം പാക്കിസ്ഥാനില്‍ നിന്നുണ്ടായിട്ടും പാക്കിസ്ഥാനോടുള്ള അമേരിക്കയുടെ നയങ്ങളില്‍ മാറ്റം വന്നിട്ടില്ലായെന്നതും വിസ്മയകരമാണ്. ഇറാനും ക്യൂബായും അമേരിക്കയുടെ ലിസ്റ്റിലെ ഭീകര രാഷ്ട്രങ്ങളാണെങ്കിലും പാക്കിസ്ഥാന്‍ ഇന്നും അവരുടെ സഖ്യരാഷ്ട്രമാണ്. മുംബൈയില്‍ ഏഴു അമേരിക്കക്കാര്‍ ഭീകരതയില്‍ മരിച്ച കാര്യവും ഈ രാജ്യം മുഖവിലയ്ക്കെടുത്തിട്ടില്ല. പാക്കിസ്ഥാനെന്ന ഭീകരരാഷ്ട്രത്തിന്റെ കൈവശം ന്യൂക്ലിയര്‍ ആയുധങ്ങളുമുണ്ട് . മാരകമായ അത്തരം ആയുധങ്ങള്‍ ഭീകരര്‍ക്ക് നല്കാന്‍ പാകിസ്ഥാന്‍ മടിക്കുകയുമില്ല. ഭീകരര്‍ പാക്കിസ്ഥാനില്‍ക്കൂടി മാരകായുധങ്ങളുമായി നൃത്തം ചെയ്തു നടന്നാലും പാകിസ്ഥാന്റെ നയങ്ങള്‍ ഒരിക്കലും മാറ്റാനും പോവുന്നില്ല. ലോകത്തില്‍ അമേരിക്കയ്ക്കു മാത്രമേ ആ ഭീകര രാഷ്ട്രത്തെ നിയന്ത്രിക്കാന്‍ സാധിക്കുള്ളൂ. അത് സംഭവിക്കാനും പോവുന്നില്ല.

  പാക്കിസ്ഥാനു സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ആ രാജ്യം പ്രശ്ന സങ്കീര്‍ണ്ണമാണ്. അവരുടെ ആദ്യത്തെ പ്രധാനമന്ത്രി ‘ലിയാഖാത്ത് ആലിഖാന്‍’ വെടിയുണ്ടകള്‍കൊണ്ടു മരിക്കേണ്ടി വന്നു. മിസ്റ്റര്‍ ഭൂട്ടോയെ തൂക്കി കൊന്നു. ബാനസീറിനെ വധിച്ചു. പ്രസിഡണ്ട് യാഹ്യാഖാനും സംശയാസ്പദമായി വിമാനാപകടത്തില്‍ മരിച്ചു. രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ അഴിമതികളില്‍ മുഴുകി പിന്നീട് പ്രവാസി രാജ്യത്തു ജീവിക്കുന്നതു കാണാം. ഇങ്ങനെ കുത്തഴിഞ്ഞ സാമ്പത്തികമായി തകര്‍ന്ന ഒരു രാജ്യം ജനാധിപത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ഇന്ത്യയുടെ പുരോഗതിയെ എങ്ങനെയും തകര്‍ക്കാന്‍ നോക്കും. ഇത്തരം അരാജകത്വം പിടിച്ച ഒരു ഭീകരരാജ്യമായുള്ള ചങ്ങാത്തം അമേരിക്കയ്ക്ക് ഗുണപ്രദമോയെന്നും വിലയിരുത്തണം.

  ഇന്ത്യാ, അമേരിക്കാ എന്ന മഹത്തായ രണ്ടു രാഷ്ട്രങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടും കുറ്റവാളികളെ കണ്ടു പിടിക്കാന്‍, അവരെ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ കുറ്റവാളികള്‍ അത്രയ്ക്ക് ശക്തരെന്നും കരുതണം. പരിഷ്കൃത രാജ്യങ്ങള്‍ക്കെല്ലാം പാക്കിസ്ഥാന്‍ ഒരു പോര്‍വിളിയായി തീര്‍ന്നിരിക്കുകയാണ്.. പാകിസ്ഥാനിലേക്ക് അമേരിക്ക അയക്കുന്ന സഹായങ്ങളും യുദ്ധസാമഗ്രികളും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പൗരന്മാരെ കുരുതി കഴിക്കാനും വേണ്ടിയെന്നുള്ള മറുവശവും അമേരിക്ക മറക്കുന്നു.

  മുംബൈ ഭീകരാക്രമണത്തെപ്പറ്റി അമേരിക്ക പല തവണ ഇന്ത്യക്ക് താക്കീതു നല്കിയിട്ടും ഇന്ത്യ ശ്രവിക്കാതെ പോയത് ഇന്ത്യയുടെ ഭാഗത്തുനിന്നു വന്ന ഗുരുതരമായ ക്രമക്കേടും പാളീച്ചകളും തന്നെയാണ്. . ഇത്തരമുള്ള ആക്രമണം മുന്നറിയുപ്പുണ്ടെങ്കില്‍ തന്നെയും അതിനു ചുമതലപ്പെട്ടവരായ ഇന്ത്യന്‍ ഏജന്‍സികള്‍ പണം, കോഴ എന്നിവകള്‍ കൈകളില്‍ കിട്ടിയാല്‍ കണ്ണടക്കാനും മടിക്കില്ല. അഴിമതിയില്ലാത്ത ഒരു പ്രസ്ഥാനവും ഇന്ത്യയിലില്ല. ഇന്ത്യയുടെ ബൌദ്ധിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായ ചിലരുടെ ലക്ഷ്യവും വിദേശപ്പണം കൊയ്യുകയെന്നതുമാണ്.

  ഭീകരാക്രമണം നടക്കുന്ന സമയങ്ങളില്‍ ഇന്ത്യയിലെ 1.2 ബില്ല്യന്‍ ജനങ്ങളില്‍ 170 മില്ല്യന്‍ മുസ്ലിമുകളെ ഇന്ത്യയിലെ മറ്റു മൗലിക മതഭ്രാന്തര്‍ ചൂണ്ടി കാണിക്കും. എന്നാല്‍ ഇന്ത്യക്കകത്തു ഭീകരരുടെ വിവിധ മേഖലകളിലുളള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭീകരരെ തന്നെ സാമൂഹിക, വര്‍ഗീയ, രാഷ്ട്രീയ, വര്‍ഗ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നവരായി വേര്‍തിരിക്കാന്‍ സാധിക്കും. മണ്ണിന്റെ മക്കളെന്ന കൂട്ടര്‍ മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്നു. അവിടെയാണ് ശിവ സേനയുടെ ആസ്ഥാനവും. മാവോയിസ്റ്റുകളും നക്സല്‍‌ബാരികളും , ഹിന്ദുത്വാ ഭീകര സംഘടനകളും ലഷ്‌ക്കര്‍ പോലെ പേടിക്കേണ്ടവരാണ്. അധികാരരാഷ്ട്രീയത്തില്‍ ചിലര്‍ക്ക് വര്‍ഗീയ ഭീകരസംഘടനകള്‍ ഇന്ന് സുരക്ഷിതരായി ഉയര്‍ന്ന ശ്രേണിയിലും സഞ്ചരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top