മോദിയുടെ പ്രസ്താവനയെ എതിര്‍ത്ത് ഘര്‍ വാപസി; അയോധ്യയില്‍ നാലായിരം മുസ്ലീങ്ങളെ ഹിന്ദുക്കളാക്കുമെന്ന് ഹിന്ദു പരിഷത്ത്

PJ8-33

ലഖ്‌നൊ: ഘര്‍ വാപസി നിര്‍ത്തലാക്കിയിട്ടില്ലെന്നും വിവാദ ഭൂമിയായ അയോധ്യയില്‍ 4000 മുസ്ലീം വിശ്വാസികളെ ഹിന്ദുക്കളാക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് രാം വിലാസ് വേദാന്തി. രാജ്യത്ത് മതപരിവര്‍ത്തനം വര്‍ധിച്ച സാഹചര്യത്തില്‍ ഏറെ വിവാദം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഘര്‍ വാപസി തല്‍ക്കാലം നിര്‍ത്തിവെച്ചതായി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ അറിയിച്ചിരുന്നു.

എന്നാല്‍ വാര്‍ത്ത പാടെ നിഷേധിച്ചുകൊണ്ടാണ് രാം വിലാസ് വേദാന്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫയിസാബാദ്, അംബേദ്കര്‍ നഗര്‍, ഗോണ്ട, ബഹ്‌റച, സുല്‍ത്താന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം കുടുംബങ്ങളെ മതംമാറ്റുമെന്നാണ് വേദാന്തി പറയുന്നത്.അതേസമയം ഇവരുടെ കുടുംബത്തെ കുറിച്ച് വെളിപ്പെടുത്താന്‍ വേദാന്തി തയ്യാറായില്ല.

വേദാന്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ മതമൈത്രി തകര്‍ക്കാനാണ് വേദാന്തി ശ്രമിക്കുന്നതെന്നും ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മുസ്ലീം ലീഗ് നേതാവ് നജ്മുല്‍ ഹസന്‍ ഘാനി പറഞ്ഞു.

അതേസമയം, വര്‍ഗീയ വിദ്വേഷം ഉണ്ടായാല്‍ ശക്തമായി നേരിടുമെന്ന് ഫയിസാബാദ് ഡിഐജി സഞ്ജയ് കക്കര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വാദ്ഗാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് വിഎച്ച്പി ഘര്‍ വാപസി നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇതിനു വേണ്ടി ചെലവഴിക്കുന്നതായും തെളിഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment